രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ഇന്ത്യ മുന്നണി നേതാക്കൾ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഇന്ത്യാ' മുന്നണി നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു. രാജ്യത്ത് വോട്ട് ചോർച്ച നടന്നിട്ടുണ്ടെന്നും, തെളിവ് ആവശ്യപ്പെട്ട രാഷ്ട്രപതി തങ്ങളുടെ വാദങ്ങൾ നിഷേധിച്ചില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
പ്രധാനമായും നാല് ആവശ്യങ്ങളാണ് പ്രതിപക്ഷം രാഷ്ട്രപതിക്ക് മുമ്പിൽ പ്രതിനിധി സംഘം വെച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക, സിഇസി ഉൾപ്പെടെയുള്ളവർക്ക് ആജീവനാന്ത സംരക്ഷണം നൽകുന്ന 2023 ലെ നിയമം റദ്ദാക്കുക, വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 13.3 കോടി വോട്ടർമാരുടെ പേര് ഉടൻ പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പുകളിൽ വീണ്ടും പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്ക് മടങ്ങുക, വോട്ട് ചോർച്ചയ്ക്ക് തെളിവുകൾ പുറത്തുവന്ന കഴിഞ്ഞ രണ്ട് വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ റദ്ദാക്കുക എന്നിങ്ങനെയാണ് ആവശ്യങ്ങൾ.
പാർലമെന്റ് മന്ദിരത്തിൽ നിന്ന് വിജയ് ചൗക്ക് വരെ മാർച്ച് നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തിയത്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ കണ്ട് സമാനമായ നിവേദനം സമർപ്പിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. ഗ്യാനേഷ് കുമാർ രാജിവെക്കും വരെ സമരം തുടരുമെന്നും, നിലവിലെ സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash