കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കടുത്ത വിമർശനവുമായി രംഗത്ത്. 'വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സർക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.
പുതിയ പരിഷ്കരണം 'ബെക്കാഡി' കമ്പനിയെ സഹായിക്കാനാണെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളതാണ്. ഈ വിഷയത്തിൽ ഫയൽ നീക്കം വേഗത്തിലാക്കിയത് സംശയത്തിന്റെ ആക്കം കൂട്ടുന്നു. മദ്യലഭ്യത വർധിപ്പിക്കുന്ന ഈ നീക്കത്തിൽ പൊതുസമൂഹത്തിനും സ്വന്തം മുന്നണിക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കാനും, വ്യക്തമായ വിശദീകരണം നൽകാനും സർക്കാരിന് ബാധ്യതയുണ്ട്.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പ് 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള ജനകീയ പരിപാടികളിലൂടെ ലഹരി മാഫിയയെ അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ, മറുഭാഗത്ത് മദ്യവ്യാപനത്തിന് വഴിയൊരുക്കുന്നത് ഇരട്ടത്താപ്പാണ്. ഒരു കൈകൊണ്ട് ലഹരിക്കെതിരെ പോരാടുകയും മറുകൈകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.
ഇപ്പോൾ പ്രതിപക്ഷം ഇതിനെതിരെ രംഗത്തുവരുന്നുണ്ടെങ്കിലും, വീര്യം കുറഞ്ഞ മദ്യനയത്തിന് തുടക്കമിട്ടത് കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്താണെന്ന കാര്യവും മുഖപ്രസംഗം ഓർമിപ്പിക്കുന്നു.
വിവിധ മത, സാമൂഹിക സംഘടനകളുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.സി. വേണുഗോപാൽ, വി.എം. സുധീരൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെയും എതിർപ്പുകളെ സർക്കാർ ഗൗരവമായി കാണണമെന്നും പത്രം ആവശ്യപ്പെട്ടു.
Tags : Samastha Suprabhatham Latest News Liqour Policy