ലളിത് മോദി ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്നു.
ലണ്ടൻ: ഐപിഎൽ മുൻ ചെയർമാനും സ്ഥാപകനുമായ ലളിത് മോദി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ട് 16 വർഷത്തിനുശേഷമാണ് അദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചത്. ഓക്സ്ഫോർഡിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ലളിത് മോദി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ സമൂഹമാധ്യമമായ എക്സിലൂടെയും വിവരം പങ്കുവെച്ചു.
വർഷങ്ങളായി യുകെയാണ് തന്റെ വീടെന്നും അവിടുത്തെ ജനങ്ങളെയും ഭരണഘടനയെയും മൂല്യങ്ങളെയും ആഴത്തിൽ ബഹുമാനിക്കുന്നുവെന്നും ലളിത് മോദി കുറിച്ചു. ഗോഡ് സേവ് ദി കിംഗ് എന്ന വാചകത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓക്സ്ഫോർഡിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പൗരത്വം സംബന്ധിച്ച പ്രഖ്യാപനം.
ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും ഉയർന്നതിനെത്തുടർന്ന് 2010-ലാണ് ലളിത് മോദി ഇന്ത്യ വിട്ട് ലണ്ടനിലേക്ക് പോയത്. പിന്നീട് ബിസിസിഐ അദ്ദേഹത്തെ ആജീവനാന്തം വിലക്കിയിരുന്നു. അന്നുമുതൽ ലണ്ടനിലാണ് അദ്ദേഹം താമസിക്കുന്നത്. നേരത്തെ ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ വനുവാട്ടുവിന്റെ പൗരത്വം നേടാനും ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യാനും ലളിത് മോദി ശ്രമിച്ചിരുന്നു.
എന്നാൽ ഈ നീക്കങ്ങൾ വിജയിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ഇപ്പോൾ ബ്രിട്ടീഷ് പൗരത്വം ലഭിച്ചെന്ന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്നും വിദേശനാണ്യ വിനിമയ ചട്ടമായ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്.
Tags : FormerIPLChairman LalitModi BritishCitizenship IPLCreator London Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash