പ്രതീകാത്മക ചിത്രം
2025 ഒക്ടോബര്‍ 10; അതായത് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ്... അന്നുള്ള വാര്‍ത്തകള്‍ ഇങ്ങനെ: രാജ്യത്തെ ഒന്നാം ഡിവിഷന് ഫുട്ബോള്‍ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) മത്സരങ്ങള്‍ ഇത്തവണ ഉണ്ടാകാന്‍ സാധ്യതയില്ല.
സംപ്രേഷണാവകാശം സംബന്ധിച്ച് റിലയന്‍സിന്റെ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മില്‍ ധാരണയില്‍ എത്താത്തനിലായിരുന്നു അത്. ‘ലെറ്റസ് ഫുട്ബോള്‍’ എന്ന ആപ്തവാക്യവുമായി 2014ല്‍ ആരംഭിച്ച ഐഎസ്എല്‍ ജീവവായു ഇല്ലാതെ പിടയുന്നതായും ഇന്ത്യയിലെ ക്ലബ് ഫുട്ബോളിന്റെ കാര്യം അവതാളത്തിലായെന്നുമായിരുന്നു സൂചന. ഒടുവില്‍ 2026 ഫെബ്രുവരി-മേയില്‍ വെട്ടിച്ചുരുക്കിയ ലീഗ് നടത്തി ഐഎസ്എല്ലിന്റെ കണ്ണിമുറിയാതെ എഐഎഫ്എഫ് തടിതപ്പി.
പ്രതിസന്ധികള്‍ തരണം ചെയ്ത്, പുതിയ മുഖവുമായി ഐഎസ്എല്‍ ഇന്നു മുതല്‍ ഫുള്‍ സ്വിംഗില്‍ രംഗത്ത്. 2026-27 സീസണ് ഐഎസ്എല്‍ ഫുട്ബോളിന് ഇന്നു കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ബംഗളൂരു എഫ്സിയും എസ്സി ഡല്‍ഹിയും തമ്മില്‍ ഏറ്റുമുട്ടും. വൈകുന്നേരം അഞ്ചിനു ബംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ എഫ്സി ഗോവ, ചെന്നൈയിന് എഫ്സിയെ നേരിടും.
നവമുഖം
ക്ലബ്ബുകള്‍ക്ക് ലീഗില്‍ അധികാരമുള്ള പുതിയൊരു ചുവടുവയ്പ്പിനാണ് ഐഎസ്എല്‍ ഇത്തവണ തുടക്കം കുറിക്കുന്നത്. ഈ സീസണിലുള്ള 13 ക്ലബ്ബുകള്‍ക്കാണ് കൊമേഷ്യല്‍ ആന്‍ഡ് ഓപ്പറേഷണല്‍ അധികാരം. മാത്രമല്ല, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ലീഗിനു പുതിയൊരു സിഇഒ, പുതിയ ടൈറ്റില്‍ സ്പോണ്സര് (എംജി മോട്ടോഴ്സ്) തുടങ്ങിയവയും ഇത്തവണത്തെ ഐഎസ്എല്ലിന്റെ പ്രത്യേകതയാണ്. 2025-26 സീസണില്‍ ഒഴിവാക്കേണ്ടിവന്ന ഹോം-എവേ രീതി ഇത്തവണ തിരിച്ചെത്തുന്നുണ്ടെന്നതും ആവേശകരമാണ്.
ബംഗളൂരു x ഡല്‍ഹി
ഇന്ത്യന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റയാന് വില്യംസാണ് ബംഗളൂരു എഫ്സിയുടെ മുന്നേറ്റം നയിക്കുന്നത്. പാനമ, ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരേ ഇന്ത്യന്‍ ആക്രമണം നയിച്ചതിനുശേഷമാണ് റയാന് വില്യംസ് ഡല്‍ഹിക്കെതിരേ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം.
റയാന് വില്യംസ് - സുനില്‍ ഛേത്രി സഖ്യമാണ് ബംഗളൂരുവിന്റെ ആക്രമണം നയിക്കുന്നത്. ഇന്ത്യന്‍ ഗോള്‍ കീപ്പറായ ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ബംഗളൂരുവിന്റെ വല കാക്കുന്നതെന്നതും ശ്രദ്ധേയം.
പഴയ ഹൈദരാബാദ് എഫ്സിയാണ് എസ്സി ഡല്‍ഹി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഹൈദരാബാദ് എഫ്സി, എസ്സി ഡല്‍ഹിയായി രൂപാന്തരപ്പെട്ടതെന്നതും ശ്രദ്ധേയം. ബംഗളൂരു എഫ്സിയും ഡല്‍ഹിയും തമ്മില്‍ കഴിഞ്ഞ സീസണിലാണ് ആദ്യമായി മുഖാമുഖം ഇറങ്ങിയത്. അന്നത്തെ പോരാട്ടത്തില്‍ ബംഗളൂരു 2-0നു ജയിച്ചു.
ജംഷഡ്പുര്‍ ഇല്ല
2017 മുതല്‍ ഐഎസ്എല്ലിലെ സജീവ സാന്നിധ്യമായിരുന്ന ജംഷഡ്പുര്‍ എഫ്സിയുടെ അഭാവവും 2026-27 സീസണിന്റെ ഒരു പ്രത്യേകതയാണ്. ടാറ്റയുടെ പിന്‍ബലത്തില്‍ കളത്തിലെത്തിയ ജംഷഡ്പുര്‍ എഫ്സി, ഈ സീസണ് മുതല്‍ ഐഎസ്എല്ലില്നിന്നു പിന്മാറി.
ഐഎസ്എല്ലില്‍ സ്വന്തമായി മൈതാനവും ട്രെയ്നിംഗ് സൗകര്യങ്ങളും ഉണ്ടായിരുന്ന ഏക ക്ലബ്ബായിരുന്നു ജംഷഡ്പുര്‍ എഫ്സി എന്നതും മറ്റൊരു വസ്തുത. പ്രവര്‍ത്തനം നിര്‍ത്തിയ ജംഷഡ്പുര്‍ എഫ്സി, ഐഎസ്എല്‍ സ്പോര്‍ട്ടിംഗ് ലൈസന്‍സ് അടക്കം ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിക്കു കൈമാറിയിട്ടുണ്ട്. 2021-22 ഐഎസ്എല്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ജേതാക്കളാണ് ജംഷഡ്പുര്‍ എഫ്സി.
Tags : ISL 2026-27Season Kicksoff Sports