ലണ്ടൻ: തടവിൽ കഴിയുന്ന വിവാദ വജ്രവ്യാപാരിയും ഇന്ത്യൻ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയതുമായ നീരവ് മോദിക്ക് യുകെയിൽ പുതിയ നിയമപരമായ തിരിച്ചടി. ദുബായ് ആസ്ഥാനമായുള്ള കമ്പനിക്ക് നൽകിയ വായ്പയുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 10.7 ദശലക്ഷം യുഎസ് ഡോളർ (100 കോടിയിലധികം രൂപ) തിരികെ നൽകാൻ ലണ്ടനിലെ സർക്യൂട്ട് കൊമേഴ്സ്യൽ കോടതി ഉത്തരവിട്ടു.
2012-ൽ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 'ഫയർസ്റ്റാർ ഡയമണ്ട് എഫ്ഇസഡ്ഇ' എന്ന ദുബായ് കമ്പനിക്ക് ബാങ്ക് ഓഫ് ഇന്ത്യ വായ്പ അനുവദിച്ചിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്ന് കാണിച്ച് 2012 ഓഗസ്റ്റിൽ നീരവ് മോദി ഒപ്പിട്ടുനൽകിയ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചത്.
വായ്പയുടെ അസ്സൽ തുകയായ 4.1 ദശലക്ഷം ഡോളറും (ഏകദേശം 38.9 കോടി രൂപ), ഇതിന്മേൽ ബാങ്ക് ഈടാക്കിയ പലിശയും ചേർത്താണ് മൊത്തം തുക 10.7 ദശലക്ഷം ഡോളറായി നിശ്ചയിച്ചത്.
തനിക്ക് ബാങ്കിൽ നിന്ന് ഡിമാൻഡ് നോട്ടീസുകൾ ലഭിച്ചിട്ടില്ലെന്നും വായ്പ റദ്ദാക്കിയ നടപടി നിയമപരമല്ലെന്നുമുള്ള നീരവ് മോദിയുടെ വാദങ്ങൾ കോടതി പൂർണമായും തള്ളി. നിലവിൽ ലണ്ടനിലെ തേംസൈഡ് ജയിലിൽ കഴിയുന്ന മോദിക്ക് ഒക്ടോബർ 2025-ലെ നോട്ടീസ് ജയിലിൽ വെച്ച് കൃത്യമായി കൈപ്പറ്റിയിട്ടുണ്ടെന്ന് ജഡ്ജി സൈമൺ ടിങ്ക്ലർ ചൂണ്ടിക്കാട്ടി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപ തട്ടിയ കേസിൽ പ്രധാന പ്രതിയാണ് നീരവ് മോദി. 2018-ൽ ഈ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഫയർസ്റ്റാർ ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രത തകർന്നതും ബാങ്ക് ഓഫ് ഇന്ത്യ നൽകിയ വായ്പ തിരിച്ചടവ് മുടങ്ങിയതും. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നിയമനടപടികൾക്കെതിരെ ലണ്ടൻ ജയിലിൽ കിടന്ന് നീരവ് മോദി പോരാടുന്നതിനിടയിലാണ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ സിവിൽ കേസിൽ ഈ പുതിയ കോടതി ഉത്തരവ് വന്നിരിക്കുന്നത്.
Tags : Nirav Modi London Loan Latest News