പ്രതീകാത്മക ചിത്രം
കൊച്ചി: പണം ഹവാല മാർഗത്തിലൂടെ വിദേശത്തെത്തിക്കാൻ മുൻ മന്ത്രി മുഹമ്മദ് റിയാസിനെ സഹായിച്ചതായും വീണയും റിയാസും തങ്ങളോടൊപ്പം യാത്ര ചെയ്തതായും ഹവാല ഇടപാടുകാരെന്ന് സംശയിക്കുന്നവരുടെയടക്കം മൊഴികളുള്ളതായി മാസപ്പടി കേസിലെ ഇഡി റിപ്പോർട്ടിൽ പറയുന്നു.
ദുബായിൽ ബിസിനസ് തുടങ്ങുന്നതിനായി 2024 മേയിൽ റിയാസും വീണയും നടത്തിയ യാത്രയിൽ ഹവാല ഇടപാടുകാരും ഒപ്പമുണ്ടായിരുന്നതായി മൊഴിയുണ്ട്.
2024 -25 കാലയളവിൽ 1.2 കോടി രൂപ ഇത്തരത്തിൽ കൈമാറിയിട്ടുണ്ട്. തിരിച്ചറിയാതിരിക്കാൻ സ്വന്തം പേരിലല്ലാത്ത സിം കാർഡാണു റിയാസ് ഉപയോഗിച്ചിരുന്നത്. ഹവാല ഇടപാടുകൾക്കായി വാട്സാപ് ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തിയിട്ടുണ്ട്.
മൊബൈൽ ഫോണിലൂടെ ആശയവിനിമയം നടത്തിയതിന്റെയും സംശയിക്കുന്ന ഓരോരുത്തരുടെയും യാത്രകളുടെയും വിശദാംശങ്ങൾ ഇഡി പൊലിസ് മേധാവിക്കു മൈാറിയിട്ടുണ്ട്. റിയാസിനും ഹവാല ഇടപാടുകാർക്കും പരസ്പരമുണ്ടായിരുന്ന അടുപ്പം അവർ നൽകിയ മൊഴികളിലടക്കം വ്യക്തമാണെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്.
അച്ഛനെന്ന നിലയിൽ പിണറായി വിജയനുമായുള്ള ബന്ധം പരിഗണിച്ച് സ്വാധീന സാധ്യത മുൻനിർത്തിയാണ് സേവനത്തിനു പ്രതിഫലമെന്ന നിലയിൽ കരാറിന്റെ മറവിൽ വീണയുടെ കമ്പനിക്ക് പണം നൽകിവന്നതെന്ന് സിഎംആർഎൽ മൊഴി നൽകിയിട്ടുള്ളതായി ഇഡി റിപ്പോർട്ടിൽ പറയുന്നു. വീണയുടെ സാങ്കേതിക പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് കരാറുള്ളത്.
വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിദേശ കറൻസി ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറി ഇഡി പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, സിഎംആർഎലിനു നൽകിയ സേവനം സംബന്ധിച്ച് മതിയായ രേഖകൾ വീണയ്ക്കു സമർപ്പിക്കാനായിട്ടില്ല. അന്വേഷണ ഏജൻസിയല്ലാത്തതിനാൽ ഇഡി റിപ്പോർട്ടിന്മേൽ പ്രാഥമികാന്വേഷണം നടത്താതിരിക്കാനാകില്ലെന്ന കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയുള്ള സർക്കാർ വാദത്തെ കോടതി ഉത്തരവുകൾ ഉദ്ധരിച്ചുതന്നെയാണ് കോടതി തള്ളിയത്.
കള്ളപ്പണക്കേസ് അന്വേഷിക്കാൻ അധികാരപ്പെട്ട ഏജൻസിയാണ് ഇഡിയെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അഴിമതി തടയൽ നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന്റെ തെളിവുകൾ ലഭിച്ചപ്പോൾ അതു പൊലിസ് മേധാവിക്ക് കൈമാറുകയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
പിഎംഎൽഎ വകുപ്പ് 66(2) പ്രകാരം ഇഡി നൽകിയ റിപ്പോർട്ടിൽ കേസെടുക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് വിജയ് മദൻലാൽ ചൗധരി കേസിലെ കോടതി വിധികളടക്കം ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
Tags : MonthlyPayoffCas CrucialStatements EDReport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash