കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് രജതജൂബിലി വർഷത്തിൽ സ്കൂൾ- കോളജ് വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ജനകീയ ശാസ്ത്ര പഠനപദ്ധതിയുടെ ഭാഗമായി ശാസ്ത്ര പ്രദർശന ഉപകരണം കറിക്കാട്ടൂർ സിസിഎം ഹൈസ്കൂളിന് കോളജ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ. ഡോ. റോയ് പഴയപറമ്പിലും പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബും ചേർന്നു കൈമാറി.
വിദ്യാർഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും ശാസ്ത്രപഠനം കൂടുതൽ എളുപ്പവും ആകർഷകമാക്കുന്നതിനുമായി കോളജിലെ വിവിധ എൻജിനിയറിംഗ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലാണ് ശാസ്ത്ര പ്രദർശന ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തത്.
പ്രകാശത്തിന്റെ പ്രാഥമിക വർണങ്ങളും അവയുടെ വിവിധ കോമ്പിനേഷനുകളും ലളിതമായി മനസിലാക്കാൻ സഹായിക്കുന്ന ഡെമോൺസ്ട്രേഷൻ ഉപകരണമാണ് സ്കൂളിനു കൈമാറിയത്.
ശാസ്ത്ര പാഠപുസ്തകങ്ങളിലെ സങ്കീർണമായ തത്വങ്ങൾ ലബോറട്ടറികൾക്കു പുറത്ത് കുട്ടികൾക്ക് സ്വയം പ്രവർത്തിപ്പിച്ചു കണ്ട് ബോധ്യപ്പെടാൻ തക്കവണ്ണമാണ് ഉപകരണങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. കോളജിലെ ബേസിക് സയൻസ് വിഭാഗത്തിലെ അധ്യാപകനായ ജെ.പി. സെന്നിന്റെ നേതൃത്വത്തിലാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.
വിവിധ ശാസ്ത്രശാഖകളിലെ അടിസ്ഥാനവിവരങ്ങൾ ലളിതമായി വിശദീകരിക്കുന്ന നിരവധി പ്രായോഗിക പഠന ഉപകരണങ്ങൾ കോളജിലെ വിവിധ എൻജിനിയറിംഗ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കാമ്പസിൽ തയാറാകുന്നുണ്ട്.
വരുംദിവസങ്ങളിൽ കൂടുതൽ വിദ്യാലയങ്ങളിലേക്ക് ഇത്തരത്തിൽ ഉപകരണങ്ങൾ എത്തിക്കാനാണു കോളജ് ലക്ഷ്യമിടുന്നത്. ഫോൺ: 7012492807.
Tags : Amaljyoti College builds science learning