ലക്ഷ്യ സെൻ
ടോക്യോ: ജപ്പാൻ മാസ്റ്റേഴ്സ് സൂപ്പർ-500 ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഫൈനലിൽ ജപ്പാൻ താരം കോകി വതൻബെയെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ട് ഗെയിമുകൾ സ്വന്തമാക്കിയാണ് ലക്ഷ്യയുടെ കിരീടനേട്ടം. ഇതോടെ ജപ്പാൻ മാസ്റ്റേഴ്സ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി ലക്ഷ്യ സെൻ.
തുടക്കത്തിൽ ജപ്പാൻ താരം കോകി വതൻബെയാണ് മുന്നിട്ടുനിന്നത്. ആദ്യ ഗെയിമിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വതൻബെ ലക്ഷ്യാസെന്നിനെ മറികടന്നു. അതോടെ ജപ്പാൻ താരം ആദ്യ ഗെയിം സ്വന്തമാക്കുകയും ചെയ്തു. 21-13 നാണ് വതൻബെ ആദ്യ ഗെയിം നേടിയത്. എന്നാൽ രണ്ടാം ഗെയിമിൽ ലക്ഷ്യ സെൻ ശക്തമായി തിരിച്ചുവന്നു. 21-18 എന്ന സ്കോറിന് രണ്ടാം ഗെയിം സ്വന്തമാക്കി.
അതോടെ മത്സരം മൂന്നാം ഗെയിമിലേക്ക് നീണ്ടു. മൂന്നാം ഗെയിമിൽ ഇരുതാരങ്ങളും വിട്ടുകൊടുക്കാതെ പോരടിച്ചു. ഒരു ഘട്ടത്തിൽ 5-5 എന്ന നിലയിലായിരുന്നു സ്കോർ നില. എന്നാൽ പിന്നീടങ്ങോട്ട് ശ്രദ്ധയോടെ റാക്കറ്റേന്തിയ ലക്ഷ്യാസെൻ ജപ്പാൻ താരത്തിനെതിരേ ആധിപത്യം പുലർത്തി. വൻ ലീഡോടെ മൂന്നാം ഗെയിമിൽ ലക്ഷ്യാസെൻ മുന്നേറി. പിന്നാലെ 21-14 എന്ന സ്കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി.
Tags : Japan Masters Lakshya Sen badminton match wins title