NRI
ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം യുകെയിൽ നിയമപരമായി താമസിക്കാനുള്ള പദവി നേടിയെടുക്കാൻ വേണ്ടി വ്യാജ വിവാഹ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ വൻ കുടിയേറ്റ തട്ടിപ്പ് സംഘത്തെ ബ്രിട്ടീഷ് ഇമിഗ്രേഷൻ വിഭാഗം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ പുലർച്ചെ റെയ്ഡുകൾക്കൊടുവിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറുവർഷമായി അതീവ രഹസ്യമായി പ്രവർത്തിച്ചുവരുന്ന വൻതോതിലുള്ള അന്താരാഷ്ട്ര തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോം ഓഫീസിന്റെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം നടത്തിയത്.
ഇംഗ്ലണ്ടിലെ ഡോൺകാസ്റ്റർ, നോർമന്റൺ, ലിങ്കൺ, ലിവർപൂൾ, നോർത്താംപ്ടൺഷയർ, ഷെഫീൽഡ്, വെസ്റ്റ് മിഡ്ലാൻഡ്സ് എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായ റെയ്ഡുകൾ നടന്നത്. ഇതിൽ വെസ്റ്റ് ബ്രോംവിച്ചിൽ നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
തട്ടിപ്പ് രീതി: അൽബേനിയൻ സ്വദേശികൾക്ക് വ്യാജ "സൈപ്രസ്' വിവാഹം
ബ്രെക്സിറ്റിന് ശേഷം യുകെയിൽ തുടരാൻ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിയമപരമായ താമസ പദവി ലഭ്യമാക്കാൻ രൂപീകരിച്ച യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്റ് സ്കീമിനെ ദുരുപയോഗം ചെയ്താണ് ഈ സംഘം തട്ടിപ്പ് നടത്തിയത്.
യൂറോപ്യൻ യൂണിയൻ പൗരന്മാരും യൂറോപ്യൻ യൂണിയന് പുറത്തുള്ള പൗരന്മാരും തമ്മിൽ വിവാഹം കഴിഞ്ഞതായി വ്യാജ രേഖകൾ സൃഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി.
ഇത്തരത്തിൽ വ്യാജമായി നിർമിച്ച സൈപ്രസ് വിവാഹ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പ്രധാനമായും അൽബേനിയൻ കുടിയേറ്റക്കാർക്ക് യാതൊരു നിയമപരമായ അവകാശവുമില്ലാതെ യുകെയിൽ താമസിക്കാനുള്ള വിസ ഒപ്പിച്ചു നൽകിയതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
യഥാർഥ വൈവാഹിക ബന്ധമാണെന്ന് കേസ് പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാൻ അതീവ സങ്കീർണമായ വ്യാജരേഖകളാണ് ഇവർ ചമച്ചിരുന്നത്.
കടുത്ത നടപടിയുമായി ഹോം ഓഫീസ്
2020 മുതൽ ആരംഭിച്ച ഈ ദുരുപയോഗം വളരെ സങ്കീർണ്ണവും അതീവ ആസൂത്രിതവുമാണ്. അതുകൊണ്ടുതന്നെ തെളിവുകൾ ശേഖരിക്കാനും രഹസ്യവിവരങ്ങൾ ഉറപ്പാക്കാനും ഞങ്ങൾക്ക് ദീർഘകാല അന്വേഷണം നടത്തേണ്ടി വന്നു.
നിയമങ്ങളെ വെട്ടിച്ച് മുന്നേറാമെന്ന് കരുതിയ സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് ഈ അറസ്റ്റ് വലിയൊരു തിരിച്ചടിയാണെന്നാണ് ഹോം ഓഫീസിലെ ഇമിഗ്രേഷൻ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ആൻഡ്രൂ റാഡ്ക്ലിഫ് പറഞ്ഞത്.
എന്താണ് ഇയു സെറ്റിൽമെന്റ് സ്കീം?
ഇയു സെറ്റിൽമെന്റ് സ്കീം (EUSS) പ്രകാരം 2020 ഡിസംബർ 31നു മുമ്പ് യുകെയിൽ താമസിച്ചിരുന്ന യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA), സ്വിറ്റ്സർലാൻഡ് പൗരന്മാരായ ആളുകൾക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കും യുകെയിൽ തുടരാൻ പ്രീ-സെറ്റിൽഡ് അല്ലെങ്കിൽ സെറ്റിൽഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാം.
നിലവിൽ ഏകദേശം 58 ലക്ഷം ആളുകൾ ഈ പദ്ധതി പ്രകാരം യുകെയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ബ്രെക്സിറ്റിന് മുൻപ് യുകെയിൽ ജീവിതം കെട്ടിപ്പടുത്ത യൂറോപ്യൻ അയൽക്കാരെ സഹായിക്കാൻ രൂപീകരിച്ച പദ്ധതിയെ, പിൻവാതിലിലൂടെയുള്ള നിയമവിരുദ്ധ കുടിയേറ്റത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്ന സംഘങ്ങളെ സർക്കാർ കർശനമായി നേരിടുമെന്ന് കുടിയേറ്റ-പൗരത്വ മന്ത്രി മൈക്ക് ടാപ്പ് വ്യക്തമാക്കി.
വ്യാജ രേഖകൾ സമർപ്പിച്ച് വീസ നേടിയ ആളുകളെ കണ്ടെത്തി രാജ്യം കടത്താനുള്ള നടപടികളും ഹോം ഓഫീസ് ആരംഭിച്ചിട്ടുണ്ട്.
NRI
ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടൻ സെന്റ ആന്റണീസ് മിഷന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും.
തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും പ്രദക്ഷിണവും നടക്കും. ഈസ്റ്റ് ലണ്ടൻ മലങ്കര മിഷൻ വികാരി റവ.ഫാ. ചെറിയാൻ ജോൺ കോട്ടയിൽ മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് ആദ്യഫല ലേലവും സമൂഹ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
മിഷൻ ട്രസ്റ്റി ബിനോജ് ജോൺ, സെക്രട്ടറി ഷിജു കൊച്ചുതുണ്ടിയിൽ, നാഷണൽ കൗൺസിൽ അംഗങ്ങളായ എബ്രഹാം ചാണ്ടി, പ്രിൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ആത്മീയതയും കൂട്ടായ്മയും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായി തിരുനാൾ മാറുമെന്ന് മിഷൻ ഭാരവാഹികൾ പറഞ്ഞു.
അഡ്രസ്: Everest Road, TW19 7EE, West London.
കൂടുതൽ വിവരങ്ങൾക്ക്: ഫാ.ജോർജ് വലിയപറമ്പിൽ - +44 7907 609295.
NRI
ലണ്ടന്: യുകെയില് ഇന്ത്യന് വംശജന് കുത്തേറ്റു മരിച്ചു. ഗുര്ഭേജ് സിംഗ് (26) ആണു മരിച്ചത്.
വെസ്റ്റ് ലണ്ടനിലെ സൗത്താളില് ശനിയാഴ്ചയായിരുന്നു ആക്രമണം. ഒരാള്ക്കു പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുപതിനും മുപ്പതിനും ഇടയില് പ്രായമുള്ള ഏഴു പേര് അറസ്റ്റിലായെങ്കിലും ആറു പേരെ വിട്ടയച്ചു. ഒരാള്ക്ക് ജാമ്യം നല്കി.
International
ലണ്ടൻ: യുകെയിൽ കത്തിയാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഗുർഭേജ് സിംഗ്(26) ആണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിലെ ഡോർമേഴ്സ് വെൽസ് ലെയ്ൻ ജംഗ്ഷനു സമീപമുള്ള നോർത്ത് റോഡിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 20 നും 30 വയസിനും ഇടയിൽ പ്രായമുള്ള ഏഴ് പേരെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം, ആറ് പേരെ വിട്ടയച്ചു, അതേസമയം ഒരാൾക്ക് ജാമ്യം ലഭിച്ചു.
NRI
ലണ്ടൻ: എട്ടാമത് യുക്മ കേരളപൂരം വള്ളംകളി 2026ന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ ആരംഭിച്ചതായി യുക്മ ഭാരവാഹികൾ അറിയിച്ചു. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തയാറെടുപ്പുകൾ പുരോഗമിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വള്ളംകളിയുമായി ബന്ധപ്പെട്ട മറ്റ് അണിയറ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് നീങ്ങുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഓഗസ്റ്റ് 15ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വച്ചാണ് യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കായിക മാമാങ്കമായ യുക്മ വള്ളംകളി അരങ്ങേറുന്നത്.
ഇത്തവണത്തെ കേരളപൂരം വള്ളംകളിയുടെ ഔദ്യോഗിക ബീവറേജ് പാർട്ട്ണറായി സഹകരിക്കുന്നത് ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയ ഇന്ത്യൻ അറാക്ക് വാറ്റായ ‘മണവാട്ടി’ ആണ്.
കൊച്ചി കടവന്ത്ര സ്വദേശിയായ ജോൺ സേവ്യർ യുകെയിൽ സ്ഥാപിച്ച 'ലണ്ടൻ ബാരൺ' എന്ന കമ്പനിയാണ് മണവാട്ടി നിർമിക്കുന്നത്.
യുക്മ ദേശീയ ഭാരവാഹികളായ വർഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, വള്ളംകളി രജിസ്ട്രേഷൻ ചുമതല വഹിക്കുന്ന ജോർജ് തോമസ് എന്നിവരും വിവിധ ദേശീയ സമിതിയംഗങ്ങളും ചേർന്നാണ് വള്ളംകളി മഹോത്സവത്തിന്റെ വിപുലമായ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. എബി സെബാസ്റ്റ്യൻ (പ്രസിഡന്റ്) - 07702862186, ജയകുമാർ നായർ (ജനറൽ സെക്രട്ടറി) - 07403223066.
National
ന്യൂഡൽഹി: ലണ്ടനിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പ്രഭാഷണം തടസപ്പെടുത്താൻ ഒരുകൂട്ടം വിദ്യാർഥികളുടെ ശ്രമം. പ്രഭാഷണത്തിനിടെ പാറ്റാ പരാമർശം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിനോട് വിദ്യാർഥികൾ ചോദ്യം ചോദിച്ചത്. ഇതോടെ ചോദ്യോത്തരവേള ഇടയ്ക്കുവച്ച് നിർത്തുകയായിരുന്നു.
അതേസമയം, വിദ്യാർഥികളുടെ നടപടി അപമര്യാദയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വിമർശിച്ചു. കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ പ്രതിഷേധം ഇന്ന് ഇന്ത്യയിൽ നടക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം ഉണ്ടായത്.
ഇന്നലെ ലണ്ടൻ സർവകലാശാലയിലെ കോളജിൽ കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിയമങ്ങൾ എന്ന വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രഭാഷണം നടത്തിയത്. ഇത് കേൾക്കാനെത്തിയ വിദ്യാർഥികളാണ് ചോദ്യം ചോദിച്ചത്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ടുള്ളതല്ല ചോദ്യമെന്ന് ചൂണ്ടിക്കാട്ടി അവതാരക മറുപടി നൽകാനാവില്ലെന്ന് പറയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കോക്രോച്ച് പാർട്ടി, പാറ്റാ പരാമർശം എന്നിവ ഉന്നയിച്ചുകൊണ്ട് വിദ്യാർഥികൾ രംഗത്തെത്തിയത്. ഇത് ചെറിയ വാക്കുതർക്കത്തിന് കാരണമായി. എന്നാൽ ചീഫ് ജസ്റ്റിസ് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വേദിവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിജെപി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. വിഷയം ചർച്ചയായതോടെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. നടപടി അപമര്യാദയാണെന്ന് ഹൈക്കമ്മീഷൻ പ്രതികരിച്ചു. അതേസമയം, ജസ്റ്റീസ് സൂര്യകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.
NRI
ലണ്ടൻ: യുകെയിലെ പൊതുരംഗത്തും ഭരണതലത്തിലും മലയാളി സാന്നിധ്യം വീണ്ടും സജീവമാകുന്നു. ബ്രിട്ടനിലെ പ്രമുഖ പ്രാദേശിക ഭരണകൂടമായ ഹാർട്ട്ലിപൂൾ ബറോ കൗൺസിലിന്റെ പുതിയ ഹെൽത്ത് ആൻഡ് വെൽബീയിംഗ് ബോർഡ് ചെയർമാനായി മലയാളി കൗൺസിലർ ആരോൺ റോയിയെ തെരഞ്ഞെടുത്തു.
കൗൺസിലിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ സുപ്രധാന പദവിയിലേക്ക് അദ്ദേഹം നിയമിതനായത്. ഹാർട്ട്ലിപൂൾ കൗൺസിലിലെ ആദ്യത്തെ അവിഭക്ത (BAME) കൗൺസിലർ കൂടിയാണ് ആരോൺ റോയ്.
കേരളത്തിൽ നിന്നും പത്ത് വർഷം മുൻപ് യുകെയിലെത്തുകയും കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ ഉൾപ്പെടെ നാഷണൽ ഹെൽത്ത് സർവീസിൽ രജിസ്റ്റേർഡ് നഴ്സായും പിന്നീട് കെയർ ക്വാളിറ്റി കമ്മീഷൻ രജിസ്റ്റേർഡ് മാനേജറായും സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ ആരോഗ്യമേഖലയിലെ ദീർഘകാല പ്രവർത്തനപരിചയം ഈ പദവിക്ക് കൂടുതൽ കരുത്താകും.
കൗൺസിലിലെ പുതിയ ഭരണക്രമീകരണങ്ങളുടെ ഭാഗമായി ഹെൽത്ത് ബോർഡ് ചെയർമാൻ പദവിക്ക് പുറമെ, കൗൺസിലിന്റെ ഹൗസിങ്, ഗ്രോത്ത് ആൻഡ് കമ്മ്യൂണിറ്റീസ് കമ്മിറ്റിയുടെ വൈസ് ചെയർമാനായും ആരോൺ റോയിയെ നിയോഗിച്ചിട്ടുണ്ട്.
പ്രാദേശിക വികസനത്തിലും കായിക രംഗത്തും ശക്തമായ പ്രാതിനിധ്യം
പാർട്ടി രാഷ്ട്രീയത്തിലെ സമീപകാല പ്രതിസന്ധികൾക്കിടയിലും കൗൺസിലിന്റെ വിവിധ ജനക്ഷേമ സമിതികളിൽ ലഭിച്ച ഈ സുപ്രധാന നിയമനങ്ങൾ യുകെ മലയാളി സമൂഹത്തിന് ഒന്നടങ്കം വലിയ അഭിമാനമാണ് നൽകുന്നത്.
2024-ൽ ഹാർട്ട് വാർഡിൽ നിന്നും ലേബർ പാർട്ടി ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട ആരോൺ റോയിക്ക് 2028 വരെ കൗൺസിലർ പദവിയിൽ കാലാവധിയുണ്ട്. അടുത്തിടെ ചില രാഷ്ട്രീയ മാറ്റങ്ങൾക്കൊടുവിൽ അദ്ദേഹം നിലവിൽ പൂർണ്ണ സ്വതന്ത്രനായാണ് കൗൺസിലിൽ തുടരുന്നത്.
മേഖലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലും ഭരണസമിതികളിലും നിലവിൽ ആരോൺ റോയിക്ക് ശക്തമായ പ്രാതിനിധ്യമുണ്ട്. നിലവിൽ, ടീസൈഡ് ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ & ബോർഡ് അംഗം.
നോർത്ത് ടീസ് ആൻഡ് ഹാർട്ട്ലിപൂൾ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, ടീസ് എസ്ക് ആൻഡ് വെയർ വാലീസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഗവർണർ. നോർത്ത് ഈസ്റ്റ് കൾച്ചർ പാർട്ണർഷിപ്പ് ബോർഡ്, ഹാർട്ട്ലിപൂൾ ആൻഡ് ഡിസ്ട്രിക്റ്റ് സ്പോർട്സ് കൗൺസിൽ, നോർത്ത് ഈസ്റ്റ് റീജിയണൽ എംപ്ലോയേഴ്സ് ഓർഗനൈസേഷൻ (NEREO) അംഗമായും പ്രവർത്തിക്കുന്നു.
കബഡിയിലൂടെ പ്രവാസി സമൂഹത്തെ ഒന്നിപ്പിച്ചു
ഭരണപരമായ കാര്യങ്ങൾക്ക് പുറമെ കായിക രംഗത്തിലൂടെ യുകെയിലെ പ്രവാസി യുവാക്കളെയും വിദ്യാർത്ഥികളെയും ഒന്നിപ്പിക്കുന്നതിൽ ആരോൺ റോയ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
അദ്ദേഹം സ്ഥാപിച്ച ‘മാരിനർസ് യുണൈറ്റഡ് സ്പോർടിംഗ് ക്ലബ്' (Mariners United Sporting Club CIC) വഴി യുകെയിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയ്ൽസ് ദേശീയ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ‘ട്രൈ-നേഷൻസ് കബഡി കപ്പ്’ വിജയകരമായി സംഘടിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടർന്ന് സീറ്റൺ കര്യൂവിൽ നടന്ന ആദ്യ നാഷണൽ ബീച്ച് കബഡി ചാമ്പ്യൻഷിപ്പിന് പിന്നിലും ഇദ്ദേഹത്തിന്റെ നേതൃത്വമുണ്ടായിരുന്നു. കൗൺസിലർ പദവിയിലൂടെ പ്രാദേശിക വികസനത്തിലും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ഇനി വലിയ ഉത്തരവാദിത്തങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
NRI
ലണ്ടൻ: യുകെയിലെ കംബ്രിയയിലുള്ള പ്രശസ്തമായ "ഹോളി ട്രിനിറ്റി കെൻഡൽ പാരീഷ്' പള്ളിപ്പറമ്പിൽ നിന്ന് കണ്ടെത്തിയ 900 വർഷത്തോളം പഴക്കമുള്ള 66 മനുഷ്യരുടെ അസ്ഥികൂട അവശിഷ്ടങ്ങൾ പൂർണമായ ആദരവോടെ വീണ്ടും അടക്കം ചെയ്യുന്നു.
2022-ൽ പരിസ്ഥിതി ഏജൻസി പ്രദേശത്ത് നടത്തിയ വെള്ളപ്പൊക്ക പ്രതിരോധ നിർമാണ പ്രവർത്തനങ്ങൾക്കിടയിലാണ് ഈ മധ്യകാല അവശിഷ്ടങ്ങൾ അപ്രതീക്ഷിതമായി കണ്ടെത്തിയത്.
കണ്ടെത്തിയവരിൽ ഒരു മധ്യവയസ്കയായ സ്ത്രീയുടെ തലയോട്ടി കൃത്യമായി സംരക്ഷിക്കപ്പെട്ടിരുന്നതിനാൽ ശാസ്ത്രജ്ഞർ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ അവരുടെ മുഖരൂപം ഡിജിറ്റലായി പുനർനിർമിച്ചിരുന്നു.
ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി. ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ "ഫേസ് ലാബ്' ശാസ്ത്രജ്ഞരാണ് സ്ത്രീയുടെ മുഖം പുനർനിർമിച്ചത്.
നീലക്കണ്ണുകളും തലയിൽ ഇരുണ്ട ടർബനും ധരിച്ച ഈ മധ്യകാല സ്ത്രീയുടെ ചിത്രം ചരിത്രപ്രേമികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
NRI
ലണ്ടൻ: ലോകം ചുറ്റിയുള്ള മോട്ടോർ സൈക്കിൾ യാത്രയ്ക്കിടെ ചാരക്കുറ്റം ചുമത്തി ഇറാൻ ഭരണകൂടം തടവിലാക്കിയ ബ്രിട്ടീഷ് ദമ്പതികൾ ജയിലിനുള്ളിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി കുടുംബാംഗങ്ങൾ.
ഈസ്റ്റ് സസെക്സ് സ്വദേശികളായ ക്രെയ്ഗ് ഫോർമാൻ, ലിൻഡ്സെ ഫോർമാൻ (53) എന്നിവരാണ് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും അടിയന്തിര മോചനം ആവശ്യപ്പെട്ടും ടെഹ്റാനിലെ അതീവ സുരക്ഷാ ജയിലായ എവിന്റെ ഉള്ളിൽ ജീവൻമരണ പോരാട്ടം നടത്തുന്നത്.
ഇരുവരുടെയും തടങ്കൽ 500 ദിവസം പിന്നിടുന്ന പശ്ചാത്തലത്തിൽ യുകെയിൽ ഇവർക്കായി അന്താരാഷ്ട്ര തലത്തിൽ വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് പ്രവാസി മലയാളി സമൂഹമുൾപ്പെടെയുള്ള പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിച്ചിരിക്കുന്നത്.
ലോകസഞ്ചാരത്തിനിടെ അപ്രതീക്ഷിത അറസ്റ്റ്; പത്ത് വർഷം തടവ്
സാഹസിക ബൈക്ക് യാത്രക്കാരായ ക്രെയ്ഗ് ഫോർമാനും ലിൻഡ്സെ ഫോർമാനും തങ്ങളുടെ ആഗോള മോട്ടോർ സൈക്കിൾ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇറാനിൽ പ്രവേശിച്ചത്.
എന്നാൽ അതിർത്തി കടന്ന് യാത്ര തുടരുന്നതിനിടെ ഇറാൻ സുരക്ഷാ സേന ഇവരെ തടഞ്ഞുവയ്ക്കുകയും ചാരപ്രവർത്തനം നടത്തി എന്ന ഗുരുതരമായ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ കോടതി ഇരുവർക്കും പത്ത് വർഷം വീതം കഠിനതടവ് വിധിച്ചു.
തങ്ങൾ കേവലം വിനോദസഞ്ചാരികൾ മാത്രമാണെന്നും യാതൊരുവിധ കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും ദമ്പതികൾ ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും ഇറാൻ ഭരണകൂടം ഇത് ചെവിക്കൊണ്ടിട്ടില്ല.
പാശ്ചാത്യ രാജ്യങ്ങളുമായി രാഷ്ട്രീയ ചർച്ചകൾ നടത്തുമ്പോൾ സമ്മർദ്ദതന്ത്രമായി ഉപയോഗിക്കാൻ വിദേശ പൗരന്മാരെ ബന്ദികളാക്കുന്ന ഇറാന്റെ പതിവ് ശൈലിയുടെ ഇരകളാണ് ഇവരെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
ഫോൺ ബന്ധം വിച്ഛേദിച്ചു; ജയിലിനുള്ളിൽ നിരാഹാരം
മേയ് ആദ്യവാരത്തോടെ ജയിലിനുള്ളിൽ നിന്ന് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ദമ്പതികളുടെ ഫോൺ സൗകര്യം ഇറാൻ അധികൃതർ പൂർണ്ണമായി വിച്ഛേദിച്ചതോടെയാണ് പ്രതിഷേധ സൂചകമായി ഇവർ നിരാഹാരം ആരംഭിച്ചത്. ക്രെയ്ഗ് ഫോർമാൻ നിലവിൽ നിരാഹാര സമരം തുടങ്ങി 12 ദിവസങ്ങൾ പിന്നിട്ടതായാണ് വിവരം.
കുടുംബവുമായി ബന്ധപ്പെടാൻ അനുവദിക്കാമെന്ന ജയിൽ അധികൃതരുടെ ഉറപ്പിന്മേൽ ലിൻഡ്സെ ഫോർമാൻ കുറച്ചുദിവസം നിരാഹാരം നിർത്തിവെച്ചിരുന്നുവെങ്കിലും, വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ ഇവർ വീണ്ടും സമരം പുനരാരംഭിക്കുകയായിരുന്നു.
ഇരുവരുടെയും ആരോഗ്യനില അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഇതൊരു വലിയ 'മെഡിക്കൽ എമർജൻസി'യിലേക്ക് നീങ്ങുകയാണെന്നും ലിൻഡ്സെയുടെ മകൻ ജോ ബെന്നറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
"ഞങ്ങൾ ഇവിടെ വലിയൊരു കാലഘട്ടം ജീവിച്ചുതീർക്കേണ്ടി വരുമെന്ന് തോന്നുന്നു. ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായ മനുഷ്യരാണ് ഞങ്ങൾ. ഇവിടെ കിടന്ന് ഞങ്ങളുടെ ജീവിതം പാഴാക്കി കളയുകയാണ്, ഞങ്ങൾ ജയിലിനുള്ളിൽ കിടന്ന് ജീർണ്ണിച്ചു തീരുകയാണ്.' ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുന്നതിന് മുൻപ് മാധ്യമപ്രതിനിധികളോട് ജയിലിനുള്ളിൽ നിന്ന് ക്രെയ്ഗ് പറഞ്ഞു.
ബൈക്ക് റാലി
ദമ്പതികളുടെ തടങ്കൽ 500 ദിവസം പൂർത്തിയാകുന്ന ബുധനാഴ്ച യുകെയിലെ സാഹസിക മോട്ടോർ സൈക്കിൾ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കെൻസിംഗ്ടൺ കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച് പാർലമെന്റ് സ്ക്വയർ വരെ നീണ്ട റാലിയിൽ നൂറുകണക്കിന് ബൈക്ക് യാത്രികരും മനുഷ്യാവകാശ പ്രവർത്തകരും പങ്കെടുത്തു.
ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളും പ്രമുഖ പ്രവാസി മലയാളി സംഘടനകളുടെ പ്രതിനിധികളും ദമ്പതികളുടെ ബന്ധുക്കളും ചേർന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിലെത്തി അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ഒപ്പുശേഖരിച്ച നിവേദനം സമർപ്പിച്ചു.
"ബ്രിട്ടീഷ് രാഷ്ട്രീയം സ്വന്തം പ്രതിസന്ധി തീർക്കട്ടെ, എന്റെ അമ്മയ്ക്ക് കാത്തിരിക്കാനാകില്ലെന്ന്' യുകെയിലെ ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങളിൽ അമർഷം രേഖപ്പെടുത്തിക്കൊണ്ട് ലിൻഡ്സെയുടെ മകൻ ജോ ബെന്നറ്റ് വിദേശകാര്യ മന്ത്രാലയത്തിനെതിരെ രംഗത്തെത്തി.
ബ്രിട്ടീഷ് രാഷ്ട്രീയം അതിന്റെ അസാധാരണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് എനിക്കറിയാം. പക്ഷേ വെസ്റ്റ്മിൻസ്റ്ററിലെ നേതാക്കൾ അവരുടെ ആഭ്യന്തര പ്രതിസന്ധികൾ പരിഹരിക്കുന്നത് വരെ കാത്തുനിൽക്കാൻ എന്റെ അമ്മയ്ക്കും ക്രെയ്ഗിനും കഴിയില്ല.
വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പർ വ്യക്തിപരമായി തന്നെ ഈ വിഷയത്തിൽ ഉടനടി ഇടപെടണം. ഇതിൽ കാലതാമസം വരുത്തരുത്. രണ്ട് മനുഷ്യജീവനുകളാണ് അവിടെ പണയപ്പെട്ടിരിക്കുന്നത്, ജോ ബെന്നറ്റ് പറഞ്ഞു.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്
നേരത്തെ ഏപ്രിൽ മാസത്തിൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ വിദേശകാര്യ മന്ത്രാലയ മന്ത്രി ഹാമിഷ് ഫാൽക്കണർ, ക്രെയ്ഗിനെയും ലിൻഡ്സെയെയും "നിരപരാധികളായ വിനോദസഞ്ചാരികൾ' എന്ന് വിശേഷിപ്പിക്കുകയും അവർക്കെതിരെയുള്ള ഇറാന്റെ നടപടി തികഞ്ഞ അനീതിയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഇറാൻ ഭരണകൂടത്തിന്റെ ഈ തടങ്കൽ നടപടി അങ്ങേയറ്റം ക്രൂരവും നീതീകരിക്കാനാവാത്തതുമാണെന്ന് വ്യക്തമാക്കിയ ബ്രിട്ടീഷ് ഫോറിൻ ഓഫീസ്, ദമ്പതികളെ സുരക്ഷിതമായി യുകെയിൽ തിരിച്ചെത്തിക്കുന്നതിനായി നയതന്ത്രതലത്തിലുള്ള സമ്മർദങ്ങൾ ശക്തമായി തുടരുമെന്ന് വ്യക്തമാക്കി.
NRI
ലണ്ടൻ: യുകെയിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ ടെർമിനൽ അഞ്ചിൽ ഉണ്ടായ ലഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളുടെ സാങ്കേതിക തകരാർ വലിയ അന്താരാഷ്ട്ര പ്രതിസന്ധിയായി മാറുന്നു.
തകരാറിനെ തുടർന്ന് ഇരുപതിനായിരത്തോളം യാത്രാബാഗുകളാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഈ കനത്ത വീഴ്ച മൂലം തങ്ങൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടത്തിനും പേരിനേറ്റ കളങ്കത്തിനും പകരമായി പ്രമുഖ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്സ്, ഹീത്രൂ വിമാനത്താവള അധികൃതരിൽ നിന്നും 10 മില്യൺ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
വാരാന്ത്യത്തിൽ ഉണ്ടായ ഈ ലഗേജ് പ്രതിസന്ധി മൂലം നാട്ടിലേക്ക് വരാനിരുന്നവരും യുകെയിലേക്ക് മടങ്ങിയവരുമായ നിരവധി മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് കടുത്ത ദുരിതത്തിലായത്.
ബ്രിട്ടീഷ് എയർവേയ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് സീൻ ഡോയൽ, ഹീത്രൂ വിമാനത്താവളത്തിന്റെ മേധാവി തോമസ് വോൾഡ്ബെയ്ക്ക് നേരിട്ട് എഴുതിയ കത്തിലൂടെ ശക്തമായ അമർഷവും നഷ്ടപരിഹാര ആവശ്യവും അറിയിച്ചു.
ടെർമിനൽ അഞ്ചിലെ ഐടി-ബാഗേജ് ബെൽറ്റ് സംവിധാനങ്ങൾ പൂർണമായും തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വിമാന സർവീസുകൾ വൈകുകയും പല വിമാനങ്ങൾക്കും യാത്രക്കാരുടെ ലഗേജുകൾ ഇല്ലാതെ തന്നെ സർവീസ് നടത്തേണ്ടി വരികയും ചെയ്തു.
എത്തിച്ചേർന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തുനിന്നിട്ടും സ്വന്തം സാധനങ്ങൾ ലഭിക്കാതെ നിരാശയോടെ മടങ്ങേണ്ടി വന്നു. ഈ വർഷം മാത്രം ഇത് അഞ്ചാം തവണയാണ് ഹീത്രൂ വിമാനത്താവളത്തിൽ സമാനമായ ബാഗേജ് തകരാറുകൾ സംഭവിക്കുന്നത്.
ഫെബ്രുവരിയിലും ഈസ്റ്റർ അവധിക്കാലത്തും ആയിരക്കണക്കിന് ബാഗുകൾ ഇത്തരത്തിൽ യാത്രക്കാർക്ക് വഴിമാറി നഷ്ടപ്പെട്ടിരുന്നു. വിമാനത്താവളത്തിൽ കുന്നുകൂടിക്കിടക്കുന്ന ലഗേജുകളുടെയും പെട്ടികളുടെയും ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലഗേജുകൾ നഷ്ടപ്പെട്ട യാത്രക്കാരിൽ പലരും തങ്ങളുടെ പ്രധാനപ്പെട്ട മരുന്നുകളും ഔദ്യോഗിക രേഖകളും കുട്ടികൾക്കുള്ള അത്യാവശ്യ സാധനങ്ങളും ലഭിക്കാതെ വലയുകയാണ്. ജന്മദിന ആഘോഷങ്ങൾക്കും ഹണിമൂൺ യാത്രകൾക്കുമായി പുറപ്പെട്ട പലരുടെയും പ്ലാനുകൾ ഈ പ്രതിസന്ധി മൂലം പൂർണ്ണമായും തകിടം മറിഞ്ഞു.
പുറപ്പെടുന്ന വിമാനങ്ങളിലെ ലഗേജുകൾ കൃത്യമായി വിമാനത്തിൽ എത്തിക്കേണ്ട ഉത്തരവാദിത്തം ഹീത്രൂ വിമാനത്താവള അധികൃതർക്കാണെന്നിരിക്കെ, തുടർച്ചയായുണ്ടാകുന്ന ഇത്തരം സാങ്കേതിക വീഴ്ചകൾ ഇനി വച്ചുപൊറുപ്പിക്കാനാകില്ലെന്നാണ് വിമാനക്കമ്പനിയുടെ നിലപാട്.
ലഗേജുകൾ വൈകുന്നത് മൂലം യാത്രക്കാർക്ക് നൽകേണ്ടി വരുന്ന നഷ്ടപരിഹാരവും ഹോട്ടൽ താമസസൗകര്യവും വലിയ സാമ്പത്തിക ബാധ്യതയാണ് കമ്പനിക്കുണ്ടാക്കുന്നത്. അതേസമയം, യാത്രക്കാർക്കുണ്ടായ കടുത്ത ബുദ്ധിമുട്ടിൽ ഹീത്രൂ വിമാനത്താവള വക്താവ് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.
നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായും 99 ശതമാനം കൃത്യതയോടെയാണ് ഇപ്പോൾ തങ്ങളുടെ സംവിധാനം പ്രവർത്തിക്കുന്നതെന്നും അവർ അവകാശപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന ബാഗുകൾ യാത്രക്കാരുടെ വിലാസത്തിൽ കൊറിയർ വഴി എത്രയും വേഗം സൗജന്യമായി എത്തിക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് എയർവേയ്സുമായി ചേർന്ന് നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
എങ്കിലും സ്കൂൾ വേനൽക്കാല അവധിക്കാലം ആരംഭിക്കാനിരിക്കെ യുകെയിലെ പ്രധാന വിമാനത്താവളങ്ങളിലുണ്ടാകുന്ന ഇത്തരം തുടർച്ചയായ തകരാറുകൾ വരും ദിവസങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികളെ വലിയ ആശങ്കയിലാക്കുന്നുണ്ട്.
നഷ്ടപ്പെട്ട ലഗേജുകൾ തിരിച്ചുകിട്ടാൻ യാത്രക്കാർ എയർലൈൻസിന്റെ ഹെൽപ്പ്ലൈൻ നമ്പറുകളിലോ വെബ്സൈറ്റിലോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.
NRI
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക സമ്മേളനം ലണ്ടനിൽ നടന്നു. രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിൽ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാൽപ്പതോളം വൈദികരും പങ്കെടുത്ത സമ്മേളനം പ്രാതിനിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യാതിഥിയായിരുന്നു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട് മതാധ്യാപകർക്ക് ക്ലാസ് നയിച്ചു.
International
ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ യഹൂദ വംശജരുടെ സംരക്ഷണത്തിനായി പോലീസ് പ്രത്യേക സേന രൂപവത്കരിക്കുന്നു. തീവ്രവാദവിരുദ്ധ സേനാംഗങ്ങൾ അടക്കം നൂറോളം ഉദ്യോഗസ്ഥർ ഈ ടീമിലുണ്ടാകുമെന്നാണ് അറിയിപ്പ്.
അടുത്തകാലത്ത് യഹൂദർക്കു നേരേ ആക്രമണം വർധിച്ച പശ്ചാത്തലത്തിലാണിത്. ഇസ്ലാമിക ഭീകരവാദികൾ, തീവ്ര ഇടത്-വലത് സംഘടനകൾ എന്നിവരിൽനിന്ന് യഹൂർ വലിയ ഭീഷണി നേരിടുന്നതായി ലണ്ടൻ പോലീസ് മേധാവി മാർക്ക് റൗലി പറഞ്ഞു.
മാർച്ച് അവസാനം മുതലാണ് ആക്രമണങ്ങൾ വർധിച്ചത്. യഹൂദരുടെ സിനഗോഗുകളും സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകളും ആക്രമിക്കപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച രണ്ടു യഹൂദർക്കു കുത്തേറ്റു.
യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ട് അന്പതോളം പേർ നാലാഴ്ചയ്ക്കിടെ അറസ്റ്റിലായിട്ടുണ്ട്. ആക്രമണങ്ങൾക്ക് ഇറാനുമായി ബന്ധമുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നു. ഇറേനിയൻ ഭരണകൂടം ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തുന്നതായാണ് സംശയം.
യഹൂദവിരുദ്ധത നേരിടാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ തിങ്കളാഴ്ച ബിസിനസ്, സാംസ്കാരിക, ആരോഗ്യ രംഗങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ചരക്കുനീക്ക പ്രതിസന്ധി ചർച്ച ചെയ്യാൻ ബ്രിട്ടൻ വിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ ഇന്ത്യയും പങ്കുചേരുന്നു. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വിവരമനുസരിച്ച്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഈ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലേക്ക് തിരിക്കും.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ ഊർജ, സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാനാണ് ബ്രിട്ടൻ ഈ ചർച്ച സംഘടിപ്പിച്ചത്. ലോകത്തിലെ പ്രധാന രാജ്യങ്ങളെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ലോകത്തിലെ വലിയൊരു സാമ്പത്തിക ശക്തി എന്ന നിലയിലും പശ്ചിമേഷ്യയുമായുള്ള അടുത്ത ബന്ധം കണക്കിലെടുത്തുമാണ് ഇന്ത്യയെ ഈ ചർച്ചയിലേക്ക് ക്ഷണിച്ചത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ വഴിയിലൂടെയായതിനാൽ ഇന്ത്യയ്ക്ക് ഈ ചർച്ചകൾ അതീവ നിർണായകമാണ്.
NRI
ലണ്ടൻ: ലണ്ടനിൽ യുഡിഎഫ് യുകെ ഘടകം ഈസ്റ്റ് ലണ്ടനിലെ ബാർക്കിംഗ് റോഡിൽ ശ്രീ നാരായണ ഗുരുമിഷൻ ഹാളിൽ സംഘടിപ്പിച്ച ഇലക്ഷൻ കാമ്പയിൻ "പുതുയുഗ കേരളം' ജനപങ്കാളിത്തം കൊണ്ട് ഗംഭീര വിജയമായി.
മാർച്ച് 29ന് വൈകുന്നേരം ആറിന് ആരംഭിച്ച യോഗത്തിൽ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ അധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ഓൺലൈൻ വഴി നിർവഹിച്ചു.
പാണക്കാട് മുനവ്വർ അലി തങ്ങൾ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു.
NRI
ലണ്ടൻ:ഐക്യരാഷ്ട്രസഭയുടെ വംശീയവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലണ്ടൻ നഗരമധ്യത്തിൽ നടന്ന "സ്റ്റാൻഡ് അപ്പ് ടു റേസിസം' റാലിയിൽ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ഗ്രേറ്റ് ബ്രിട്ടൻ (IWA GB) അംഗങ്ങൾ സജീവമായി പങ്കെടുത്തു.
ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഹുസ്വര, വംശീയവിരുദ്ധ പ്രക്ഷോഭങ്ങളിലൊന്നായാണ് ഈ റാലി വിലയിരുത്തപ്പെടുന്നത്. ടുഗെതർ അലയൻസ് സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ പാർക്ക് ലെയിനിൽ നിന്ന് ട്രാഫൽഗർ സ്ക്വയറിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.
വംശീയത, തീവ്രവലതുപക്ഷ രാഷ്ട്രീയം, കുടിയേറ്റവിരുദ്ധ നിലപാടുകൾ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധം മാർച്ചിൽ ഉയർന്നു. റാലിയിൽ അഞ്ചു ലക്ഷത്തോളം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.
ട്രേഡ് യൂണിയനുകൾ, വിവിധ സാമൂഹിക സംഘടനകൾ, കുടിയേറ്റ തൊഴിലാളി കൂട്ടായ്മകൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ വിപുലമായ പങ്കാളിത്തം റാലിയിൽ ദൃശ്യമായി. ഐക്യവും സമത്വവും വിളംബരം ചെയ്യുന്ന പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഡൽഹിയിൽനിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ അത്യാധുനിക എ350 വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ച രാവിലെ ആറിനു പുറപ്പെട്ട വിമാനം ഏഴു മണിക്കൂറോളം ആകാശത്ത് ചെലവഴിച്ചശേഷമാണ് വീണ്ടും ഡൽഹി വിമാനത്താവളത്തിൽത്തന്നെ പറന്നിറങ്ങിയത്.
ഡൽഹിയിൽനിന്ന് ലണ്ടൻ ഹീത്രൂവിലേക്കു തിരിച്ച എഐ111 വിമാനം നാല് മണിക്കൂറോളം പിന്നിട്ട് സൗദി അറേബ്യയുടെ ആകാശപരിധിയിൽ എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിനുള്ളിൽനിന്ന് അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതിനെത്തുടർന്ന് പൈലറ്റ് വിമാനം തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു.
എയർ ഇന്ത്യ ഈ വർഷം ജനുവരിയിൽ സർവീസിനായി എത്തിച്ച എ350900 (വിറ്റി ജെആർഎഫ്) വിമാനമാണ് വീണ്ടും പണിമുടക്കിയത്. ഇതേവിമാനം കഴിഞ്ഞ മാർച്ച് 15ന് ന്യൂയോർക്ക്ഡൽഹി യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെത്തുടർന്ന് അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണ ഈ വിമാനം തകരാറിലായത് യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.അതേസമയം, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനം വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച കന്പനി, അവർക്ക് ലണ്ടനിലേക്കു പോകാൻ ബദൽ സംവിധാനമൊരുക്കുമെന്നും അറിയിച്ചു.
International
ലണ്ടന്: സാമ്പത്തിക തട്ടിപ്പിന് പിന്നാലെ രാജ്യം വിട്ട് ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടൻ കോടതിയിൽ തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി ലണ്ടൻ കോടതിയിൽ നൽകിയ അപ്പീലിൽ കോടതി ഇടപെടാതെ വന്നതോടെയാണ് തിരിച്ചടി.
പഞ്ചാബ് നാഷണല് ബാങ്കില് നിന്ന് 11,000 കോടി വായ്പ തട്ടിപ്പ് നടത്തിയ നീരവ് 2018ൽ ആണ് രാജ്യം വിട്ട് ബ്രിട്ടനിൽ കുടിയേറിയത്. തട്ടിപ്പിലൂടെ നേടിയ പണം നീരവ് മോദി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം.
ഇതേ തുടർന്നാണ് ഇന്ത്യൻ ഏജൻസികൾ നീരവ് മോദിയെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുന്നത്. ലണ്ടൻ കോടതി നീരവിന്റെ അപ്പീലിൽ ഇടപെടാതെ വന്നതോടെ ഇന്ത്യയിലേക്കെത്തിക്കാനുള്ള ഏജൻസി നീക്കങ്ങൾ വേഗത്തിലാക്കാം.
അതേസമയം താൻ ഇന്ത്യന് അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ പീഡനത്തിന് ഇരയാകും എന്നായിരുന്നു കോടതിയിൽ നൽകിയ അപ്പീലിൽ നീരവിന്റെ വാദം.
International
ലണ്ടൻ: വടക്കൻ ലണ്ടനിൽ യഹൂദ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ തീവച്ചു നശിപ്പിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായെന്നു ബ്രിട്ടീഷ് പോലീസ് അറിയിച്ചു.
47, 45 വയസുള്ള ലണ്ടൻ നിവാസികളാണു കസ്റ്റഡിയിലുള്ളത്. തിങ്കളാഴ്ച നാല് ആംബുലൻസുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു.
മൂന്നുപേരാണ് ആക്രമണം നടത്തിയത്.ആക്രമണത്തിന് ഇറേനിയൻ ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് നേരത്തേ പറഞ്ഞിരുന്നു.
International
ലണ്ടൻ: ലണ്ടനിൽ പൊതുസ്ഥലത്ത് പാൻ മസാല ചവച്ച് തുപ്പിയതിന് രണ്ട് ഇന്ത്യക്കാർക്ക് പിഴ. എഡ്ജ്വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ ഭദ്രേ പട്ടേൽ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് പിഴ ചുമത്തിയത്.
1,391 പൗണ്ട് വീതമാണ് ഇരുവർക്കും പിഴ ചുമത്തിയത്. ഏകദേശം ഇന്ത്യൻ രൂപ 1.72 ലക്ഷം ആണ് പിഴ. പാൻ മസാല ചവച്ചുതുപ്പിയതിന് നേരത്തെ നൂറ് പൗണ്ട് വീതമാണ് ഇരുവർക്കും പിഴ ചുമത്തിയിരുന്നത്. എന്നാൽ പിഴ തുക അടയ്ക്കാതെ വന്നതോടെയാണ് പിഴ വർധിപ്പിച്ചത്.
കിംഗ്സ്ബെറി റോഡിലെ മെട്രോ സ്റ്റേഷന് സമീപത്താണ് അക്ഷിത് പട്ടേൽ പാൻമസാല ചവച്ചുതുപ്പിയത്. ഹിതേഷ് പട്ടേൽ വെംബ്ലി ഹിൽ റോഡിൽ പാൻമസാല ചവച്ച് തുപ്പുകയായിരുന്നു. എന്നാൽ ഇരുവരും കോടതിയിൽ ഹാജരാവുകയോ പിഴ അടയ്ക്കുകയോ ചെയ്തിരുന്നില്ല.
ഇതേ തുടർന്നാണ് പിഴത്തുക 1391 പൗണ്ടാക്കി ഉയർത്തിയത്. നടപ്പാതകളിലെയും കെട്ടിടങ്ങളിലെയും പാൻമസാലയുടെ കറകൾ വൃത്തിയാക്കാൻ വേണ്ടി മാത്രം ബ്രൈന്റ് സിറ്റി കൗൺസിൽ പ്രതിവർഷം 30,000 പൗണ്ട് ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്.
NRI
ഹോൺചർച്ച്: ലണ്ടനിലെ ഹോൺചർച്ചിൽ സംഘടിപ്പിച്ച സെവൻ ബീറ്റ്സ് സംഗീതോത്സവ വേദിയിൽ കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച അരങ്ങിൽ വിരിഞ്ഞത് വർണാഭമായ കലയുടെ മഴവിൽ വസന്തം.
ഹോൺചർച്ചിലെ ദ കാമ്പയിൻ സ്കൂൾ ഓഡിറ്റോറിയത്തിലും ഇടനാഴികകളിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് ആസ്വാദക ഹൃദയങ്ങൾ സെവൻ ബീറ്റ്സ് സീസൺ ഒമ്പതാം സംഗീതോത്സവത്തെ വരവേറ്റത് കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാർന്ന സമ്പന്ന കലാ വിരുന്നിനും സംഘാടക മികവിനും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും അംഗീകാരവും പ്രോത്സാഹനവുമായി.
ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച സംഗീതോത്സവം രാത്രി 11 വരെ നീണ്ടുനിന്നു. യുക്മ ദേശീയ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. എബി സെബാസ്റ്റ്യൻ സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമം നിർവ്വഹിക്കുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
പ്രശസ്ത നടി സനുഷാ സന്തോഷ് വിശിഷ്ടാതിഥിയായി പങ്കുചേരുകയും ആശംസകൾ നേരുകയും ചെയ്തു. സെവൻ ബീറ്റ്സിന്റെ സംഗീതോത്സവ ഉദ്ഘാടന വേദിയിൽ കോഓർഡിനേറ്ററും യുഗ്മ നാഷണൽ കമ്മിറ്റി ജോ. സെക്രട്ടറിയുമായ സണ്ണിമോൻ മത്തായി അധ്യക്ഷത വഹിച്ചു.
International
ലണ്ടൻ: ഇറാന്റെ രഹസ്യാനേഷ്വണ വിഭാഗത്തിനു വേണ്ടി ചാരവൃത്തി നടത്തിയെന്നു സംശയത്തിൽ ലണ്ടനിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഇറേനിയൻ പൗരനെയും മൂന്ന് ഇരട്ട ബ്രിട്ടീഷ്- ഇറേനിയൻ പൗരന്മാരെയുമാണ് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് കസ്റ്റഡിയിലെടുത്തത്.
ലണ്ടനിലെ ജൂതസമൂഹങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇവർ നടത്തിയ സംശയകരമായ ഇടപെടലുകളെത്തുടർന്നാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവർ 22, 44, 52, 55 വയസുകാരാണ്. ദീർഘനാളായി ഇവർ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ നടത്തിയ പ്രത്യേക ദൗത്യത്തിനൊടുവിലാണ് നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങൾക്ക് പ്രത്യേകിച്ച്, ജൂതസമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന തരത്തിൽ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഉടൻ പോലീസുമായി ബന്ധപ്പെടണമെന്ന് ലണ്ടനിലെ ഭീകരവിരുദ്ധ വിഭാഗം മേധാവി കമാൻഡർ ഹെലൻ ഫ്ളാനഗൻ പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ബ്രിട്ടനിൽ ഇത്തരത്തിലുള്ള അറസ്റ്റ്.
NRI
ലണ്ടൻ: യുകെയിലെ പ്രമുഖ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിലൊന്നായ ഈസ്റ്റ് ഹാം ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ സംഘടിപ്പിച്ച പത്തൊമ്പതാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി.
ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്ക് (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, മുൻ സിവിക് മേയറുമായ ഡോ. ഓമന ഗംഗാധരനും ടീമും പൊങ്കാലക്ക് നേതൃത്വം നൽകി.
രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ചു. സ്ഥലപരിമിതിയും സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് തയ്യാറാക്കിയത്. പൂജാരി പൊങ്കാല അടുപ്പിലേക്ക് തീ പകരുകയും തുടർന്ന് നിവേദ്യം പാകം ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് ദേവീ പൂജയും, സഹസ്രനാമ അർച്ചനയും നടത്തി. പൊങ്കാല നിവേദ്യം തയ്യാറാക്കിയതിനു ശേഷം ഭക്തജനങ്ങൾക്ക് വിളമ്പി നൽകി.
യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ഏകദേശം മുന്നൂറോളം ഭക്തർ നിവേദ്യം സ്വീകരിക്കാൻ എത്തിയിരുന്നു. പൊങ്കാലക്കെത്തിയവർക്കായി മണ്ടപ്പുറ്റ്, തെറളി അപ്പം എന്നിവയും പകുത്തു നൽകുകയുണ്ടായി. ഊണും വിവിധ പച്ചക്കറികൾ ഉൾപ്പെടുത്തിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.
പ്രവർത്തിദിനമായിരുന്നെങ്കിലും, വർഷംതോറും പൊങ്കാലയിൽ പങ്കെടുക്കുന്നവരോടൊപ്പം നിരവധി നവാഗതരും പങ്കുചേർന്നത് ശ്രദ്ധേയമായി. കേരളത്തിനു പുറത്തായി ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന വേദികളിലൊന്നായി ലണ്ടനിലെ പൊങ്കാല ശ്രദ്ധേയമാണ്.
ശ്രീ മുരുകൻ ക്ഷേത്ര ട്രസ്റ്റിന്റെ നിസീമമായ സഹകരണമാണ് കഴിഞ്ഞ പത്തൊമ്പതു കൊല്ലങ്ങളിലായി വിജയപ്രദമായി നടത്തുവാൻ സാധ്യമാക്കിയതെന്ന് ഓമന തന്റെ നന്ദി പ്രകാശനത്തിൽ ഓർമ്മിച്ചു. ശ്രീ മുരുകൻ മഹാക്ഷേത്ര ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് ജി രാമദാസ്, ഡോ. ഓമനയെ പൊന്നാട അണിയിച്ചു ആദരിച്ചു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്ക് ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. മുൻ കൗൺസിലർ ജോസ് അലക്സാണ്ടർ അടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. സജീവ് ദിവാകരൻ, സജിത് എന്നിവർ പൊങ്കാല നിവേദ്യം തയാറാക്കുന്നതിന് നേതൃത്വം നൽകി.
NRI
ലണ്ടൻ: ആത്മീയ നവീകരണത്തിനും വിശ്വാസ അനുഭവത്തിനും മാതൃ മധ്യസ്ഥത്തിനും അനുഗ്രഹീത സന്നിധിയായ "കൃപാസനം മരിയൻ സെന്റർ' ഈ വർഷവും യുകെയിൽ കൃപാസനം ഉടമ്പടി ധ്യാനങ്ങൾ സംഘടിപ്പിക്കുന്നു.
കഴിഞ്ഞ വർഷം നടത്തപ്പെട്ട മരിയൻ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാർഥനാ സാഫല്യങ്ങൾക്കുള്ള നന്ദി സൂചകമായും പങ്കുചേരുവാൻ കഴിയാതെ പോയവർക്കുള്ള അവസരത്തിനുമായും, മാതൃഭക്തരുടെ അഭ്യർഥന പരിഗണിച്ചാണ് യുകെയിൽ കൃപാസനം ഉടമ്പടി ധ്യാനം ഈ വർഷവും ഒരുക്കുന്നത്.
കാലിക്കറ്റ് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ.ഡോ. ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്പിരിച്വൽ ഡയറക്ടറും സെന്റ് ജോർജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ് എന്നിവരാവും പ്രധാനമായും കൃപാസനം ഉടമ്പടി ധ്യാനങ്ങൾക്കു നേതൃത്വം നൽകുക.
യുകെയിൽ ഓഗസ്റ്റ് 25, 26, 27 തീയതികളിലായി സ്കോട്ട്ലൻഡിലെ അബർഡീൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തുന്ന ത്രിദിന ധ്യാനത്തോടെ ആരംഭിക്കുന്ന കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം തുടർന്ന് 29,30,31 തീയതികളിലായി ലണ്ടനിലെ ബൈറോൺ ഹാളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
റവ. ഡോ. ജോസഫ് വലിയവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കുകയും, ബ്ര.തോമസ് ജോർജ് (കാദോഷ് മരിയൻ മിനിസ്ട്രീസ്) ശുശ്രൂഷകളിൽ സഹായിക്കുന്നതുമായിരിക്കും.
പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാർഥനാ നിറവിൽ വെളിപ്പെട്ട, അമ്മയുടെ ഹിതം മനസ്സിലാക്കി ആരംഭിച്ച "കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ' പരിശുദ്ധ അമ്മയുമായി ചേർന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.
രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചോടെ സമാപിക്കുന്നതാണ്.
കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു.
Abredeen - https://www.tickettailor.com/events/kadoshmarianministries/2083917
London - https://www.tickettailor.com/events/kadoshmarianministries/2076878
കൂടുതൽ വിവരങ്ങൾക്ക്: 07770 730769, 07459 873176.
NRI
ലണ്ടൻ: ക്രോയ്ഡണിലുള്ള വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ സ്വദേശി ഗാന്തി അഭിഷേക് (28), തെലുങ്കാനയിലെ നിസാമാബാദ് സ്വദേശി കാമിനേനി സായ് ശ്രീകർ (26) എന്നിവരാണ് മരിച്ചത്.
സംഭവം നടക്കുമ്പോൾ മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഗാന്തി അഭിഷേക് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതരമായ പരിക്കുകളോടെ മറ്റ് രണ്ട് പേരെയും ക്രോയ്ഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ കാമിനേനി മരിക്കുകയായിരുന്നു.
മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഇരുവരുടെയും കുടുംബം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
International
ലണ്ടൻ: ലണ്ടനിലെ ക്രോയ്ഡണിലുള്ള വാടക വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ സ്വദേശി ഗാന്തി അഭിഷേക് (28), തെലങ്കാനയിലെ നിസാമാബാദ് സ്വദേശി കാമിനേനി സായ് ശ്രീകർ (26) എന്നിവരാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഗാന്തി അഭിഷേക് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
ഗുരുതരമായ പരിക്കുകളോടെ മറ്റ് രണ്ട് പേരെയും ക്രോയ്ഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ കാമിനേനിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും തുടർന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഇരുവരുടെയും കുടുംബം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
NRI
ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വച്ച് വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത് സമർപ്പണം ചൊവ്വാഴ്ച മാർച്ച് മൂന്നിന് ഭക്തിനിർഭരമായി ആചരിക്കും.
ഡോ. ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ ലണ്ടനിലെ "ആറ്റുകാൽ സിസ്റ്റേഴ്സ്' തുടക്കം കുറിച്ചതാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാല. ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസായി നിലകൊള്ളുന്ന "ബ്രിട്ടീഷ് ഏഷ്യൻ വുമണ്സ് നെറ്റ് വർക്ക്' (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ്) കൂട്ടായ്മയുടെ ചെയറും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്.
മുൻ സിവിക് മേയറും യുകെയിലെ ആദ്യ മലയാളി കൗൺസിലറുമാണ് ഡോ. ഓമന. മാർച്ച് മൂന്നിന് രാവിലെ 9.30ന് പൂജാദികർമങ്ങൾ ആരംഭിക്കുകയും ഉച്ച പൂജയോടെ സമാപിക്കുന്നതുമാണ്. നവാഗതരായ ധാരാളം ദേവീ ഭക്തരുടെ സാന്നിധ്യവും സാമീപ്യവും യുകെയിൽ വർധിച്ച സാഹചര്യത്തിൽ, ഇത്തവണ വിവിധ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
നിരവധിയായ അത്ഭുത-അനുഭവ സാക്ഷ്യങ്ങൾക്ക് ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരുടെയും ഭക്തജനങ്ങളുടെയും സാക്ഷ്യങ്ങൾ. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന "ബ്രിട്ടീഷ് ഏഷ്യൻ വുമണ്സ് നെറ്റ് വർക്ക്' ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
ഈ വർഷത്തെ ഫണ്ട് സെന്റ് ജോസഫ്സ് ഹോസ്പേസ്, ഹാഗ്നിയിലെ കാൻസർ രോഗികളുടെ അന്തിമ പരിചരണ സെന്ററിലേക്കാവും നൽകുക. മന്ത്രി സ്റ്റീഫൻ ടിംസിന്റെ സാന്നിധ്യത്തിൽ ധനസാഹയ നിധി പിന്നീട് കൈമാറും.
ഏറെ പേർക്ക് പ്രചോദനവും ബോദ്ധ്യവും അവസരവും പകർന്ന പൊങ്കാല, സാഹചര്യങ്ങളുടെ സൗകര്യാർഥം യുകെ യുടെ വിവിധ ഭാഗങ്ങളിലായി തുടങ്ങുവാൻ സാഹചര്യമൊരുക്കിഎന്നതിൽ ലണ്ടനിലെ ആറ്റുകാൽ സിസ്റ്റേഴ്സിനും, യു കെ യിലെ പൊങ്കാലയുടെ മാതൃഗ്രഹം എന്ന നിലയിൽ ശ്രീ മുരുകൻ മഹാക്ഷേത്രത്തിനും ആറ്റുകാൽ പൊങ്കാലയിൽ വലിയ പ്രാധാന്യമുണ്ട്.
ഏവരെയും സ്നേഹപൂർവം ലണ്ടൻ ശ്രീ മുരുകൻ ക്ഷേത്ര ആറ്റുകാൽ പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433
Sree Murugan Temple, 78-90 Church Rd, Browning Road/ Church Road Junction, Manor Park, London E12 6AF.
NRI
ലണ്ടൻ: ആറ്റുകാൽ ദേവീ ഭക്തരുടെ നേതൃത്വത്തിൽ ലണ്ടനിലെ ന്യൂഹാം മാനോർ പാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരുന്ന ആറ്റുകാൽ പൊങ്കാലയുടെ പത്തൊമ്പതാമത് സമർപ്പണം 2026 മാർച്ച് മൂന്നിന് ഭക്തിനിർഭരമായി ആചരിക്കും.
തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നേർച്ച സമർപ്പിച്ച് , ദേവീ കൃപയും, പുണ്യവും, പൊങ്കാലക്കുള്ള അവസരവും യു കെ യിലെ ദേവീ ഭക്തർക്കായി ഒരുക്കണമെന്ന ആഗ്രഹത്തിൽ ഡോ.ഓമന ഗംഗാധരന്റെ നേതൃത്വത്തിൽ, ലണ്ടനിലെ 'ആറ്റുകാൽ സിസ്റ്റേഴ്സ്' തുടക്കം കുറിച്ച പൊങ്കാലയുടെ പത്തൊമ്പതാമത് വാർഷികമാവും മാർച്ച് മൂന്നിന് ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ നടത്തപ്പെടുക.
ബ്രിട്ടനിലെ നിരാലംബരായ സ്ത്രീകളുടെ സഹായത്തിനും, ഉന്നമനത്തിനും ശക്തിസ്രോതസായി നിലകൊള്ളുന്ന 'ബ്രിട്ടീഷ് ഏഷ്യൻ വുമണ്സ് നെറ്റ് വർക്ക്' കൂട്ടായ്മയുടെ ചെയറും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്. മുൻ സിവിക് മേയറും, യുകെയിലെ ആദ്യ മലയാളി കൗൺസിലറുമാണ് ഡോ. ഓമന.
NRI
ലണ്ടൻ: മലയാള സിനിമാ സംവിധായകൻ ലാൽ ജോസ് നയിക്കുന്ന രണ്ട് ദിവസത്തെ സമഗ്രമായ അഭിനയവും ചലച്ചിത്ര നിർമാണവും ഉൾക്കൊള്ളുന്ന വർക്ക്ഷോപ്പ് കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്നു.
ഈ മാസം 14, 15 തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ ലണ്ടൻ ഹോൺചർച്ചിലെ ക്യാമ്പിയൻ അക്കാദമി ഹാളിൽ വച്ചാണ് വർക്ക്ഷോപ്പ് നടക്കുന്നത്.
അഭിനയം, സംവിധാനം, തിരക്കഥ രചന, സിനിമാറ്റോഗ്രഫി തുടങ്ങിയ മേഖലകളിൽ താത്പര്യമുള്ള അഭിനേതാക്കൾക്കും നവാഗത ചലച്ചിത്ര പ്രവർത്തകർക്കും സിനിമാ ആസ്വാദകർക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വർക്ക്ഷോപ്പ് തിയറി ക്ലാസുകളും പ്രായോഗിക പരിശീലനവും ഉൾക്കൊള്ളുന്നതാണ്.
ലൈവ് സീൻ ഷൂട്ടുകൾ ഉൾപ്പെടുന്ന പരിശീലനം ഈ പരിപാടിയുടെ പ്രത്യേകതയാണ്. വർക്ക്ഷോപ്പിൽ ലാൽ ജോസിനൊപ്പം ഷിജു എം. ഭാസ്കർ (തിരക്കഥാകൃത്ത് & ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി), എസ്.എസ്. ശരൺ (കാസ്റ്റിംഗ് ഡയറക്ടർ & ആക്ടിംഗ് കോച്ച്), അരുൺ കുമാർ (സംവിധായകൻ) എന്നിവരും ക്ലാസുകൾ നയിക്കും.
സ്ക്രീൻ അഭിനയം, ഓഡിഷൻ തയാറെടുപ്പ്, ഷോർട്ട് ഫിലിം നിർമാണം, സിനിമാ വ്യവസായത്തിലേക്കുള്ള പ്രവേശന മാർഗനിർദേശങ്ങൾ എന്നിവ ഉൾപ്പെടെ സമഗ്രമായ പരിശീലനമാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുക.
വർക്ക്ഷോപ്പിനോടനുബന്ധിച്ച് "കണക്ടിംഗ് ആക്ടേഴ്സ് ആൻഡ് ഫിലിം മേക്കേഴ്സ്' എന്ന പ്രത്യേക നെറ്റ്വർക്കിംഗ് സെഷനും സംഘടിപ്പിക്കുന്നുണ്ട്. അഭിനയം, സംവിധാനം, തിരക്കഥ, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, നിർമാണം തുടങ്ങിയ സിനിമാ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ സെഷൻ സഹായകരമായിരിക്കും.
പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും ലഘുഭക്ഷണങ്ങളും ഫാക്കൽറ്റിയുമായി സംവദിക്കാനുള്ള പ്രത്യേക ചോദ്യോത്തര സെഷനുകളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: കലാഭവൻ ലണ്ടൻ - 07841 613973, [email protected].
NRI
ലണ്ടൻ: തിരുവനന്തപുരം സ്വദേശി യുകെയിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ചനിലയിൽ. ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ - ഷിംന ദമ്പതികളുടെ മകൻ വിഷ്ണു ജയകുമാറിനെയാണ്(26) മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ചയാണ് വിഷ്ണു തന്റെ മുൻ സുഹൃത്തുക്കളുമായി പുറത്തേയ്ക്കു പോയത്. ഞായറാഴ്ച വൈകിയിട്ടും തിരിച്ചു താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നു കൂടെ താമസിക്കുന്നവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തിങ്കളാഴ്ച വിഷ്ണുവിനോട് ഒപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിവരം വീട്ടിൽ വിളിച്ചറിയിച്ചത്. പിന്നീട് ചൊവ്വാഴ്ച പോലീസ് സ്വാൻ തടാകത്തിൽനിന്നു വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
International
ലണ്ടൻ: ലണ്ടനിൽ പുതിയ വന്പൻ എംബസി പണികഴിപ്പിക്കാൻ ചൈനയ്ക്ക് ബ്രിട്ടൻ അനുമതി നല്കി. സുരക്ഷാ കാരണങ്ങളാൽ വർഷങ്ങൾ വച്ചുതാമസിപ്പിച്ച അനുമതിയാണ് ഇന്നലെ നല്കിയത്.
ലണ്ടൻ ടവറിനു സമീപം ചൈനീസ് ഭരണകൂടം വാങ്ങിയ ഭൂമിയിൽ എംബസി നിർമിക്കാനുള്ള ചൈനയുടെ ശ്രമം 2018ൽ ആരംഭിച്ചതാണ്. 20,000 ചതുരശ്ര മീറ്റർ വലുപ്പത്തിൽ എംബസി പണി കഴിപ്പിക്കുകയാണ് ലക്ഷ്യം.
യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് നയതന്ത്രകാര്യാലയം ആയിരിക്കുമിത്. ലണ്ടനിലെ പല ഭാഗങ്ങളിലായുള്ള ചൈനീസ് ഓഫീസുകൾ ഇങ്ങോട്ടേക്കു മാറ്റും.
എംബസിയെ ചാരപ്രവർത്തനങ്ങൾക്കായി ചൈന ഉപയോഗിക്കുമെന്നാണ് ആശങ്ക. യൂറോപ്പിലെ ചൈനീസ് വിമതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഉപയോഗപ്പെടുത്താം.
ചൈനയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കീയർ സ്റ്റാർമർ ഭരണകൂടം എംബസി നിർമാണത്തിന് അനുമതി നല്കിയത്.
NRI
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനിലെ ഹീത്രുവിലേക്ക് കണക്ഷൻ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും. ബംഗളൂരു വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയത്.
എയർ ഇന്ത്യയാണ് ബംഗളൂരു - ഹീത്രു സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്നു രാവിലെ 10.15നു പുറപ്പെട്ട് 11.25ന് ബംഗളൂരുവിലെത്തും. 2.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 7.30ന് ലണ്ടൻ ഹീത്രുവിലെത്തും.
തിരികെ 9.05ന് ഹീത്രുവിൽനിന്നു പുറപ്പെട്ട് 12.20ന് ബംഗളൂരുവിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം പിറ്റേന്നു രാവിലെ 8.35ന് പുറപ്പെട്ട് 9.40ന് കണ്ണൂരിൽ എത്തിച്ചേരും. ഫെബ്രുവരി ആറുമുതൽ ഡൽഹി വഴിയാണ് ഇൻഡിഗോയുടെ ഹീത്രു സർവീസ്.
തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസ് നടത്തുക. രാവിലെ 6.05ന് പുറപ്പെട്ട് 8.55ന് ഡൽഹിയിലെത്തും. ഡൽഹി - ഹീത്രു വൈഡ് ബോഡി വിമാനം 11.55ന് ഡൽഹിയിൽ നിന്നു പുറപ്പെട്ട് 5.10ന് ഹീത്രുവിലെത്തും.
തിരികെ 7.10ന് ഹീത്രുവിൽ നിന്നു പുറപ്പെട്ട് 10.10ന് ഡൽഹിയിലെത്തും. 9.45ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് അർധരാത്രി 12.45ന് കണ്ണൂരിലെത്തും. വടക്കൻ കേരളത്തിൽനിന്നും മറ്റുമുള്ള യാത്രക്കാർക്ക് ഈ സർവീസ് ആശ്വാസമാകും.
ഈ മേഖലയിൽ അതിവേഗ കണക്ഷൻ വിമാന സർവീസുകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ, വർധിച്ച ബാഗേജ് ശേഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലണ്ടനിലേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി എൻആർഐകൾ, ബിസിനസ് യാത്രക്കാർ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്കു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.
NRI
ഹോൺചർച്ച്: കഴിഞ്ഞ എട്ടു വർഷങ്ങളായി സംഗീത - നൃത്ത സദസുകളൊരുക്കിയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ഒഎൻവി സ്മരണാഞ്ജലികൾ സംഘടിപ്പിച്ചും യുകെയിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന ഒമ്പതാം സംഗീതോത്സവം മാർച്ച് ഏഴിന് ലണ്ടനിലെ ഹോൺചർച്ചിൽ അരങ്ങേറുന്നു.
ലണ്ടനിൽ ഇദംപ്രഥമമായും തികച്ചും സൗജന്യവുമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസൺ ഒമ്പതിന് ലണ്ടനിലെ സഹൃദയരായ കലാ - സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ മലയാളിക കൂട്ടായ്മകളാവും ആഥിതേയത്വം വഹിക്കുക.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒഎൻവി കുറുപ്പ് മാഷിന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദദരവും സെവൻ ബീറ്റ്സ് വേദിയിൽ ചാരിറ്റി ഇവന്റിനോടൊപ്പം സ്മരണാഞ്ജലിയായി അർപ്പിക്കും.
അതോടൊപ്പം സംഗീതാസ്വാദകർക്കായി മതിവരാത്ത മധുരഗാനങ്ങൾ ആവോളം ആസ്വദിക്കുവാനുള്ള വേദി കൂടിയാവും ലണ്ടനിൽ ഉയരുക. യുകെയിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന വേദികൾ വലിയ അവസരമാണ് കലാകാർക്ക് നൽകപ്പോരുന്നത്.
സദസ്സിനു അത്ഭുതം പകരുന്ന വിവിധങ്ങളായ കലാവിസ്മയങ്ങൾ ഈ വർഷത്തെ സംഗീതോത്സവത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതിയുടെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്സ്, ചാരിറ്റി പ്രവർത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം പൂർണമായി ഉപയോഗിച്ചു വരുന്നത്.
സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തിൽ ഒമ്പതാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, യുകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്.
നവരുചി റസ്റ്റോറന്റ് ലണ്ടൻ, ഷാൻ പ്രോപ്പർട്ടീസ്, മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ് ആൻഡ് കേരള ഡിലൈറ്റ്സ്, ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി, ഐഡിയൽ സോളിസിറ്റേഴ്സ്, ഫ്രണ്ട്സ് മൂവേഴ്സ്, സാൻവീ പേൾ കളക്ഷൻസ്, ഡിഎസ്ബി ക്രിയേറ്റിവ്സ് എന്നിവരും സെവൻ ബീറ്റ്സ് സംഗീതോത്സവ ചാരിറ്റി ഈവന്റിന് കൈത്താങ്ങാവും.
സെവൻ ബീറ്റ്സ് സംഗീതോത്സവ സീസൺ ഒമ്പതാം വേദിയിൽ പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാത്മക കഴിവുകളുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും ആസ്വദിക്കുവാനും അവസരമൊരുക്കുന്ന മെഗാ കലാവിരുന്നാവും ലണ്ടനിൽ കലാസദസിനു സമ്മാനിക്കുക.
സംഗീത വിരുന്നും സംഘാടക മികവും ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യുകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിലേക്കു ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു.
മാർച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തു വരെ നീണ്ടുനിൽക്കുന്ന സംഗീതരാവിൽ കലാസ്വാദകർക്കു തികച്ചും സൗജന്യമായിട്ടാവും പ്രവേശനം അനുവദിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണിമോൻ മത്തായി - 07727993229, ജോമോൻ മാമ്മൂട്ടിൽ - 07930431445, മനോജ് തോമസ് - 07846475589, കെവിൻ കോന്നിക്കൽ - 07515428149 ഡോ. ശിവകുമാർ - 0747426997, ലൂബി മാത്യു - 07886263726, അപ്പച്ചൻ കണ്ണഞ്ചിറ - 07737956977.
വേദി: The Campion School, Wingletye Lane, Hornchurch, London, RM11 3BX.
International
ലണ്ടൻ: ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ ലോകത്തിനു വെളിപ്പെടുത്തിയ ആൻ ഫ്രാങ്കിന്റെ അർധസഹോദരിയും ഓഷ്വിറ്റ്സ് അതിജീവിതയുമായ ഇവ ഷ്ളോ സ് (96) അന്തരിച്ചു. ലണ്ടനിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ബ്രിട്ടനിലെ ആൻ ഫ്രാങ്ക് ട്രസ്റ്റിന്റെ ഓണററി പ്രസിഡന്റായിരുന്നു.
അമ്മയ്ക്കൊപ്പം നാസി ക്യാമ്പിൽനിന്നു രക്ഷപ്പെട്ട ഇവ രണ്ടാം ലോകയുദ്ധം അവസാനിച്ചതിനു ശേഷം യുകെയിലേക്കു കുടിയേറുകയായിരുന്നു.1929ൽ വിയന്നയിൽ ജനിച്ച ഇവ കുടുംബത്തോടൊപ്പം നാസി ജർമനി ഓസ്ട്രിയ പിടിച്ചതിനു പിന്നാലെ ആംസ്റ്റർഡാമിലേക്കു പലായനം ചെയ്തു. ഇവിടെവച്ചാണ് തന്റെ പ്രായമുള്ള മറ്റൊരു ജൂതപ്പെൺകുട്ടിയായ ആൻ ഫ്രാങ്കിനെ പരിചയപ്പെടുന്നത്.
നാസികൾ നെതർലൻഡ്സ് പിടിച്ചെടുത്തതോടെ ഇവയുടെ കുടുംബം രണ്ടു വർഷം ഒളിവിൽ കഴിഞ്ഞു. ഒടുവിൽ ഇവയുടെ കുടുംബത്തെയും നാസികൾ പിടികൂടി. ഇവരെ കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പിലേക്ക് അയച്ചു. 1945ൽ സോവിയറ്റ് സൈന്യം ക്യാമ്പിൽനിന്ന് മോചിപ്പിക്കുമ്പോൾ ഇവയും അമ്മ ഫ്രിറ്റ്സിയും മാത്രമാണ് അതിജീവിച്ചത്. പിതാവ് എറിക്കും സഹോദരൻ ഹെയ്ൻസും ഓഷ്വിറ്റ്സിൽ മരിച്ചു. പിന്നീട് ബ്രിട്ടനിലേക്കു കുടിയേറിയ ഇവ ജർമൻ ജൂത അഭയാർഥിയായ സ്വി ഷ്ളോസിനെ വിവാഹം കഴിച്ച് ലണ്ടനിൽ സ്ഥിരതാമസമാക്കി.
ഡയറിക്കുറിപ്പുകളിലൂടെ നാസി ക്യാമ്പിലെ ക്രൂരതകൾ ലോകത്തോടു പറഞ്ഞ ആൻ ഫ്രാങ്ക് നാസി ക്യാമ്പിൽ രോഗിയായി 1945ൽ പതിനഞ്ചാം വയസിൽ മരിച്ചു. ആനിന്റെ അമ്മയും സഹോദരനും നാസി ക്യാമ്പിൽ കൊല്ലപ്പെട്ടു. പിതാവ് ഓട്ടോ മാത്രമാണ് അതിജീവിച്ചത്. 1953ൽ ഇവയുടെ അമ്മ ഫ്രിറ്റ്സിയെ ഓട്ടോ വിവാഹം ചെയ്തു. ഇതോടെയാണ് ആനും ഇവയും സഹോദരങ്ങളായത്.
ഓഷ്വിറ്റ്സിലെ കൊടിയപീഡനം മൂലം വിഷാദത്തിനടിമയായി ഇവ ഏറെക്കാലം നിശബ്ദ ജീവിതം നയിക്കുകയായിരുന്നു. ലണ്ടനിൽ 1986ൽ നടന്ന ആൻ ഫ്രാങ്ക് പ്രദർശനത്തിന്റെ ഉദ്ഘാടനവേളയിൽ പ്രസംഗിച്ചത് വഴിത്തിരിവായി. നാസി വംശഹത്യയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുകയെന്നത് പിന്നീട് ഇവയുടെ ജീവിതദൗത്യമായി. മൂന്നു മക്കളുണ്ട്.
Viral
ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.
രണ്ട് യുവതികൾക്ക് യാത്രയ്ക്കിടയിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ ചേർത്ത് തയ്യാറാക്കിയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ വിഷയം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
ജനുവരി ആദ്യവാരം പുറത്തുവന്ന ഈ ദൃശ്യങ്ങളിൽ, തങ്ങളെ ആളുകൾ മോശമായ രീതിയിൽ നോക്കുന്നതായും ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതായും യുവതികൾ കാണിക്കുന്നുണ്ട്.
വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾക്കാണ് വഴിമരുന്നിട്ടത്. ഈ ദൃശ്യങ്ങളെ മുൻനിർത്തി വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകളും ലണ്ടനിൽ നടക്കുന്നുണ്ട്.
നഗരത്തിലെ ക്രമസമാധാന നില തകരാൻ കാരണം അനധികൃത കുടിയേറ്റക്കാരാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, ഇത്തരം കുറ്റകൃത്യങ്ങളെ ഏതെങ്കിലും ഒരു വിഭാഗവുമായി മാത്രം ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് മറുവിഭാഗം വാദിക്കുന്നു.
പൗരത്വമല്ല, മറിച്ച് ചില വ്യക്തികളുടെ മോശം മനോഭാവമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും ലണ്ടൻ നഗരത്തെ സുരക്ഷിതമാക്കാൻ പരസ്പരം പഴിചാരുകയല്ല, മറിച്ച് ഒറ്റക്കെട്ടായി പ്രതികരിക്കുകയാണ് വേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വീഡിയോയുടെ വിശ്വാസ്യതയെക്കുറിച്ച് ഗൗരവകരമായ ചില സംശയങ്ങളും ഉയരുന്നുണ്ട്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ദൃശ്യങ്ങളെല്ലാം ലണ്ടനിൽ നിന്നുള്ളതല്ലെന്നും, ന്യൂയോർക്ക് സബ്വേയിലെ ചില പഴയ ക്ലിപ്പുകൾ ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും നിരീക്ഷകർ പറയുന്നു.
കൂടാതെ, അപരിചിതരായ ആളുകൾക്ക് നേരെ മൊബൈൽ ക്യാമറകൾ തിരിച്ചുപിടിക്കുന്നത് കൊണ്ടാണ് പലരും അവരെ നോക്കുന്നതെന്നും ഇതിനെ ഉപദ്രവമായി കാണാൻ കഴിയില്ലെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
മറ്റൊരാളുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുമ്പോൾ ആർക്കും തോന്നുന്ന സ്വാഭാവികമായ ആകാംക്ഷ മാത്രമാണ് ഈ നോട്ടങ്ങൾ എന്ന വാദവും ശക്തമാണ്. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് ലണ്ടനിലെ പൊതുഗതാഗതം സ്ത്രീകൾക്ക് അത്ര സുരക്ഷിതമല്ലെന്നാണ്.
2024-ൽ പുറത്തുവന്ന ഔദ്യോഗിക വിവരങ്ങൾ പ്രകാരം ലണ്ടനിലെ ബസുകളിലും ട്രെയിനുകളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ മുൻവർഷത്തേക്കാൾ 10 ശതമാനത്തോളം വർധിച്ചിട്ടുണ്ട്. ഏകദേശം 2600-ൽ അധികം കേസുകളാണ് ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ സാഹചര്യത്തിലാണ് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിനുകളിൽ സ്ത്രീകൾക്കായി പ്രത്യേക കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായത്.
കാമിൽ ബ്രൗൺ എന്ന വിദ്യാർഥിനിയുടെ നേതൃത്വത്തിൽ ഇതിനായി തുടങ്ങിയ നിവേദനത്തിന് പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലണ്ടൻ നഗരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
NRI
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിൽ ബുധനാഴ്ച വാൾത്തംസ്റ്റോവിൽ വർഷാന്ത്യ കൃതജ്ഞതാബലിയും പുതുവത്സര സമർപ്പണ ശുശ്രൂഷകളും സംഘടിപ്പിക്കുന്നു.
ലണ്ടൻ റീജിയണിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന രാത്രി ആരാധനകളുടെ പ്രഥമ വാർഷിക നിറവിൽ ഒരുക്കുന്ന തിരുക്കർമങ്ങളിൽ ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും തിരുവചന പ്രഘോഷകയുമായ സിസ്റ്റര് ആന് മരിയ എന്നിവർ സംയുക്തമായിട്ടാണ് നേതൃത്വം വഹിക്കുക.
കഴിഞ്ഞ വർഷത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും പരിപാലനത്തിനും കൃതജ്ഞത അർപ്പിക്കുവാനും പുതുവത്സരം ദൈവസന്നിധിയിൽ സമർപ്പിച്ച് ആത്മീയമായി ഒരുക്കപ്പെടാനും ദൈവ കരുണക്കായി പ്രാർഥിക്കുവാനും അനുഗ്രഹ വാതായനങ്ങൾ തുറക്കപ്പെടുവാനുമുള്ള അവസരമായിരിക്കും വിശ്വാസികൾക്ക് ഈ നിശാ ജാഗരണ പ്രാർഥനയിൽ ലഭിക്കുക.
നൈറ്റ് വിജിൽ ശുശ്രൂഷകളിൽ വിശുദ്ധ കുർബാന, സ്തുതിപ്പ്, ദൈവവചന ശുശ്രുഷ, ദിവ്യകാരുണ്യ ആരാധന അടക്കം ശുശ്രൂഷകൾ ഉണ്ടായിരിക്കും. തിരുക്കർമങ്ങൾ ശനിയാഴ്ച രാത്രി 7.30ന് ആരംഭിക്കുന്നതാണ്.
നന്ദി പ്രകാശിപ്പിക്കുവാനും പുതുവത്സര സമർപ്പണത്തിനും ആത്മീയ - വിശ്വാസ വളർച്ചയ്ക്കുമായി ഏവരെയും ജാഗരണ പ്രാർഥനയിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല് വിവരങ്ങള്ക്ക്: മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258.
വേദി: Blessed Kunjachan & St. Mary's Mission, 132 Sherrnhall Street, Walthamstow, E17 9HU.
Special News
പുൽക്കൂട്-നക്ഷത്രം-കാരൾ രാത്രികളുടെയും വിഭവ സമൃദ്ധമായ പകലിന്റെയും ഓർമകളാണ് ഓരോ ക്രിസ്മസും. മറക്കാനാവാത്ത കുറെ ക്രിസ്മസ് ദിനങ്ങൾ ഉണ്ട്. ആദ്യമായി വൈനും പ്ലം കേക്കും ഒരു ഫുൾ കോഴ്സ് ക്രിസ്മസ് ഡിന്നറും തയാറാക്കിയ വർഷം, ലണ്ടൻ തെരുവുകളിൽ നടന്നുകണ്ട നിറങ്ങളുടെയും വർണങ്ങളുടെയും ആഘോഷം, മകനെ ഗർഭം ധരിച്ചിരിക്കുമ്പോഴുള്ള ഹൗസ് ഡെക്കറേഷനും കേക്ക് കട്ടിംഗും ഡ്രൈവും… അങ്ങനെ പിറകിലേക്കു പോയാൽ ക്രിസ്മസ് ഓർമകൾ തുടങ്ങുന്നത് ഞങ്ങൾ 'അങ്ങത്തെ വീടെ'ന്നു വിളിച്ചിരുന്ന അച്ഛന്റെ കുടുംബ വീട്ടിൽനിന്നാണ്. രണ്ടു വർഷക്കാലമേ അവിടെ താമസിച്ചിട്ടുള്ളൂ എങ്കിലും ഏറ്റവും കൂടുതൽ ബാല്യകാലസ്മരണകൾ ഉറങ്ങുന്നയിടമാണ്. വലിയ പറമ്പുകൾ, കളിക്കാൻ നിറയെ കൂട്ടുകാർ, അടുത്തൊരു റബർ തോട്ടം, പിന്നെയൊരു മൊട്ടക്കുന്ന്. അത് ഞങ്ങളുടെ സ്വർഗരാജ്യമായിരുന്നു!
ആ ക്രിസ്മസ് കാരൾ
അഞ്ചു ക്രിസ്ത്യൻ വീടുകളാൽ ചുറ്റപ്പെട്ട ഒരു ഹിന്ദു കുടുംബം ആയിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് ക്രിസ്മസിനു പല സൈസ് വട്ടയപ്പവും പാലപ്പവും ഇറച്ചിക്കറികളും പ്ലം കേക്കും രാവിലെതന്നെ വീട്ടിലെത്തുമായിരുന്നു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞു ക്രിസ്മസ് കൂടി ആഘോഷിച്ചിട്ടായിരുന്നു ഞങ്ങൾ എല്ലാ വർഷവും എവിടേക്കെങ്കിലും ടൂറു പോവുക. അതിന്റെ സന്തോഷം ഒരു വശത്ത്. എന്നാൽ, അതിലും ‘മെയിൻ’, പരീക്ഷ തീരുന്ന ദിവസം മുതൽ ഞങ്ങൾ കുട്ടികൾ ആരംഭിക്കുന്ന ഒരു കലാപരിപാടിയായിരുന്നു-ക്രിസ്മസ് കാരൾ!
ഏതെങ്കിലും ഒരാന്റിയുടെ ചുവന്ന നൈറ്റി സംഘടിപ്പിക്കുക. കൂട്ടത്തിലൊരുത്തനെ (മിക്കവാറും എന്റെ അനിയൻ) പിടിച്ച് ഈ നൈറ്റി ധരിപ്പിച്ച് വയറ്റിൽ തുണികൾ ഫിറ്റ് ചെയ്തു പത്തുരൂപയുടെ ക്രിസ്മസ് അപ്പൂപ്പൻ മുഖം മൂടി ധരിപ്പിച്ചു റെഡിയാക്കുക. ഒപ്പം നീളൻ കമ്പിൽ ഒരു ചെറിയ സ്റ്റാർ ഘടിപ്പിച്ചു കൈയിൽ കൊടുക്കുക. പിന്നീട് കൊട്ടും വെള്ളി വീണ പാട്ടുകളുമായി ഞങ്ങൾ കുട്ടികൾ വീടുകൾ കയറിയിറങ്ങുകയായി.
പൊട്ടാസ് പൊട്ടിക്കൽ
പാവം നാട്ടുകാർക്കു പ്രോത്സാഹിപ്പിച്ചേ പറ്റൂ. ഓരോ വീട്ടിൽനിന്നും രണ്ടും അഞ്ചും നാണയ തുട്ടുകളൊക്കെ തരും. രൂപ അൻപതിനടുത്തെത്തിയാൽ കാരൾ മഹാമഹം വൻ വിജയമായി പ്രഖ്യാപിച്ച് ഓരോരുത്തരും അവരുടെ പങ്കെടുത്ത് ഗിഫ്റ്റ് വാങ്ങും. എന്റെ അനിയനും കൂട്ടുകാരും സ്ഥിരം വാങ്ങീരുന്നത് പൊട്ടാസ് ആയിരുന്നു. അല്ലെങ്കിൽ മിട്ടായി. കൂട്ടത്തിലെ ഏക പെൺതരിയായ ഞാൻ സിപ്പപ്പിന്റെ ആളായിരുന്നു.
അവിടം വിട്ടതിനു ശേഷം സ്കൂളിലും കോളജിലും ഹോസ്റ്റലിലും ആഘോഷിച്ച ക്രിസ്മസുകളേ ഉണ്ടായിട്ടുള്ളൂ. കാർഡുകളും സമ്മാനങ്ങളും പരസ്പരം കൈമാറുന്നതിലൊതുങ്ങും അവ. ക്രിസ്മസ് ട്രീയൊക്കെ അലങ്കരിച്ച് സ്വന്തം നിലയിൽ ആഘോഷിക്കാൻ തുടങ്ങിയത് സ്വന്തമായി താമസിക്കാൻ തുടങ്ങിയതിനു ശേഷമാണ്. ഈ വർഷത്തെ ക്രിസ്മസിന്റെ പ്രത്യേകത എന്താണെന്നോ? എന്റെ കുഞ്ഞീശോ പിറന്നതിനു ശേഷമുള്ള ആദ്യത്തെ ക്രിസ്മസാണ്. അതുകൊണ്ട് ഈ വർഷം അവൻ "തൂക്കി'!.
Sports
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻതാരം ദിനേശ് കാർത്തിക്കിന് ഇനി പുതിയ ഉത്തരവാദിത്വം.
ഹൺഡ്രഡ് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ ലണ്ടൻ സ്പിരിറ്റിന്റെ മെന്ററും ബാറ്റിംഗ് പരിശീലകനുമായി കാർത്തികിനെ നിയോഗിച്ചതായി ടീം മാനേജ്മെന്റ് വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിന് പുറത്ത് കാർത്തിക്കിന്റെ ആദ്യ സപ്പോർട്ടിംഗ് സ്റ്റാഫ് റോളാണിത്. മുന്പ് നിലവിലെ ചാന്പ്യന്മരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനൊപ്പം കാർത്തിക് പ്രവർത്തിച്ചിട്ടുണ്ട്.
Sports
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പര പൂർത്തിയായതിന് പിന്നാലെ വിരാട് കോഹ്ലി ലണ്ടനിലേക്ക് മടങ്ങി.
24ന് തുടങ്ങുന്ന വിജയ് ഹസാരേ ട്രോഫിയിൽ കളിക്കാനായി കോഹ്ലി തിരിച്ചെത്തും. ഡൽഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് കോഹ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്ലി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ കർശനമായി ആവശ്യപ്പെട്ടതോടെയാണ് കോഹ്ലിയും രോഹിതും വിജയ് ഹസാരേ ട്രോഫിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരന്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ കോഹ്ലി പരന്പരയിൽ ഏറ്റവും കൂടുതൽ റണ്സടിച്ച താരമായിരുന്നു. പരന്പരയുടെ താരവും കോഹ്ലിയായിരുന്നു.
International
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് കൊല്ലപ്പെട്ടത്.
നവംബർ 25ന് പുലർച്ചെ 4:15 ഓടെ യുകെയിലെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ വെസ്റ്റ് മെർസിയ പോലീസ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.
ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമത്തിൽ നിന്നുള്ള വിജയ് കുമാർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ (UWE) പഠിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
NRI
ലണ്ടൻ: സെവൻ ബീറ്റ്സ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന സെവൻ ബീറ്റ്സ് സംഗീതോത്സവം ലണ്ടനിലെ ഹോൺചർച്ചിൽ നടക്കും. 2026 മാർച്ച് ഏഴിന് രണ്ട് മുതൽ രാത്രി 10 മണി വരെ സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്.
ഒ.എൻ.വി കുറുപ്പ് അനുസ്മരണം സെവൻ ബീറ്റ്സ് സംഗീതോത്സവ വേദിയിൽ നടക്കും. കലാസ്വാദകർക്ക് സൗജന്യമായി പ്രവേശനവും പാർക്കിംഗും ഒരുക്കുന്ന സെവൻ ബീറ്റ്സ് സംഗീതോത്സവം സമ്പന്നമായ കലാവിരുന്നാവും ലണ്ടൻ നഗരിക്ക് സമ്മാനിക്കുക.
കലയുടെ വർണവസന്തം വിടരുന്ന സംഗീതവിരുന്നും കലാസ്വാദകരുടെ വൻ പങ്കാളിത്തവും സംഘാടകമികവും ഒപ്പം ജീവകാരുണ്യപ്രവർത്തനവും കൊണ്ട് യുകെ മലയാളികൾ നെഞ്ചിലേറ്റിയ സെവൻ ബീറ്റ്സ് സംഗീതോത്സവം ഒമ്പതാം സീസണിന്റെ ഭാഗമാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണിമോൻ മത്തായി - 07727993229, ജോമോൻ മാമ്മൂട്ടിൽ - 07930431445, മനോജ് തോമസ് - 07846475589, കെവിൻ kevin കോണിക്കൽ - 07515428149, ഡോ. ശിവകുമാർ - 0747426997, ലൂബി മാത്യു - 07886263726, അപ്പച്ചൻ കണ്ണഞ്ചിറ - 07737956977.
വേദി: The Campion School, Wingletye Lane, Hornchurch, London, RM11 3BX.
NRI
ലണ്ടൻ: ലണ്ടനിലേക്കു വരുകയായിരുന്ന ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ പത്തു പേർക്ക് പരിക്ക്. സംഭവത്തിൽ രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം വടക്കൻ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽനിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസിലേക്കു യാത്രപുറപ്പെട്ട ട്രെയിനിലാണ് കത്തിയാക്രമണമുണ്ടായത്.
ഹണ്ടിംഗ്ടൺ ടൗണിൽ നിർത്തിയ ട്രെയിനിൽ പ്രവേശിച്ച ആയുധധാരികളായ പോലീസ് അക്രമികളെ കീഴടക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേരും ബ്രിട്ടീഷ് പൗരന്മാരാണ്.
സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഒമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ രണ്ടു പേർ അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. നാലു പേർ ആശുപത്രി വിട്ടു.
International
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അക്സ്ബ്രിഡ്ജിലെ മിഡ്ഹസ്റ്റിൽ നായയുമായി നടത്തത്തിനിറങ്ങിയ വെയ്ൻ ബ്രോഡോഹസ്റ്റ് (49) എന്നയാളാണു മരിച്ചത്. 45 വയസുള്ളയാളും ഇയാളുടെ 14 വയസുകാരനായ മകനുമാണ് പരിക്കേറ്റത്. സംഭവത്തിൽ അഫ്ഗാൻ സ്വദേശിയായ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പ്രാദേശികസമയം വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. തർക്കത്തെത്തുടർന്ന് അഫ്ഗാൻ പൗരൻ ബ്രിട്ടീഷ് പൗരന്മാരെ കുത്തുകയായിരുന്നു. പ്രതി 2020 നവംബറിൽ ലോറിയിൽ ലണ്ടനിലെത്തിയതാണ്. പിന്നീട് ഇയാൾക്ക് അഭയം നൽകി. പ്രതിയും ആക്രമണത്തിനിരയായവരും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.
NRI
ലണ്ടൻ: ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കുനേരേ ആക്രമണം. പ്രതിമയ്ക്കു കേടുപാട് സംഭവിച്ചു. ഗാന്ധിജയന്തി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആക്രമണം നടന്നത്.
ആക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. അഹിംസയുടെ പാരമ്പര്യത്തിനുനേരേയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി. സംഭവത്തിന് പിന്നാലെ പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്.
ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്കു മുന്നിൽ പുഷ്പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്. 1968ലാണ് ഫ്രഡ ബ്രില്യന്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്.
ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ ഗാന്ധിജി നിയമം പഠിച്ചതിന്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്. പിന്നീട് സമാധാനത്തിന്റെ പ്രതീകങ്ങൾ ഇതിനു സമീപത്ത് സ്ഥാപിച്ചു.
NRI
ലണ്ടൻ: ജപമാല മാസാചരണത്തിന്റെ ഭാഗമായി സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ അഖണ്ഡ ജപമാല സമർപ്പണം ലണ്ടനിലെ ഹോൺചർച്ചിൽ വച്ച് സംഘടിപ്പിക്കുന്നു.
ഒക്ടോബർ ഏഴിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ജപമാല പ്രാർഥന എട്ടിന് രാവിലെ ഒമ്പതിന് സമാപിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ സിസ്റ്റർ ആൻ മരിയ പ്രാർഥന നയിക്കും.
ലണ്ടനിലെ സെന്റ് മോണിക്കാ മിഷൻ ഹോൺചർച്ചാണ് അഖണ്ഡ ജപമാലയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
International
ലണ്ടൻ: ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. പ്രതിമയ്ക്ക് കേടുപാട് സംഭവിച്ചു. ഗാന്ധി ജയന്തി ദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആക്രമണം നടന്നത്.
ആക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി.
സംഭവത്തിന് പിന്നാലെ പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു.
ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഈ ദിവസം ലണ്ടനിലെ ഈ പ്രതിമയ്ക്ക് മുന്നിൽ പുഷ്പവൃഷ്ടി നടത്തുകയും ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും ചെയ്യാറുണ്ട്.
1968 ലാണ് ഫ്രഡ ബ്രില്യന്റ് എന്ന ശിൽപി വെങ്കലത്തിൽ ഈ പ്രതിമ നിർമിച്ചത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ ഗാന്ധിജി നിയമം പഠിച്ചതിൻ്റെ ഓർമയ്ക്കായാണ് ഇത് സ്ഥാപിച്ചത്. പിന്നീട് സമാധാനത്തിന്റെ പ്രതീകങ്ങൾ ഇതിന് സമീപത്ത് സ്ഥാപിച്ചു.
NRI
ലണ്ടൻ: തിരുവനന്തപുരം മുരുക്കുംപുഴ കോട്ടറക്കരി മാർഗരറ്റ് ബേസിൽ മേഷൻ വീട്ടിൽ പരേതനായ ബേസിൽ ക്രൂസിന്റെ ഭാര്യ മാർഗരറ്റ് ബേസിൽ ക്രൂസ് (84) ലണ്ടനിൽ അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച ലണ്ടനിലെ സെന്റ് അഗസ്റ്റിൻ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ലണ്ടൻ ഹെെവെെക്കോന്പ് സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ്, ഹെലൻ, ഹിൽഡ, ഹെൻസ, സേവ്യർ (എല്ലാവരും ലണ്ടൻ).
പരേതയുടെ ആത്മശാന്തിക്കുവേണ്ടി വെള്ളിയാഴ്ച 11ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ കത്തോലിക്ക പള്ളിയിൽ കുർബാനയും മറ്റുതിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.
NRI
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗായകൻ കെ.പി. ബ്രഹ്മാനന്ദന്റെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ലൈവ് മ്യൂസിക് പ്രോഗ്രാം "ലാലാ' ശനിയാഴ്ച ബാർക്കിംഗിൽ റിപ്പിൾ സെന്ററിൽ നടക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ സംഗീത പരിപാടികളുടെ ഭാഗമായി പങ്കെടുക്കുന്ന രാകേഷ് ബ്രഹ്മാനന്ദൻ പല ഭാഷകളിലായി നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്.
ഈ വർഷത്തെ കെ.പി. ബ്രഹ്മാനന്ദൻ പുരസ്കാരം പ്രമുഖ ഗായകനും പ്രസിദ്ധ സംഗീത സംവിധായകനുമായിരുന്ന രവീന്ദ്രൻ മാഷിന്റെ മകനുമായ നവീൻ മാധവിന് നൽകും. പ്രോഗ്രാമിനോടനുബന്ധിച്ച് യുകെയിലും യൂറോപ്പിലെയും കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ സംഭാവനകളെ മാനിച്ചു പ്രമുഖ വ്യക്തികളെ പുരസ്കാരം നൽകി ആദരിക്കും.
ലൈവ് ഓർക്കസ്ട്ര കൈകാര്യം ചെയ്യുന്നത് പ്രഗത്ഭരായ കലാകാരന്മാരാണ്. യുകെയിൽ നിരവധി സ്റ്റേജ് ഷോകൾ നടത്തി പരിചയ സമ്പന്നനായ ജിബി ഗോപാലൻ പ്രോഗ്രാം കോഓർഡിനേറ്റർ ആയി പ്രവർത്തിക്കും.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുമെന്നും പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോഓർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റജി നന്തികാട്ട് - 07852437505, ജിബി ഗോപാലൻ - 07823840415.
NRI
ലണ്ടൻ: യുകെയിൽ ഒന്നര ലക്ഷം പേർ പങ്കെടുത്ത കൂറ്റൻ കുടിയേറ്റവിരുദ്ധ റാലിയിൽ സംഘർഷം. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസണ് ആണ് റാലി സംഘടിപ്പിച്ചത്. ഇതിനെതിരേ ‘സ്റ്റാൻഡ് അപ് ടു റേസിസം’ എന്ന സംഘടന നടത്തിയ പ്രതിഷേധത്തിൽ 5,000 പേർ പങ്കെടുത്തു.
കുടിയേറ്റവിരുദ്ധ റാലിയിൽ പങ്കെടുത്തവരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 26 പോലീസുകാർക്കു പരിക്കേറ്റു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. അക്രമവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തു. യൂണിയൻ ജാക്ക് (ബ്രിട്ടീഷ് ദേശീയ പതാക), സെന്റ് ജോർജ് പതാക, സ്കോട്ടിഷ്, വെൽഷ് പതാക എന്നിവയുമായാണു പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ പ്രതിഷേധത്തിനെതിരേ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെ രംഗത്തെത്തി. അക്രമത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ബ്രിട്ടീഷ് പതാകയെ ഉപയോഗിക്കരുതെന്ന് സ്റ്റാർമർ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നല്കി.
“സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതു നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളുടെ കാതലാണ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. വൈവിധ്യമുള്ള നമ്മുടെ രാജ്യത്തെയാണു പതാക പ്രതിനിധീകരിക്കുന്നത്.
ബ്രിട്ടന്റെ തെരുവുകളിൽ പശ്ചാത്തലമോ തൊലിയുടെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. സഹിഷ്ണുത, വൈവിധ്യം, പരസ്പരബഹുമാനം എന്നിവയാൽ കെട്ടിപ്പടുത്ത രാജ്യമാണ് ബ്രിട്ടൻ’’- സ്റ്റാർമർ എക്സിൽ കുറിച്ചു.
അതേസമയം, കുടിയേറ്റവിരുദ്ധ റാലിയെ പിന്തുണച്ച് അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക് രംഗത്തെത്തിയത് വിവാദമുയർത്തി. പോരാടുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്ന് മസ്ക് പറഞ്ഞത്.
NRI
ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിനു നേർക്കുണ്ടായ തീവയ്പ് ആക്രമണത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 54 വയസുകാരനും പതിനഞ്ചുകാരനുമാണു പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയാണ് ഇൽഫോർഡിലെ ഇന്ത്യൻ അരോമ റസ്റ്ററന്റിനു നേർക്ക് ആക്രമണമുണ്ടായത്. ഇവിടെ ഭക്ഷണം കഴിക്കുകയായിരുന്നു മൂന്നു സ്ത്രീകൾക്കും രണ്ടു പുരുഷന്മാർക്കും പൊള്ളലേറ്റു.
ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. റസ്റ്ററന്റിനു കാര്യമായ നാശനഷ്ടമുണ്ടായി. രോഹിത് കാലുവാലയുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്ററന്റ്.
NRI
ലണ്ടൻ: കോട്ടയം വൈക്കം സ്വദേശിയായ യുവാവ് ബ്രിട്ടനിൽ റോഡപകടത്തിൽ മരിച്ചു. മിഡിൽസ്ബറോയിൽ താമസിക്കുന്ന സെബാസ്റ്റ്യൻ ദേവസ്യ - ലിസി ജോസഫ് ദമ്പതികളുടെ മകൻ ആൽവിൻ സെബാസ്റ്റ്യനാണ്(24) വെള്ളിയാഴ്ച രാത്രി യോർക്ഷെയറിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
സംസ്കാരം പിന്നീട്. സഹോദരങ്ങൾ - അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ. യുവാവ് സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിൽ ജംഗ്ഷനു സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം. എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് യുവാവിനെ ആശുപ്രതിയിലേക്ക് മാറ്റിയത്.