International
ദുബായ്: യുഎസ് നാവിക ഉപരോധം മറികടക്കാൻ നിരവധി ഇറേനിയൻ കപ്പലുകൾക്ക് കഴിഞ്ഞതായി റിപ്പോർട്ട്. നാവിക ഉപരോധം ആരംഭിച്ചശേഷം ഒരു ഇറേനിയൻ കപ്പൽപോലും കടന്നുപോയിട്ടില്ലെന്ന് അമേരിക്ക അവകാശപ്പെടുന്പോഴും ഇറേനിയൻ ബന്ധമുള്ള 34 ടാങ്കറുകളെങ്കിലും യുഎസ് ഉപരോധം മറികടന്നു പോയിട്ടുണ്ടെന്ന് ചരക്കുകപ്പൽ ഡാറ്റാ ട്രാക്കിംഗ് ഏജൻസിയായ വോർടെക്സയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഉപരോധത്തിനിടെ 19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്തുകടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്കു പ്രവേശിക്കുകയും ചെയ്തു. ഇറേനിയൻ എണ്ണയുമായി പോയ കപ്പലുകളും ഇതിലുൾപ്പെടുന്നു. അമേരിക്കൻ ഉപരോധം ദുർബലമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നത്.
ഇറാനിൽനിന്നു പോയതിൽ കുറഞ്ഞത് ആറെണ്ണമെങ്കിലും 10.7 ദശലക്ഷം ബാരൽ വരുന്ന ഇറേനിയൻ അസംസ്കൃത എണ്ണയുടെ ചരക്കുമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ എണ്ണ പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇറാൻ വില്പന നടത്തിയിരിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ പറയുന്നു.
പുറത്തുപോയതിൽ ഇറേനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ ഡോറെനയുമുണ്ട്. കഴിഞ്ഞ 17നാണ് ഈ കപ്പലും മറ്റൊരു ഇറേനിയൻ കപ്പലും ഉപരോധം മറികടന്നത്. 20ന് മറ്റു രണ്ട് അസംസ്കൃത എണ്ണ ടാങ്കറുകളും കടന്നുപോയിരുന്നു. ഡോറെനയുടെ സ്ഥാനം അവസാനമായി 18ന് ഇന്ത്യയുടെ തെക്കൻ തീരത്താണു രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് കഴിഞ്ഞവർഷം ഉപരോധം ഏർപ്പെടുത്തിയ മറ്റു നിരവധി കപ്പലുകളും ഇത്തരത്തിൽ ഉപരോധം മറികടന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ 13നാണ് ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ തുറമുഖങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യുഎസിന്റെ അവകാശവാദം. ഉപരോധം ആരംഭിച്ചശേഷം ഇതുവരെ 28 കപ്പലുകളെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവസാനമായി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്.
ഇതിനിടെ ചൈനയിൽനിന്നു വരികയായിരുന്ന ഒരു ഇറേനിയൻ കപ്പൽ യുഎസ് നാവികസേന പിടികൂടുകയും ചെയ്തിട്ടുണ്ട്. ഉപരോധം വൻ വിജയമാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെയും അവകാശപ്പെട്ടത്.
ഉപരോധം ലംഘിച്ച കപ്പലുകൾ
ഉപരോധം ആരംഭിച്ച ശേഷം ഏകദേശം 34 ടാങ്കറുകൾ (19 എണ്ണം ഇറാനിൽനിന്ന് പുറത്തേക്കും, 15 എണ്ണം ഇറാനിലേക്കും) അമേരിക്കൻ കണ്ണുവെട്ടിച്ച് സഞ്ചരിച്ചു.
എണ്ണക്കടത്ത്
കുറഞ്ഞത് 6 കപ്പലുകൾ 10.7 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായാണ് യാത്ര ചെയ്തത്. ഈ എണ്ണ ഇറാൻ കുറഞ്ഞ വിലയ്ക്കാണ് വിറ്റഴിക്കുന്നതെന്ന് കരുതപ്പെടുന്നു.
പ്രധാന കപ്പലുകൾ
ഇറാനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ 'ഡോറെന' (Dorena) ഉപരോധം മറികടന്നവയിൽ ഉൾപ്പെടുന്നു. ഈ കപ്പൽ അവസാനമായി ഏപ്രിൽ 18-ന് ഇന്ത്യയുടെ തെക്കൻ തീരത്താണ് കണ്ടെത്തിയത്.
International
വാഷിംഗ്ടൺ ഡിസി: ഇറേനിയൻ എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ച് അമേരിക്ക. കടൽമാർഗം ഇറേനിയൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധം 30 ദിവസത്തേക്കു മരവിപ്പിച്ചതായി അമേരിക്കൻ ട്രഷറി വകുപ്പ് അറിയിച്ചു.
യുദ്ധം മൂലം കുതിച്ചുയർന്ന എണ്ണവില പിടിച്ചുനിർത്താൻ ഉദ്ദേശിച്ചാണിത്. ഉപരോധം ഇളച്ചതുമൂലം 14 കോടി വീപ്പ എണ്ണ അന്താരാഷ്ട്ര മാർക്കറ്റിലെത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു.
ആഗോള ഊർജ പ്രതിസന്ധി ട്രംപ് ഭരണകൂടത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുവെന്ന സൂചനയാണ് അമേരിക്കൻ തീരുമാനത്തിൽനിന്നു ലഭിക്കുന്നത്. ഉപരോധ ഇളവ് പ്രകാരം വേണമെങ്കിൽ അമേരിക്കയിലേക്കും ഇറേനിയൻ എണ്ണ ഇറക്കുമതി ചെയ്യാം. കൂടുതൽ പ്രയോജനം ഏഷ്യൻ രാജ്യങ്ങൾക്കായിരിക്കും. മൂന്നു-നാലു ദിവസത്തിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ എണ്ണ എത്തിച്ചേരുമെന്ന് യുഎസ് ഊർജവകുപ്പ് സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.
2018ൽ അമേരിക്ക ഉപരോധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുന്പ് ഇന്ത്യ, ദക്ഷിണകൊറിയ, ജപ്പാൻ, ഇറ്റലി, ഗ്രീസ്, തായ്വാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇറേനിയൻ എണ്ണ വാങ്ങിയിരുന്നതാണ്. ഉപരോധങ്ങൾ നിലവിൽ വന്നശേഷം ചൈനീസ് റിഫൈനറികളാണ് ഡിസ്കൗണ്ട് റേറ്റിൽ എണ്ണ വാങ്ങുന്നത്. ഇറാനിൽനിന്നു പരമാവധി എണ്ണ വാങ്ങി പൂഴ്ത്തിവച്ച് ആഗോള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ലാഭം കൊയ്യുകയാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ഈ അതിമോഹത്തിനു തടയിടുകയെന്ന ലക്ഷ്യവുംകൂടി മുന്നിൽക്കണ്ടാണ് അമേരിക്കയുടെ നീക്കം.
യുദ്ധം ആരംഭിച്ചശേഷം എണ്ണവില പിടിച്ചുനിർത്താൻ അമേരിക്ക ഉപരോധങ്ങൾ ഇളയ്ക്കുന്നത് ഇതു മൂന്നാം തവണയാണ്. റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധമാണ് ആദ്യം പിൻവലിച്ചത്. ഇറേനിയൻ എണ്ണ കടത്തുന്ന ടാങ്കറുകൾക്കുള്ള ഉപരോധവും പിന്നാലെ പിൻവലിച്ചു. ഇളവുകളെല്ലാം താത്കാലികമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
പുതിയ സാഹചര്യത്തിൽ ഇറേനിയൻ എണ്ണ പരമാവധി വാങ്ങാനാണ് ഇന്ത്യൻ എണ്ണക്കന്പനികളുടെ തീരുമാനം. വിഷയത്തിൽ അമേരിക്കയിൽനിന്നു വ്യക്തതയ്ക്കായും ഇത്തരത്തിൽ എണ്ണ വാങ്ങുന്നതിനുള്ള സർക്കാർ നിർദേശങ്ങൾക്കായും കാത്തിരിക്കുകയാണെന്നാണ് എണ്ണക്കന്പനികൾ അറിയിച്ചത്. അമേരിക്കയുടെ തീരുമാനത്തോടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഇന്നലെ അല്പം കുറഞ്ഞു.
വരുംദിവസങ്ങളിലും വിലക്കുറവുണ്ടാകുമെന്നാണ് നിഗമനം. ഇറാനെതിരായ യുദ്ധം ലക്ഷ്യം കണ്ടെന്നും അവരുടെ നാവിക, വ്യോമ സേനകൾ പൂർണമായും നിർവീര്യമാക്കപ്പെട്ടതായും അതിനാൽത്തന്നെ യുദ്ധം ഇനി അധികനാൾ നീണ്ടുനിൽക്കില്ലെന്നും ഡോണൾഡ് ട്രംപ് സൂചന നൽകിയതും പ്രതീക്ഷ നൽകുന്നു.
International
വാഷിംഗ്ടൺ ഡിസി: എണ്ണപ്രതിസന്ധി അന്താരാഷ്ട്രതലത്തിൽ ഗുരുതരമായതോടെ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. ഇറാനിൽനിന്ന് എണ്ണ കടത്തുന്ന ടാങ്കർ കപ്പലുകൾക്കെതിരായ ഉപരോധങ്ങളാണു പിൻവലിച്ചിരിക്കുന്നത്. അതേസമയം, ഇതൊരു താത്കാലിക നടപടി മാത്രമാണെന്ന സൂചനയും ട്രംപ് ഭരണകൂടം നല്കിയിട്ടുണ്ട്.
ലോകത്തിലേക്കുള്ള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാനുള്ള നിയന്ത്രണമാണ് ട്രംപ് ഭരണകൂടത്തെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചത്. കടലിടുക്ക് ഇറാൻ അടച്ചതോടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ അന്താരാഷ്ട്ര വിപണിയിലേക്കു വരാതാവുകയും വില ഉയരുകയും ചെയ്തു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയശേഷം എണ്ണവില ഏതാണ്ട് 40 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാനായി ട്രംപ് ഭരണകൂടം നേരത്തേ റഷ്യയിൽനിന്നുള്ള എണ്ണ ടാങ്കറുകളെ ഉപരോധത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പുറമേ വിവിധ രാജ്യങ്ങൾ അവരുടെ കരുതൽ ശേഖരത്തിലുള്ള എണ്ണ വിപണിയിലേക്ക് എത്തിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളും വില കുറയാൻ സഹായിച്ചല്ല. ഇതേത്തുടർന്നാണ് ഇറാനിൽനിന്നുള്ള ടാങ്കറുകൾക്കു കൂടി ഇളവു നല്കിയത്.
യുഎസ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രേതകപ്പലുകൾ എന്നു വിളിക്കപ്പെടുന്ന പഴഞ്ചൻ ടാങ്കറുകളിലാണ് റഷ്യയും ഇറാനും എണ്ണ കടത്തുന്നത്. എണ്ണവില വർധന ഏറ്റവും ഗുണം ചെയ്തത് റഷ്യക്കാണ്.
യുക്രെയ്ൻ യുദ്ധത്തിനാവശ്യമായ പണം കുറച്ചുകൂടി എളുപ്പത്തിൽ കണ്ടെത്താനുള്ള വഴിയാണു റഷ്യക്കു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമേ, പാശ്ചാത്യശക്തികൾക്ക് ഊർജാവശ്യങ്ങൾ നികത്താൻ വീണ്ടും റഷ്യയെ ആശ്രയിക്കേണ്ട ഗതികേടുമുണ്ടായിരിക്കുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാശ്ചാത്യ ശക്തികൾ റഷ്യൻ ആശ്രിതത്വം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്.
ഇപ്പോഴത്തെ ഇളവുകൾ താത്കാലികമാണെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ആഗോള ഊർജ വിപണിയുടെ സ്ഥിരത ലക്ഷ്യമിട്ടു മാത്രമാണ് ഉപരോധങ്ങൾ ഇളച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
International
ജനീവ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവചർച്ചകൾക്കു മുന്നോടിയായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ജനീവയിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന ഒമാൻ വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും അരാഗ്ചി പറഞ്ഞു. ഇതിനിടെ, അമേരിക്ക ഉപരോധം പിൻവലിച്ചാൽ ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന് ഇറേനിയൻ വിദേശകാര്യ സഹമന്ത്രി മജിദ് തഖ്ത് റവാഞ്ചി പറഞ്ഞു. പന്ത് അമേരിക്കയുടെ കോർട്ടിലാണ്.
കരാറിലെത്താൻ താത്പര്യമുണ്ടെന്ന് അമേരിക്ക തെളിയിക്കണം. അവരുടെ ഭാഗത്ത് ആത്മാർഥതയുണ്ടായാൽ കരാറിലെത്തുമെന്ന് ഉറപ്പുണ്ട്. ഉപരോധങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർ തയാറാണെങ്കിൽ, മറ്റു വിഷയങ്ങളും ചർച്ച ചെയ്യാൻ തയാറാണ്-മജിദ് തഖ്ത് റവാഞ്ചി കൂട്ടിച്ചേർത്തു.
ഈ മാസം ആറിന് ഒമാനിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യവട്ട ചർച്ച നടന്നത്. ഇന്നും നാളെയും ജനീവയിൽ റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികളുമായും അമേരിക്ക ചർച്ച നടത്തുന്നുണ്ട്. ജൂണിൽ ഇസ്രയേലുമായുള്ള യുദ്ധത്തെത്തുടർന്ന് ആണവ ഏജൻസിയുമായുള്ള (ഐഎഇഎ) എല്ലാ സഹകരണവും ഇറാൻ നിർത്തിവച്ചിരുന്നു. ഇതിനു ശേഷമുള്ള സുപ്രധാന കൂടിക്കാഴ്ചയാണ് ഗ്രോസിയുമായി നടന്നത്. യുദ്ധത്തിനുശേഷം ഇറാന്റെ യുറേനിയം ശേഖരത്തിന്റെ സ്ഥിതി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചിരുന്നു.
യുദ്ധത്തിൽ കേടുപാടുകൾ സംഭവിക്കാത്ത സ്ഥലങ്ങളിലേക്ക് ഇറാൻ ഐഎഇഎയ്ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്, എന്നാൽ, മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ ഇൻസ്പെക്ടർമാരെ അനുവദിച്ചിട്ടില്ല. ഈ സ്ഥലങ്ങൾ ഇപ്പോൾ സുരക്ഷിതമല്ലെന്നാണ് ഇറാന്റെ മറുപടി.
അതേസമയം, ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വൻ സൈനിക സന്നാഹമൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ അമേരിക്ക പ്രദേശത്ത് വിന്യസിച്ചിരുന്നു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ അറേബ്യൻ കടലിൽ ഒമാൻ തീരത്തുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം അമേരിക്ക ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം പരസ്പരം വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അതു ഫലത്തിൽ ദുർബലമാണ്.
മേഖലയിലേക്ക് അമേരിക്ക രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽകൂടി അയച്ചതോടെ ഇറാൻ തിങ്കളാഴ്ച നാവികാഭ്യാസം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഇറേനിയൻ വിപ്ലവഗാർഡ് അഭ്യാസം ആരംഭിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന നിർണായക അന്താരാഷ്ട്ര വ്യാപാര ജലപാതയിലാണ് ഇറാൻ നാവികാഭ്യാസം നടത്തുന്നത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
Kerala
വാഷിംഗ്ടൺ: സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തിയെന്ന് ആരോപിച്ച് ഇറാന്റെ ഉദ്യോഗസ്ഥർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇതോടൊപ്പം ഇറാനിലെ സാമ്പത്തിക ശൃംഖലകൾക്കുമെതിരെയും ഉപരോധം ഏർപ്പെടുത്തി.
സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമായ രീതിയിൽ അടിച്ചമർത്തുകയും കോടിക്കണക്കിന് എണ്ണ വരുമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നടപടികൾ പ്രഖ്യാപിച്ചത്.
ഉപരോധം നേരിടുന്നവരിൽ ഇറാന്റെ ദേശീയ സുരക്ഷക്കായുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഉൾപ്പെടുന്നുണ്ട്. അടിച്ചമർത്തൽ ഏകോപിപ്പിച്ചതായും പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗത്തിന് ആഹ്വാനം ചെയ്തതുമായുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനുമേലുള്ളത്.
ലോറെസ്റ്റാൻ, ഫാർസ് പ്രവിശ്യകളിലെ അടിച്ചമർത്തലിൽ പങ്കെടുത്തതിന് ഇറാന്റെ ലോ എൻഫോഴ്സ്മെന്റ് ഫോഴ്സിന്റെയും റെവല്യൂഷണറി ഗാർഡിന്റെയും നാല് പ്രാദേശിക കമാൻഡർമാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കുമേൽ സമ്മർദം വർധിപ്പിക്കാനായി അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്റെ ഏഴു ബന്ധുക്കളെക്കൂടി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് അറിയിച്ചു. മഡുറോയുടെ മയക്കുമരുന്ന് സംഘടനയ്ക്ക് ഇവർ കൂട്ടുനിൽക്കുന്നതായി ബസന്റ് ആരോപിച്ചു.
മഡുറോയുടെ ബന്ധുക്കൾക്കും അടുത്ത വൃത്തങ്ങൾക്കും മേൽ ഈ മാസം തന്നെ അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. വെനസ്വേലയിൽനിന്ന് എണ്ണ കയറ്റിയ ടാങ്കർ കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു. വെനസ്വേലയിൽ ഉടൻതന്നെ കരയാക്രമണം ഉണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞിരിക്കുന്നത്.
International
ന്യൂയോർക്ക്/വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന് മേൽ സമ്മർദം ചെലുത്താനുള്ള നിയമനിർമാണം നടത്തേണ്ടത് ആവശ്യമല്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “റിപ്ലബ്ലിക്കന്മാർ അത് ചെയ്യുന്നുണ്ട്..റഷ്യയുമായി വ്യാപാരം നടത്തുന്നവർക്കു മേൽ കടുത്ത ഉപരോധമുണ്ടാകും.
ഇറാനെയും പട്ടികയിൽ ഉൾപ്പെടുത്തിയേക്കും..ഞാനാണ് അത് നിർദേശിച്ചത്” എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യൻ എണ്ണ വാങ്ങി മറിച്ചുവിൽക്കുന്നവർക്ക് 500 ശതമാനം താരിഫ് ചുമത്തുന്ന വ്യവസ്ഥയാണ് സെനറ്റർ ലിൻഡ്സേ ഗ്രഹാം അവതരിപ്പിച്ച ബില്ലിൽ ഉള്ളത്.
ഗ്രഹാമും മറ്റൊരു സെനറ്ററായ റിച്ചാർഡ് ബ്ലുമെന്തലും ചേർന്ന് അവതരിപ്പിച്ച ‘സാങ്ക്ഷനിംഗ് റഷ്യ അക്ട് 2025’ വിഭാവനം ചെയ്യുന്നത് റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനുഫണ്ട് ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവയും ഉപരോധവും ഏർപ്പെടുത്തുകയെന്നതാണ്.
സെനറ്റിൽ ഈ നിയമത്തിന് 85 സഹ സ്പോൺസർമാരുണ്ട്. യുദ്ധം നിർത്താൻ വേണ്ടത് ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുക എന്നതാണെന്ന് ജൂലൈ മാസം ബ്ലുമെന്തലും ഗ്രഹാമും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.
International
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുടിൻ തയാറാകാത്തതിനെത്തുടർന്ന് റഷ്യക്കുമേൽ കടത്ത നടപടികളുമായി അമേരിക്ക. റഷ്യയുടെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്കും ഇവയുടെ അനുബന്ധകമ്പനികൾക്കും എതിരേയാണ് ഉപരോധം ഏർപ്പെടുത്തിയത്. കൊലപാതകങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള സമയമാണിതെന്ന് ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.
കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തയാറാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റട്ടെ വാഷിംഗ്ടണിൽ എത്തിയപ്പോഴായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ ദിവസം യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുവതിയും ഇവരുടെ രണ്ട് പെൺകുഞ്ഞുങ്ങളുമുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ തുടർച്ചയായി ആക്രമണം നടന്നു.
എട്ട് യുക്രെയ്ൻ നഗരങ്ങളെയും തലസ്ഥാനമായ കീവിലെ ഒരു ഗ്രാമത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഖാർകീവിലെ കിന്റർഗാർട്ടനുനേർക്കും ആക്രമണമുണ്ടായി. കുട്ടികൾ കെട്ടിടത്തിലായിരുന്നപ്പോഴാണ് ആക്രമണം നടന്നതെന്ന് മേയർ ഇഹോർ തെരേഖോവ് പറഞ്ഞു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ കുട്ടികൾ സുരക്ഷിതരായിരുന്നു. കീവ് ലക്ഷ്യമാക്കി 405 ഡ്രോണുകളും 28 മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. സമയം കളയാനില്ലാത്തതുകൊണ്ട് പുടിനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യൂറോപ്യൻ യൂണിയൻ, അമേരിക്ക, ജി-7 കൂട്ടായ്മ എന്നിവ റഷ്യയെ ചർച്ചയുടെ മേശയിലേക്ക് എത്തിക്കാൻ സമ്മർദം ചെലുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു.
സ്റ്റോക്ക്ഹോമിലെത്തിയ സെലൻസ്കി സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി ഗ്രിപെൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടു. 150 ഗ്രിപെൻ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് കരാർ. ഇതിനകം അമേരിക്കൻ നിർമിത എഫ്-16 വിമാനങ്ങളും ഫ്രഞ്ച് മിറാഷ് യുദ്ധവിമാനങ്ങളും ലഭിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: ക്യൂബയോടുള്ള യുഎസ് നയം പുനഃപരിശോധിക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മന്ത്രിസഭയിലെ ഉന്നത ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. നിലവിലെ ഉപരോധങ്ങൾ പരിശോധിക്കാനും അവ കർക്കശമാക്കാനുള്ള മാർഗങ്ങൾ 30 ദിവസത്തികം നിർദേശിക്കാനുമാണ് ഉത്തരവ്. വിമതരോടുള്ള ക്യൂബയുടെ സമീപനവും നയങ്ങളും പരിശോധിക്കണമെന്നും നിർദേശത്തിലുണ്ട്. ക്യൂബൻ സർക്കാർ, സൈന്യം, ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്ക് അളവില്ലാതെ പ്രയോജനം ലഭിക്കുന്ന സാന്പത്തിക ഇടപാടുകൾ നിയന്ത്രിക്കാനും പദ്ധതിയുണ്ട്. ക്യൂബയിലേക്കുള്ള ടൂറിസം തടയാനുള്ള മാർഗങ്ങളും പരിശോധിക്കപ്പെടും. അമേരിക്കൻ പൗരന്മാർ നടത്തുന്ന പഠനയാത്രകൾ മാത്രമേ അനുവദിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയും ജോ ബൈഡനും അയവുവരുത്തിയ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുമെന്ന് ട്രംപ് നേരത്തേയും പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടം ക്യൂബൻ സന്ദർശകർക്കു മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും നാടുകടത്തലിനെതിരേ രാജ്യത്തെ പൗരന്മാർക്കുണ്ടായിരുന്ന സംരക്ഷണം എടുത്തുമാറ്റുകയും ചെയ്തിരുന്നു.
ക്യൂബൻ ആരോഗ്യദൗത്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു വീസ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇത്തരം പ്രവർത്തനങ്ങളെ നിർബന്ധിത ജോലിയെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ച