തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വീര്യം കുറഞ്ഞ മദ്യം എന്ന കാറ്റഗറി കൊണ്ടുവന്നത് ഇടതു സർക്കാരാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിക്കുക മാത്രമാണ് ഈ സർക്കാർ ചെയ്തത്. മദ്യനയം തീരുമാനിക്കുന്നത് യുഡിഎഫാണ്.
വീര്യം കുറഞ്ഞ മദ്യം വിൽക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചാൽ ഇപ്പോൾ നിശ്ചയിച്ച നികുതിയായിരിക്കും. വിൽക്കേണ്ട എന്നാണ് രാഷ്ട്രീയ തീരുമാനമെങ്കിൽ വിൽക്കില്ല. അത് രാഷ്ട്രീയ തീരുമാനമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ബക്കാർഡി ഇന്ത്യ ലിമിറ്റഡ് അനുമതിക്ക് അപേക്ഷ സമർപ്പിച്ചിരുന്നെന്നും വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇടതു സർക്കാരിന്റെ കാലത്തെ എക്സൈസ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്. ബക്കാർഡി ആവശ്യപ്പെട്ടതു പ്രകാരം നികുതി നിശ്ചയിക്കാനുള്ള നടപടിക്രമങ്ങളും കഴിഞ്ഞ സർക്കാർ ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ആയതിനാൽ നടപ്പാക്കിയില്ല എന്നു മാത്രം.
മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതികൂടി പരിശോധിച്ചശേഷം യുഡിഎഫ് സർക്കാർ കൂടിയ നികുതിയാണ് നിശ്ചയിച്ചത്. 2018-19ൽ 40 ശതമാനം മുതൽ 60 ശതമാനം വരെ വീര്യമുള്ള ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കറിന് 78 ശതമാനം നികുതിയാണ് മുൻ സർക്കാർ നിശ്ചയിച്ചത്. 2022-23ൽ അത് 115 ശതമാനമാക്കി. കമ്പനികളിൽനിന്നു പണം വാങ്ങിയിട്ടാണോ ഇതു ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
മദ്യത്തിന്റെ വ്യാപനം അരുതെന്നാണ് പ്രതിപക്ഷം ഇപ്പോൾ ഉപദേശിക്കുന്നത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രി ആകുമ്പോൾ 28 ബാറാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 900ത്തിലധികം ബാറാണുള്ളത്. മദ്യത്തിന്റെ വ്യാപനം കുറയ്ക്കാനാണോ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും സതീശൻ ചോദിച്ചു.
കരിമണൽ വിഷയത്തിൽ യു ടേണ് ഉണ്ടാകില്ല. സ്വകാര്യവത്കരിക്കും എന്ന് ബജറ്റിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ആ വാക്കിൽ ഉറച്ചുനിൽക്കുന്നു.
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒന്നിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ കോൾ ഇന്ത്യ ലിമിറ്റഡും കെഎംഎംഎലും കെൽട്രോണും ടൈറ്റാനിയവും എൻഎഫ്ടിഡിസിയും ചേർന്നുള്ള കണ്സോർഷ്യമാണുള്ളത്. അവിടെ ഖനനമില്ല. വാല്യൂ അഡിഷനാണ് നടത്തുന്നത്. ആ ക്രിട്ടിക്കൽ മിനറൽ കൊറിഡോർ ഉണ്ടാക്കുക തന്നെ ചെയ്യും.
സ്വകാര്യവത്കരണമെന്നത് ഇല്ലാക്കഥയാണ്. നിയോ കേരള മോഡൽ ഉണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വ്യവസായ സേവന മേഖലകളെ ശക്തിപ്പെടുത്തി നിക്ഷേപം ആകർഷിക്കും.
Tags : UDF decide low strength liquor V.D. Satheesan