ബത്തേരി: സിപിഎമ്മിന്റെ പരോക്ഷ നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ മാംസ സംസ്കരണശാല സ്ഥിതി ചെയ്യുന്ന നെന്മേനി മഞ്ഞാടിയിലെ സ്ഥലം ലേലം ചെയ്ത് നിക്ഷേപകര്‍ക്കു പണം തിരികെ നല്കാന് ബത്തേരി സബ് കോടതി ഉത്തരവായി. സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് മീനങ്ങാടി സ്വദേശികളായ മറിയാമ്മ, ജോബി കെ. മാത്യു എന്നിവര്‍ വെവ്വേറെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി ഉത്തരവ്.
ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം ജൂലൈ എട്ടിന് പൊതുലേലത്തില്‍ വയ്ക്കാനാണ് കോടതി നിര്‍ദേശം. മറിയാമ്മ 50 ഉം ജോബി 22 ഉം ലക്ഷം രൂപയാണ് സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. കരാറനുസരിച്ച് മുതലും പലിശയും ലഭിക്കാതായതോടെ ഇരുവരും ഫയല്‍ ചെയ്ത കേസുകളില്‍ നിക്ഷേപത്തുകയും ഓരോ മാസവും നല്‍കാമെന്നേറ്റ പലിശയും കോടതി ചെലവും തിരികെ നല്‍കണമെന്ന് 2024ല്‍ കോടതി ഉത്തരവായിരുന്നു.
ഇതനുസരിച്ച് മറിയാമ്മയ്ക്ക് 65 ലക്ഷത്തില്‍പരം രൂപയും ജോബിക്ക് 28 ലക്ഷത്തില്‍പരം രൂപയുമാണു ലഭിക്കേണ്ടത്. ഇത് നടപ്പാകാത്ത സാഹചര്യത്തില്‍ ഹര്‍ജിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
Tags : auction land Brahmagiri meat plant