വാഷിംഗ്ടൺ ഡിസി: ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കുമേൽ (ഐസിസി) കൂടുതൽ ഉപരോധങ്ങൾ ചുമത്തി അമേരിക്കയിലെ ട്രംപ് ഭരണകൂടം. ഐസിസിയിലെ മുൻ ജഡ്ജിയും ഇന്ത്യൻ വംശജയുമായ നവി പിള്ളയ്ക്ക് സമാധാന നൊബേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് ഭരണകൂടത്തിന്റെ അസാധാരണ നീക്കം.
ഗാസയിലെ വംശഹത്യയുടെ പേരിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതുമുതൽ ട്രംപ് ഭരണകൂടം ഐസിസിയുമായി ശത്രുതയിലാണ്. കോടതിയിലെ ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും എതിരേ നേരത്തേ ഉപരോധങ്ങൾ ചുമത്തിയിരുന്നു. പുതിയ ഉപരോധങ്ങൾ കോടതിക്ക് സേവനങ്ങൾ നല്കുന്നവരെ ലക്ഷ്യമിട്ടാണ്.
ഇതു പ്രകാരം അമേരിക്കൻ ബാങ്കുകൾ ഐസിസി അക്കൗണ്ടുകൾ ക്ലോസ് ചെയ്യേണ്ടിവരും. ഇൻഷ്വറൻസ് കന്പനികൾക്ക് കവറേജ് അവസാനിപ്പിക്കേണ്ടിവരും. സോഫ്റ്റ്വേർ കന്പനികൾ ഐസിസിയുമായുള്ള സഹകരണവും നിർത്തും.
പ്രസിഡന്റ് ട്രംപ് അമേരിക്കക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ ഐസിസിയെ അനുവദിക്കില്ലെന്നും അതിനാലാണ് പുതിയ ഉപരോധങ്ങളെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വിശദീകരിച്ചു.
അന്താരാഷ്ട്ര നിയമവാഴ്ച അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഉപരോധങ്ങളെന്നും കോടതിയുടെ പ്രവർത്തനം നിലയ്ക്കില്ലെന്നും ഐസിസി ഡെപ്യൂട്ടി പ്രോസിക്യൂട്ടർ നഷാത്ത് ഷമീം ഖാൻ പ്രതികരിച്ചു. ഇന്നലെ സമാധാന നൊബേലിന് അർഹയായ നവി പിള്ള ഐസിസിയുടെ അപ്പലേറ്റ് ചേംബറിൽ 2003 മുതൽ 2008 വരെ ജഡ്ജിയായിരുന്നു.
നവി പിള്ള നേതൃത്വം നല്കിയ ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മിഷൻ ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയതായി 2025 സെപ്റ്റംബറിൽ റിപ്പോർട്ട് നല്കിയിരുന്നു. സമാധാന നൊബേൽ വേണമെന്ന ആഗ്രഹം ട്രംപ് പലവട്ടം പരസ്യമാക്കിയിട്ടുണ്ട്.
Tags : Trump ICC Sanctions NaviPillay NobelPeacePrize Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash