യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിംഗ്ടൺ ഡിസി/ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കേ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാക്കിക്കൊണ്ട് പ്രമുഖ ടെക് കമ്പനികൾക്കെതിരേ ട്രംപ് ഭരണകൂടത്തിന്റെ കടുപ്പമേറിയ നടപടി.
അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ വിദഗ്ധർക്കു സ്ഥിരതാമസ അനുമതി (ഗ്രീൻ കാർഡ്) നൽകുന്നതിനുള്ള പ്രധാന പ്രക്രിയയായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (പിഇആർഎം) പ്രോഗ്രാമിൽനിന്ന് പ്രമുഖ ഇന്ത്യൻ, ആഗോള ഐടി കമ്പനികളെ യുഎസ് തൊഴിൽ വകുപ്പ് താത്കാലികമായി സസ്പെൻഡ് ചെയ്ത നടപടി വലിയ തിരിച്ചടിയാണ്.
ഇന്ത്യൻ ഐടി ഭീമന്മാരായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, കോഗ്നിസന്റ് എന്നിവയ്ക്കുപുറമെ ആഗോള കമ്പനികളായ മൈക്രോസോഫ്റ്റ്, അഡോബ്, ക്യാപ്ജെമിനി തുടങ്ങി എട്ട് പ്രമുഖ കമ്പനികൾക്കെതിരേയാണു നടപടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഈ കമ്പനികളിൽനിന്നുള്ള പുതിയ പിഇആർഎം അപേക്ഷകൾ സ്വീകരിക്കുകയോ നിലവിലുള്ളവ പ്രോസസ് ചെയ്യുകയോ ചെയ്യില്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.
ആരോപണങ്ങളുമായി യുഎസ് ഭരണകൂടം
വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ വൻതോതിൽ നിയമിക്കുന്നതുവഴി അമേരിക്കക്കാർക്കു ലഭിക്കേണ്ട തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നും വീസ സമ്പ്രദായം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം. അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് വിദേശ ജീവനക്കാരെ പകരം വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വന്തം പൗരന്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
വിദേശ തൊഴിലാളികൾക്കെതിരേ അമേരിക്ക നടത്തുന്ന നീക്കങ്ങളും എച്ച്-1ബി വീസയിലെ പ്രതിസന്ധികളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വെല്ലുവിളിയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് സാമ്പത്തിക വ്യവസ്ഥയിലേക്ക് ഇന്ത്യൻ കമ്പനികൾ നൽകുന്ന വൻ സംഭാവനകൾ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഇത്തരം തീരുമാനങ്ങൾ സാമ്പത്തിക-വ്യാപാര അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രവർത്തനത്തെ ബാധിക്കില്ലെന്നു ടിസിഎസ്
യുഎസ് സർക്കാരിന്റെ വിലക്ക് തങ്ങളുടെ പ്രവർത്തനങ്ങളെയോ തൊഴിൽ തന്ത്രങ്ങളെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കില്ലെന്ന് പ്രമുഖ ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അറിയിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പിഇആർഎം പ്രോഗ്രാം വഴി വളരെ കുറഞ്ഞ എണ്ണം അപേക്ഷകൾ മാത്രമാണു സമർപ്പിച്ചിട്ടുള്ളത്. മാത്രമല്ല, പ്രാദേശിക തൊഴിലവസരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ യുഎസിൽനിന്ന് 15,000 പേരെക്കൂടി പുതുതായി നിയമിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഡാറ്റ പ്രകാരം 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ അപേക്ഷിച്ച പിഇആർഎം ലൈസൻസുകളിൽ 2 ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യൻ ഐടി കമ്പനികളുടേത്. ഇതിൽ ഇൻഫോസിസിന് 2022 മുതൽ അപേക്ഷകളൊന്നുമില്ല.
എങ്കിലും, ഭാവിയിലുണ്ടാകുന്ന അനിശ്ചിതത്വം കാരണം അമേരിക്കയിലുള്ള ജോലികൾ കുറയ്ക്കാനും ഇന്ത്യ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളിലേക്ക് കൂടുതൽ പ്രോജക്ടുകൾ മാറ്റാനും കമ്പനികൾ നിർബന്ധിതരായേക്കും.
വിദേശ ജീവനക്കാർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിന് യുഎസ് തൊഴിൽ വകുപ്പിൽനിന്നു നേടേണ്ട ഏറ്റവും പ്രധാനപ്പെട്ട ആദ്യഘട്ട സാക്ഷ്യപത്രമാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ. (തൊഴിലുടമകൾക്കു യോഗ്യരായ അമേരിക്കൻ പൗരന്മാരെ ലഭ്യമായില്ല എന്നു സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയ).
ഈ നടപടി നിലവിലുള്ള എച്ച്-1ബി വീസകളെ ബാധിക്കില്ല. ജീവനക്കാർക്കു നിലവിലെ വീസയിൽ ജോലി തുടർന്നു ചെയ്യാം.
പ്രോസസിംഗ് തടസപ്പെടുന്നതോടെ എച്ച്-1ബി വീസയിൽനിന്നു ഗ്രീൻ കാർഡിലേക്ക് മാറാൻ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളുടെയും കുടുംബങ്ങളുടെയും ഗ്രീൻ കാർഡ് സ്വപ്നങ്ങൾ അനിശ്ചിതത്വത്തിലാകും.
എച്ച്-1ബി വീസയുടെ പരമാവധി കാലാവധിയായ ആറു വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ പിഇആർഎം പ്രോസസിംഗ് ആരംഭിച്ചവർക്കുമാത്രമേ സാധാരണയായി വീസ നീട്ടി ലഭിക്കാറുള്ളൂ. നടപടികൾ വൈകുന്നതോടെ ഇവർക്കു വീസ നീട്ടിയെടുക്കാൻ പ്രയാസം നേരിടുകയും മറ്റു കമ്പനികളിലേക്കു മാറാനോ അമേരിക്ക വിടാനോ നിർബന്ധിതരാകുകയും ചെയ്യും.
Tags : Ban ITCompanies USGreenCard India Setback Business