സുപ്രീംകോടതി
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്താനിരിക്കുന്ന പ്രതിഷേധമാർച്ച് തടയുന്നതിനായി മെട്രോ സ്റ്റേഷനുകൾ അടച്ചും യാത്ര തടഞ്ഞും പൊലിസ് സ്വീകരിച്ച കടുത്ത നടപടികൾക്കെതിരേ സുപ്രീംകോടതി.
പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടി ഒരു നഗരം മുഴുവൻ അടച്ചുപൂട്ടാൻ കഴിയില്ലെന്നും ഇത്തരം നീക്കങ്ങൾ സാധാരണക്കാരായ ജനങ്ങൾക്കു വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
"സുരക്ഷ ഉറപ്പാക്കുന്നത് ഭരണകൂടത്തിന്റെ കടമയാണ്. അതേസമയം, സാധാരണക്കാർക്ക് പൊതുഗതാഗതം ഉപയോഗിക്കാൻ അവകാശമുണ്ട്. അക്രമം തടയാൻ നിയമപാലകർക്ക് അവകാശമുണ്ട്. അതിനർഥം ജനങ്ങളെ യാതൊരു യാത്രാസൗകര്യവുമില്ലാതെ വലയ്ക്കണമെന്നല്ല. ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത് എന്ന തത്വം അധികാരികൾ ഓർക്കണം'' -സുപ്രീംകോടതി നിരീക്ഷിച്ചു.
പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകാത്തവിധം നിയന്ത്രിതമായി മെട്രോ സർവീസുകളും മറ്റു റെയിൽവേ സർവീസുകളും അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കാൻ അധികാരികളോട് ആവശ്യപ്പെടാമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ഉറപ്പ് നൽകി.
Tags : Hammer KillFly SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash