ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തോട് രാഷ്ട്രപതി യോജിച്ചെന്ന രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ. രാഷ്ട്രപതി അത്തരത്തിൽ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നാണ് വിശദീകണം. വോട്ടുചോരി ആരോപണങ്ങൾ രാഷ്ട്രപതി തള്ളിക്കളയാത്തത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് രാഹുൽ പറഞ്ഞത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് നിവേദനം നൽകി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ഒമർ അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേർന്ന് 'വോട്ട് ചോരി' (വോട്ട് തട്ടിപ്പ്) നടത്താൻ ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമടങ്ങിയ മെമ്മോറാണ്ടമാണ് നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറിയത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഗാന്ധി, രാഷ്ട്രപതിയുടെ പ്രതികരണം അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു എന്ന് വ്യക്തമാക്കി. തങ്ങൾ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എല്ലാ കാര്യങ്ങളും അനുഭാവപൂർവ്വം കേട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേട്ട രാഷ്ട്രപതി കാര്യം പരിശോധിക്കാമെന്ന് ഉറപ്പുനൽകിയതായി മല്ലികാർജുൻ ഖാർഗെയും അറിയിച്ചു. രാജ്യത്ത് ഇ വി എം പൂർണ്ണമായും ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന് ജനാധിപത്യത്തെ തകർക്കുകയാണെന്നും സഖ്യനേതാക്കൾ രാഷ്ട്രപതിയെ ധരിപ്പിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും റിപ്പോർട്ട് തേടണമെന്ന് ആവശ്യപ്പെട്ടതായും രാഷ്ട്രപതിയുടെ പോസിറ്റീവായ നിലപാടിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും മമതാ ബാനർജിയും കൂട്ടിച്ചേർത്തു.
Tags : Allegations vote rigging President baseless Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash