കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ബസ്സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി ഇടിച്ചുകയറി മൂന്നു പേർ മരിച്ചവര്‍ ബസ് കാത്തുനിന്നവർ. രാവിലെ 7.20ഓടെയാണ് അപകടമുണ്ടായത്. 7.10 നു വരുന്ന ബസിനായി കാത്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പുരുഷന്മാര്നിന്നിരുന്ന ഭാഗത്തേക്കാണ് ടിപ്പര്‍ ലോറി ഇടിച്ചുകയറിയത്.
സാധാരണ ഇത്രയും ആളുകള്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടാകാറില്ലെന്ന് സമീപത്തു ചായക്കട നടത്തുന്നയാള്‍ പറഞ്ഞു. 15 ഓളം പേര് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബസ് വരാന്‍ വൈകുകയും ചെയ്തു. ബസ് സമയത്തെത്തിയിരുന്നെങ്കില് ഇത്രയുംപേര്‍ അപകടത്തില്പ്പെടില്ലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
മണ്ണ് കയറ്റി വന്ന ലോറി അമിത വേഗത്തില്‍ ഇറക്കം ഇറങ്ങിവരുന്നതിനിടെയാണ് ഹരിലാലിന്റെ ബൈക്കില്‍ ഇടിച്ചത്. ബൈക്കിലിടിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ലോറിയുടെ അമിതവേഗംമൂലം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ലോറിയില്‍ ഉണ്ടായിരുന്ന മണ്ണ് അപകടത്തില്‍പ്പെട്ടവരുടെ മേലേക്ക് മറിയുകയായിരുന്നു. ഇതിനു പുറമെ തകര്‍ന്ന ബസ്സ്റ്റോപ്പിന്റെയും മതിലിന്റെയും കരിങ്കല്ലും ആളുകള്‍ക്ക് മേല്‍പതിച്ചു. ഇവയെല്ലാം അപകടത്തില്‍പ്പെട്ടവരുടെ മേല്‍ കൂമ്പാരമായി കിടന്നത് രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചു.
മണ്ണിനടിയില്‍ എത്ര പേരുണ്ടെന്നുപോലും അറിയാന്‍ ആദ്യം സാധിച്ചില്ല. കൊട്ടാരക്കരയില്‍നിന്നും കുണ്ടറയില്‍നിന്നും ഫയര്‍ഫോഴ്സ് എത്തി മണ്ണ് നീക്കം ചെയ്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
അപകടവിവരമറിഞ്ഞ് മന്ത്രിമാരായ പി.സി. വിഷ്ണുനാഥും ബിന്ദു കൃഷ്ണയും സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ഇരുവരും അറിയിച്ചു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി കൂടി വേമെന്നും വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇരുവരും അറിയിച്ചു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷും ഒപ്പമുണ്ടായിരുന്നു.
മരണമടഞ്ഞ അജയന് ആചാരിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: അനഘ, ആവണി.
കുടവട്ടൂര്‍ ലക്ഷ്മി കോട്ടേജില്‍ ഹരിലാലിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.
ഭാര്യ: ദീപ. മക്കള്‍: ബിലാഹരി, ശ്രീഹരി.
മരിച്ച വിദ്യാര്‍ഥി പാര്‍ഥിപിന്റെ പിതാവ് വിദേശത്തുനിന്നും എത്തിയതിനു ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും.