National
ഏകതാനഗർ (ഗുജറാത്ത്): 2024ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ചലച്ചിത്ര പ്രതിഭകൾക്കു രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു.
മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ബോളിവുഡ് താരം കാർത്തിക് ആര്യനും ഏറ്റുവാങ്ങി.
ദാദാസാഹെബ് പുരസ്കാരം കന്നഡയുടെ ഇതിഹാസതാരം അനന്ത് നാഗിനു രാഷ്ട്രപതി സമ്മാനിച്ചു. മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിയും ഏറ്റുവാങ്ങി.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നിർദേശിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലായിരിക്കും ഇനി മുതൽ പുരസ്കാരദാന ചടങ്ങ് നടത്തുകയെന്നു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
രാഷ്ട്രീയ ചിന്താഗതികൾ മാറ്റിവച്ച് രാജ്യതാത്പര്യത്തിനു മുന്തിയ പരിഗണന നൽകണമെന്നു വിമർശകരോട് മന്ത്രി അഭ്യർഥിക്കുകയും ചെയ്തു.
Tech
ന്യൂഡൽഹി: ഇന്ത്യയിലെ ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകൾ ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച 20.5 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദിൽ പുതിയ 'ഇന്ത്യ സൗത്ത് സെൻട്രൽ' ക്ലൗഡ് റീജിയൻ പ്രവർത്തനം ആരംഭിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു.
ന്യൂഡൽഹിയിൽ നടന്ന 'മൈക്രോസോഫ്റ്റ് എഐ ഇൻഫ്രാസ്ട്രക്ചർ സമ്മിറ്റിലാണ്' കമ്പനി ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്. പൂനെ, ചെന്നൈ, മുംബൈ എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ മൈക്രോസോഫ്റ്റ് ആരംഭിക്കുന്ന നാലാമത്തെ ക്ലൗഡ് റീജിയനാണിത്.
ഏഷ്യയ്ക്കും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കും തന്ത്രപ്രധാനമായ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ ഡാറ്റാ സെന്റർ വൻകിട എഐ പ്രോസസിംഗുകൾക്ക് അനുയോജ്യമായ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പ്, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ബാങ്ക്, പിബി പേ തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങൾ ഇതിനകം തന്നെ ഈ പുതിയ ക്ലൗഡ് റീജിയനിലേക്ക് മാറിത്തുടങ്ങി.
സ്വതന്ത്രമായ പവർ, കൂളിംഗ്, നെറ്റ്വർക്കിംഗ് സംവിധാനങ്ങളുള്ള മൂന്ന് പ്രത്യേക സോണുകൾ ഇതിലുണ്ട്. ഒരു സോണിൽ തടസ്സം നേരിട്ടാലും സർവീസുകൾ തടസമില്ലാതെ ലഭ്യമാകും.
ഡാറ്റാ സെന്ററുകളുടെ കൂളിംഗ് ആവശ്യങ്ങൾക്കായി ജലം വൻതോതിൽ ഉപയോഗിക്കാതെ പൂർണമായും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.
ലോകത്തിലെ ആകെ ഡാറ്റയുടെ 20 ശതമാനവും ഇന്ത്യയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ നിലവിൽ ആഗോള ഡാറ്റാ സെന്റർ ശേഷിയുടെ 3 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ചന്ദോക് പറഞ്ഞു.
National
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് പദവിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഇന്ത്യൻ ആർമി ഓഫീസറായി മേജർ നവ്യ ഷെഖാവത്ത് ചരിത്രം സൃഷ്ടിച്ചു. മുൻപ് 2025-ൽ ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കി ആദ്യമായി രാഷ്ട്രപതിയുടെ എഡിസി ആയി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയായും കരസേനയിൽ നിന്നുള്ള ആദ്യ പ്രതിനിധിയായും മേജർ നവ്യ മാറുന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ സിഡിഎസ് പരീക്ഷ പാസായ ശേഷം ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്നാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. 2021-ൽ ആർമി സർവീസ് കോർപ്സിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ, മറ്റ് പരിപാടികൾ എന്നിവയിൽ രാഷ്ട്രപതിയെ സഹായിക്കുക, സൈനിക-ഔദ്യോഗിക പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് എഡിസിയുടെ പ്രധാന ചുമതലകൾ. രാഷ്ട്രപതിക്ക് സാധാരണയായി അഞ്ച് എ.ഡി.സിമാരാണുള്ളത്. കരസേനയിൽ നിന്ന് മൂന്ന് പേരും നാവികസേന, വ്യോമസേന എന്നിവയിൽ നിന്ന് ഓരോരുത്തർ വീതവും. മികച്ച സേവന പശ്ചാത്തലവും അച്ചടക്കവും വൈദഗ്ധ്യവും തെളിയിക്കുന്ന യുവ ഉദ്യോഗസ്ഥരെയാണ് അതീവ പ്രാധാന്യമുള്ള ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നത്.
Kerala
തിരുവനന്തപുരം: കെപിസിസിക്കു ഫുള് ടൈം അധ്യക്ഷന് വേണമെന്ന നിബന്ധനയോടു കടുത്ത നീരസവുമായി മുതിര്ന്ന കോണ്ഗ്രസ് നേതാവ് കൊടിക്കുന്നില് സുരേഷ് എംപി. ഫുള് ടൈം അധ്യക്ഷന് വേണമെന്ന കാര്യത്തില് പാര്ട്ടി വ്യക്തത വരുത്തിയിട്ടില്ല.
ഇന്ത്യയില് ഒരിടത്തെയും പിസിസി പ്രസിഡന്റുമാരുടെ കാര്യത്തില് ഇങ്ങനെ വ്യവസ്ഥയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ നേതൃത്വം ഒരു വ്യവസ്ഥയും വച്ചിട്ടില്ല. പാര്്ട്ടി നിലപാട് എന്താണെന്ന് തനിക്കറിയില്ല. കാര്യങ്ങള് വ്യക്തമായി അറിയാവുന്നവര് തെറ്റിദ്ധാരണയും ആശയകുഴപ്പവും ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിന് മുന്പ് പലപ്രാവശ്യവും എംപിമാരും എംഎല്എമാരും ആയവര് കെപിസിസി പ്രസിഡന്റായി പ്രവര്ത്തിച്ചിട്ടുണ്ട്. ഫുള് ടൈം അധ്യക്ഷന് വേണമെന്ന ചില നേതാക്കളുടെ നിര്ദേശത്തോടു കടുത്ത നീരസമാണ് കൊടിക്കുന്നില് പ്രകടിപ്പിച്ചിരിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്ന നേതാക്കളില് ഒരാളാണ് കൊടിക്കുന്നില് സുരേഷ്. ദളിത് പ്രാതിനിധ്യം കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില് പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ നേരത്തെയുള്ള നിലപാട്.
അതേസമയം, തെരഞ്ഞെുപ്പില് വിജയിച്ച് മന്ത്രിയായ ശേഷവും സണ്ണി ജോസഫാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്. പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന് നിയമിക്കണമെന്ന നേതാക്കളുടെ അഭിപ്രായത്തോട് ഹൈക്കമാന്ഡ് ഇതുവരെയും നിലപാട് സ്വീകരിക്കാത്തതില് ഒരു വിഭാഗം നേതാക്കള്ക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ കെപിസിസി പ്രസിഡന്റ് വിഷയം ചർച്ചയായതായി സൂചനയുണ്ട്.
Kerala
കണ്ണൂർ: കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ ആക്രമണം. കൂത്തുപറമ്പ് നിർമലഗിരി കോളജിന് സമീപത്തുവച്ചായിരുന്നു സംഭവം. പിന്നാലെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ അതുൽ ചികിത്സ തേടി. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് അതുലും കെഎസ്യുവും ആരോപിച്ചു.
ഭരണംമാറിയശേഷവും പിണറായി വിജയൻ, എ.എൻ. ഷംസീർ എന്നിവർക്ക് അനർഹമായ രീതിയിൽ പൊലിസ് സംരക്ഷണം ഒരുക്കുന്നെന്നും ഇത് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അതുൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്താണ് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ തന്നെ കൈയേറ്റം ചെയ്തതെന്നാണ് അതുൽ പറയുന്നത്.
കൂത്തുപറമ്പ് ടൗണിന് അടുത്തുവച്ച് അതുലിനെ അരമണിക്കൂറോളം സംഘം തടഞ്ഞുവച്ചെന്നും ചോദ്യംചെയ്തശേഷം മർദിച്ചുവെന്നുമാണ് പരാതി.
Kerala
തിരുവനന്തപുരം: ദളിതരെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കണമെന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ അഭിപ്രായം പരിഗണിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ.
കൊടിക്കുന്നിൽ പാർട്ടിയിലെ സീനിയർ നേതാവാണ്. അദ്ദേഹത്തിന്റെ അഭിപ്രായം തള്ളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ ദേവസ്വം ബോർഡിന് ഇനി ഒരു വർഷം കൂടി കാലാവധി ഉണ്ട്. അത് കഴിഞ്ഞ ശേഷം ആലോചിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: കേരളത്തിന് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണാശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറക്കുന്നതോടെ നിയമമാകും.
ചൊവ്വാഴ്ച ലോക്സഭയിൽ ബിൽ പാസായെങ്കിലും പ്രതിപക്ഷബഹളത്തിൽ ചർച്ച ഉണ്ടായില്ല. എന്നാൽ രാജ്യസഭയിൽ ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. മുണ്ടുടുത്താണ് കേരളത്തിൽനിന്നുള്ള രാജ്യസഭാ എംപിമാർ ഇന്നലെ ചർച്ചയിൽ പങ്കെടുത്തത്.
ജെബി മേത്തർ സെറ്റ് സാരി ഉടുത്തും ചർച്ചയിൽ പങ്കെടുത്തു. മലയാളി എംപിമാർ എല്ലാം മലയാളത്തിലാണ് രാജ്യസഭയിൽ പ്രസംഗിച്ചത്. ചർച്ചാവേളയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ എത്താതിരുന്നത് എംപിമാർ ചോദ്യം ചെയ്തു.
National
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ മന്ത്രിയല്ലാത്ത ആളായിരിക്കണമെന്ന് സണ്ണി ജോസഫ്. കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റ് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു സണ്ണി ജോസഫ്.
എംഎൽഎമാർക്കും എംപിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെ സംബന്ധിച്ച് കേന്ദ്ര ഊർജ മന്ത്രി മനോഹർലാൽ ഘട്ടറുമായി സണ്ണി ജോസഫ് ചർച്ച നടത്തിയിരുന്നു.
കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്ന് അധിക വൈദ്യുതി അനുവദിക്കണമെന്നും, കൂടംകുളം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള പ്രസരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Kerala
ന്യൂഡൽഹി: മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണമെന്നാണ് തന്റെ അഭ്രിപ്രായമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറിയിച്ച് മന്ത്രിയും നിലവിലെ കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു.
കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോൺഗ്രസിൽ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ചർച്ചയാകും. എംഎൽഎ ആയ താൻ കെസിസിസി പ്രസിഡന്റ് എന്ന ചുമതല നല്ല രീതിയിൽ നിർവഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി
മാത്യു കുഴൽനാടൻ എംഎൽഎ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പേരുകൾ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.
കെ.സി. വേണുഗോപാലിന്റെ വസതിയിൽ എത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം വീണ്ടും അറിയിച്ചു എന്നാണ് സൂചന.
കെ.സി. പക്ഷത്ത് നിന്ന് പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ അടക്കമുള്ള പേരുകളും സജീവമായി ചർച്ചകളിലുണ്ട്.
District News
ചേർത്തല: അർത്തുങ്കൽ വില്ലേജ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം. പ്രസിഡന്റായി അഡ്വ. ജോസ് ബെന്നറ്റിനെ തെരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങളായി ടി.കെ. അനിൽലാൽ, തോമസ് വർഗീസ്, ലീലാമ്മ ആന്റണി, പ്രകാശൻ, അനിൽ സെബാസ്റ്റ്യൻ, സാനു സ്റ്റീഫൻ, കെ.പി. വിജിമോൾ, മേരി ഗ്രേസ് എന്നിവരാണ് വിജയിച്ചത്.
District News
ചേർത്തല: താലൂക്ക് അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി പി. ഷാജിമോഹനെ തെരഞ്ഞെടുത്തു. കെ.വി. ചന്ദ്രബാബുവിനെ വൈസ് പ്രസിഡന്റായും എ.എസ്. സാബു, എം.ഇ. കുഞ്ഞുമുഹമ്മദ്, വി.കെ. ഷാജിമോൻ, കെ.സി. ശ്യാം, വത്സല, ആര്യ രതീഷ്, ടൈനിമോൾ എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. പി. ഷാജിമോഹൻ സിപിഎം ചേർത്തല ഏരിയാ സെന്റർ അംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമാണ്.
Sports
റ്റ്സർലൻഡ്: അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ)യുടെ ഇടക്കാല പ്രസിഡന്റായി വിശ്വനാഥൻ ആനന്ദിനെ നിയമിച്ചു.
2022ൽ റഷ്യ യുക്രെയ്നിൽ നടത്തിയ അധിനിവേശവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയന്റെ ഉപരോധപ്പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അർക്കാഡി ഡ്വോർക്കോവിച്ച് മാറിനിന്നതോടെയാണ് വിശ്വനാഥൻ ആനന്ദിനെ സംഘടനയുടെ ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചത്.
ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്റും ലോക ചാന്പ്യനുമായ ആനന്ദ്, ഫിഡെ ചാർട്ടറിലെ 19.2-ാം അനുച്ഛേദപ്രകാരമാണ് ചുമതല ഏറ്റെടുത്തത്.
NRI
ഡെസ് പ്ലെയിൻസ്: റോട്ടറി ക്ലബ് ഓഫ് നൈൽസിന്റെ 2026 - 27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും വെള്ളിയാഴ്ച രാത്രി ഏഴിന് ഡെസ് പ്ലെയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്റർ ഹാളിൽ നടക്കും.
പ്രസ്തുത ചടങ്ങിൽ റോട്ടറി ക്ലബ് ഇന്റർനാഷണൽ പ്രസിഡന്റ് ഒലയിങ്ക് ഹക്കീം ബബലോല, ഡിസ്ട്രിക്റ്റ് ഗവർണർ റിക്ക് റെയ്നർ എന്നിവർ പങ്കെടുക്കും. 2026-27 വർഷത്തെ പുതിയ ഭാരവാഹികൾ താഴെപ്പറയുന്നവരാണ്.
പ്രസിഡന്റ്: ഷിബു ജോസഫ് മുളയാനികുന്നേൽ, വൈസ് പ്രസിഡന്റ്: ഷിബു പീറ്റർ വെട്ടുകല്ലേൽ, സെക്രട്ടറി: ഡോ. റോയി ചേലമലയിൽ, ട്രഷറർ: ഡോ. ജോസഫ് എബ്രഹാം, റോട്ടറി ഫൗണ്ടേഷൻ ചെയർ ജസ്റ്റിൻ തെങ്ങനാട്ട് എന്നിവരാണ്.
അവരോടൊപ്പം ബോർഡ് അംഗങ്ങളായി മുൻ പ്രസിഡന്റ് ജിജോ വർഗീസ്സ്, ജോസഫ് എബ്രഹാം (തമ്പി) വിരുത്തികുളങ്ങര, സിബി കുരുവിള, സിറിയക് ലുക്കോസ് പുത്തൻപുര, സാബു തോമസ്, തോമസ് പുല്ലുകാട്ട്, അലക്സ് മുല്ലപ്പള്ളി, ബോബി ജേക്കബ്, അലക്സ് ജോസഫ്, നൈനാൻ തോമസ് എന്നിവരും പ്രവർത്തിക്കും.
കഴിഞ്ഞ ഏഴ് വർഷമായി റോട്ടറി ക്ലബ് ഓഫ് നൈൽസ് കേരളത്തിലും തമിഴ്നാട്ടിലുമായി ജനോപകാരപ്രദമായ നിരവധി സാമൂഹിക സേവന പദ്ധതികൾ വിജയകരമായി നടപ്പാക്കി സമൂഹസേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചുവരികയാണ്.
റോട്ടറി ഇന്റർനാഷണലിന്റെ ഗ്ലോബൽ ഗ്രാന്റിന്റെ സഹായത്തോടെയാണ് ഈ പദ്ധതികൾ നടപ്പാക്കിവരുന്നത്. റോട്ടറി ക്ലബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അറിയുവാൻ ഭാരവാഹികളുമായി ബന്ധപ്പെടുക.
വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ഈ പരിപാടികളിലേക്ക് സംഘടകർ ഏവരെയും പ്രത്യേകം ക്ഷണിക്കുന്നു.
International
കീവ്: ജനപ്രിയനും സാങ്കേതിക വിദഗ്ധനുമായ പ്രതിരോധ മന്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ, സോവിയറ്റ് കാലഘട്ടത്തിൽ പരിശീലനം ലഭിച്ച യുക്രെയ്ൻ ആർമി ചീഫ് ഒലെക്സാണ്ടർ സിർസ്കിയെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പുറത്താക്കി. ജോയിന്റ് ഫോഴ്സ് കമാൻഡറായ മൈഖൈലോ ദ്രപതിയെയാണ് പുതിയ സൈനിക മേധാവിയായി നിയമിച്ചത്.
2024 മുതൽ ഈ പദവി വഹിക്കുന്ന 60-കാരനായ സിർസ്കി, യുക്രൈനിലെ ഏറ്റവും പരിചയസമ്പന്നരായ കമാൻഡർമാരിൽ ഒരാളാണ്. 2022-ൽ റഷ്യൻ അധിനിവേശത്തിന്റെ തുടക്കത്തിൽ കീവിന്റെ പ്രതിരോധത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. പുറത്താക്കപ്പെട്ട മുൻ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവിനെ പിന്തുണച്ച് ദിവസങ്ങളോളം നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് സിർസ്കിക്കെതിരായ നടപടി.
സൈനിക പരിഷ്കരണ ശ്രമങ്ങൾ തടസപ്പെടുത്തിയെന്നും തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഫെഡോറോവ്, സിർസ്കിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
"യുക്രെയ്ൻ സായുധ സേനയുടെ പുതിയ കമാൻഡർ ഇൻ ചീഫായി മൈഖൈലോ ദ്രപതിയെ നിയമിക്കാൻ ഞാൻ തീരുമാനിച്ചു," സെലൻസ്കി ടെലിഗ്രാം കുറിപ്പിൽ വ്യക്തമാക്കി. "ഒലെക്സാണ്ടർ സിർസ്കിക്കും യുക്രൈന്റെ മുൻനിര പോരാട്ട വീര്യത്തിന് പിന്നിൽ പ്രവർത്തിച്ച നമ്മുടെ ഓരോ യോദ്ധാവിനും ഞാൻ നന്ദി അറിയിക്കുന്നു.'-സെലൻസ്കി കുറിച്ചു.
Kerala
കൊച്ചി: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. തേവര എച്ച്എസ് കോളജില് നടന്ന പരിപാടിക്കിടെ മുഖ്യമന്ത്രിയെ കാണാന് അലോഷ്യസ് സേവ്യര് എത്തിയെങ്കിലും അവഗണിച്ച് പോവുകയായിരുന്നു. കോളജില് നടന്ന പരിപാടിയില് സദസില് മുന്നിരയില് തന്നെ അലോഷ്യസ് ഉണ്ടായിരുന്നു.
എന്നാല് പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോള് മറ്റുള്ളവരോടെല്ലാം മുഖ്യമന്ത്രി സംസാരിച്ചെങ്കിലും അലോഷ്യസിന് മുഖം കൊടുക്കാതെ വി.ഡി. സതീശന് പോവുകയായിരുന്നു. കെഎസ്യു സംസ്ഥാന അധ്യക്ഷന് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നല്കിയില്ലെന്ന വിവാദത്തിനിടെയാണ് ഈ സംഭവം.
ഗവണ്മെന്റ് പ്ലീഡര് നിയമനത്തില് മുഖ്യമന്ത്രി-കെഎസ്യു തര്ക്കം കൂടുതല് കലുഷിതമാവുകയാണ്. ഗവണ്മെന്റ് പ്ലീഡര് നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു നേരത്തെ തന്നെ സര്ക്കാരിനെതിരെ രൂക്ഷമായ വിമര്ശനങ്ങള് ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് കെഎസ്യുവിനെ രൂക്ഷമായി വിമര്ശിക്കുകയും ചെയ്തിരുന്നു.
കെഎസ്യു ആരാണ് ഈ വിഷയത്തില് നിലപാട് പറയാന് എന്ന് മുഖ്യമന്ത്രി വിമര്ശിച്ചിരുന്നു. പുതിയതായി നിയമിച്ച ഗവണ്മെന്റ് പ്ലീഡര്മാരില് ഒരാള് മുന് എസ്എഫ്ഐക്കാരനും മറ്റൊരാള് മുന് എബിവിപിക്കാരനുമാണെന്ന് ആരോപിച്ച് കോണ്ഗ്രസില് ഭിന്നത തുടരുകയാണ്.
Kerala
താനൂർ: താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പുരം മൂലക്കൽ സ്വദേശി വലിയകത്ത് പുതിയ ഒറ്റയിൽ അസ്കർ (58) അന്തരിച്ചു.
ഇന്നലെ രാവിലെ ഒന്പതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12.10 ന് മരിച്ചു. പഞ്ചായത്ത് പ്രസിഡന്റായി ആറ് മാസം കഴിയുന്ന വേളയിലാണ് വിയോഗം.
താനൂർ മൂലക്കൽ നൂർ മസ്ജിദിന്റെയും മദ്രസയുടെയും ജനറൽ സെക്രട്ടറിയായും നടക്കാവ് മഹല്ല് മുഹിയുദീൻ മസ്ജിദ് ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പകരനിരപ്പിൽ ശിഹാബ് തങ്ങൾ ഇന്റർനാഷണൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൂടിയായ വി.പി.ഒ. അസ്കർ ഏറെക്കാലം താനാളൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10 മുതൽ 11 വരെ മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11.30ന് നടക്കാവ് മുഹിയുദീൻ ജുമാമസ്ജിദിൽ കബറടക്കും. പരേതരായ തൊമ്മിൽ പുതിയകത്ത് അബൂബക്കറിന്റെയും കുഞ്ഞീവിയുടെയും മകനാണ്.
ഭാര്യ: ബുഷ്റ (അധ്യാപിക, എസ്എംയുപി സ്കൂൾ,താനൂർ). മക്കൾ: റഷ, ഷാന നൗറിൻ, നിദ മർയം. മരുമക്കൾ: മാജിദ് റഹ്മാൻ (ഉള്ളണം), സഫ്വാൻ (പുറത്തൂർ മരവന്ത). സഹോദരങ്ങൾ: മുഹമ്മദ് ഇഖ്ബാൽ, റഫീഖ്, സൽമാബീവി, സാബിറ, സഫൂറ.
Kerala
ആലപ്പുഴ: കെപിസിസി പ്രസിഡന്റിനെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ. പരസ്യപ്രസ്താവനകൾക്ക് ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലങ്ങളായി പാർട്ടി ഹൈക്കമാൻഡ് ആണ് കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത്. എംഎൽഎ, എംപി സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ പരിഗണിക്കരുതെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയതായി തനിക്കറിയില്ലെന്നും ഷുക്കൂർ ദീപിക ഡോട്ട്കോമിനോടു പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷിനെയോ ബെന്നി ബെഹനാനെയോ പോലെ പരിണിതപ്രജ്ഞരായ നേതാക്കൾ ആരെങ്കിലുമാകാം കെപിസിസി പ്രസിഡന്റ്. ഒരാഴ്ചയ്ക്കകം ഹൈക്കമാൻഡ് തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നതെന്നും എ.എ. ഷുക്കൂർ പറഞ്ഞു.
Kerala
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, ജസ്റ്റീസ് കെ.ടി. തോമസ് എന്നിവർ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി സമ്മാനിച്ചത്.
ഇവർക്ക് പുറമേ പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം ഘട്ട ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരും പുരസ്കാരങ്ങൾ കൈപ്പറ്റി.
Kerala
തൃശൂർ: ഭാര്യയെ മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ, രാജിയുമായി ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് കത്തയച്ചത്.
തന്റെ ചോരക്കായി പലരും ഈ ഒരു വർഷക്കാലമായി ദാഹിക്കുന്നുവെന്ന് എ.ആർ. ശ്രീകുമാർ രാജിക്കത്തിൽ പറയുന്നു. ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു.
എ.ആർ. ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക മതിലകം പോലീസിൽ പരാതി നൽകിയിരുന്നു. തന്നെ മർദിച്ചുവെന്നാണ് പ്രിയങ്ക പരാതിയിൽ ചൂണ്ടിക്കാണിച്ചത്. സ്വന്തം വീട്ടിൽ പോയ താൻ മടങ്ങിയെത്താൻ വൈകി എന്ന് ആരോപിച്ച് ഭർത്താവ് ക്രൂരമായി മർദ്ദിച്ചുവെന്നും തല ഭിത്തിയിൽ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു പ്രിയങ്ക ശ്രീകുമാറിനെതിരെ പോലീസിൽ നൽകിയ പരാതി.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി മതിലകം പോലീസ് സംഭവത്തിൽ കേസെടുത്തെങ്കിലും ശ്രീകുമാർ മുൻകൂർ ജാമ്യം തേടിയതോടെ കേസ് പരിഗണിക്കും വരെ കോടതി താൽക്കാലികമായി അറസ്റ്റ് തടഞ്ഞിരുന്നു.
എന്നാൽ, ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിന് ശ്രീകുമാറിനെതിരെ ഭാര്യ വീണ്ടും പരാതി നൽകി. വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ അറസ്റ്റ് ചെയ്തു.
ശ്രീകുമാറിന്റെ ഭാര്യ പ്രിയങ്ക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അജ്ഞാതരായ രണ്ടുപേർ കൂടി എത്തി അമ്മയെ ഭീഷണിപ്പെടുത്തിയതായും പ്രിയങ്ക പറയുന്നു.
Kerala
കോട്ടയം: കേരള എന്ജിഒ യൂണിയന് സംസ്ഥാന പ്രസിഡന്റായി എം.എ. അജിത്കുമാറിനെയും ജനറല് സെക്രട്ടറിയായി എം.വി. ശശിധരനെയും തെരഞ്ഞെടുത്തു.
ടി.എം. ഹാജറയാണ് ട്രഷറര്. വൈസ്പ്രസിഡന്റുമാരായി എസ്. ഗോപകുമാര്, കെ.പി. സുനില്കുമാര്, കെ.കെ. സുനില്കുമാര് എന്നിവരെയും സെക്രട്ടറിമാരായി പി.പി. സന്തോഷ്, പി. സുരേഷ്, സീമ എസ്. നായര് എന്നിവരെയും തെരഞ്ഞെടുത്തു.
സി. വി. സുരേഷ്കുമാര്, വി.കെ. ഉദയന്, സി. ഗാഥ, എസ്. സുനില്കുമാര്, എ.എം. സുഷമ, കെ. വിജയകുമാര്, എസ്. സജീവ് കുമാര്, എം. രഞ്ജിനി, ഹംസ കണ്ണാട്ടില്, മേരി സില്വസ്റ്റര്, എസ്. ലക്ഷ്മിദേവി, പി. ആര്. സ്മിത എന്നിവരെ സെക്രട്ടേറിയേറ്റംഗങ്ങളായും തെരഞ്ഞെടുത്തു.
NRI
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയണിന്റെ പ്രസിഡന്റായി പിന്റോ കണ്ണമ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പ്രൊവിൻസുകളിലെ പ്രതിനിധികളും അംഗങ്ങളും നൽകിയ ഏകകണ്ഠമായ പിന്തുണയോടെയാണ് പുതിയ നേതൃത്വം രൂപം കൊണ്ടത്.
പുത്തൻ ആശയങ്ങളും നൂതന പദ്ധതികളും അവതരിപ്പിച്ച് വ്യത്യസ്ത പരിപാടികൾ വഴി അമേരിക്കയിലെ സംഘടനയുടെ പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറുമെന്ന് പിന്റോ കണ്ണമ്പള്ളി പറഞ്ഞു. സംഘടനയിലെ നേതാക്കളോടും പ്രവർത്തകരോടും അംഗങ്ങളോടും നന്ദി രേഖപ്പെടുത്തി.
അടുത്ത രണ്ട് വർഷം പ്രൊവിൻസുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയും അംഗങ്ങളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള മലയാളികളെ ഭാഷ, സംസ്കാരം, പാരമ്പര്യം, സാമൂഹിക പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തിൽ ഒരുമിപ്പിക്കുന്ന അന്തർദേശീയ സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.
വിവിധ രാജ്യങ്ങളിലായി സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സംഘടന സജീവ സാന്നിധ്യമാണ്.
അമേരിക്ക റീജിയണിന്റെ പുതിയ ഭാരവാഹികൾ
ചെയർമാൻ: ജോണി കുന്നംപുറം (ഡാളസ്), പ്രസിഡന്റ്: പിന്റോ കണ്ണമ്പള്ളി (സൗത്ത് ജഴ്സി), ജനറൽ സെക്രട്ടറി: അനീഷ് ജെയിംസ് (സൗത്ത് ജഴ്സി), ട്രഷറർ: നിവിൻ വിൽഫ്രഡ് (ഒന്റാറിയോ, കാനഡ), വൈസ് പ്രസിഡന്റ് (അഡ്മിൻ): ജേക്കബ് എഫ്രേം (കലിഫോർണിയ), വൈസ് പ്രസിഡന്റ്: ജോസ് ആറ്റുപുറം (ഫിലഡൽഫിയ), വൈസ് ചെയർപേഴ്സൺ: മിനി നായർ (സതേൺ ആൽബർട്ട), വൈസ് ചെയർമാൻ: ജെയിംസ് പീറ്റർ (ഫിലാഡൽഫിയ), ജോയിന്റ് സെക്രട്ടറി: സ്മിതാമോൾ ജി. തോമസ് (ഫ്ലോറിഡ), വിമൻസ് ഫോറം പ്രസിഡന്റ്: ഡോ. സൂസൻ ചാണ്ടി (സതേൺ ആൽബർട്ട), വിമൻസ് ഫോറം സെക്രട്ടറി: ആലീസ് മാഞ്ചേരി (ഫ്ലോറിഡ), യൂത്ത് ഫോറം പ്രസിഡന്റ്: ബിബി മോഹൻ (സതേൺ ആൽബർട്ട).
Kerala
കൊച്ചി: കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് പ്രസിഡന്റായി ഫാ. ജോണ് വര്ഗീസ് (മാര് ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം), സെക്രട്ടറിയായി ഫാ. ആന്റണി അറയ്ക്കല് (ആല്ബര്ട്ടൈന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് ആൻഡ് ടെക്നോളജി, കൊച്ചി) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്- ഫാ. ജയിംസ് ചെല്ലങ്കോട്ട് (വിമല്ജ്യോതി എൻജിനിയറിംഗ് കോളജ്, ചെമ്പേരി, കണ്ണൂര്), ട്രഷറർ- ഫാ. റോയി വടക്കന് (ജ്യോതി എൻജിനിയറിംഗ് കോളജ്, തൃശൂര്), ജോയിന്റ് സെക്രട്ടറി- ഫാ.ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി (രാജഗിരി സ്കൂള് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, കൊച്ചി).
എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾ- മോണ്. ഡോ. ജോസഫ് തടത്തില് (സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ചൂണ്ടച്ചേരി, പാലാ), മോണ്. ഡോ. പയസ് മലേക്കണ്ടത്തില് (വിശ്വജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ), ഫാ. ഡേവിഡ് നെറ്റിക്കാടന് (ജ്യോതി എൻജിനിയറിംഗ് കോളജ്, തൃശൂര്), ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് (അമല്ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്, കാഞ്ഞിരപ്പള്ളി), ഫാ. ജോണ് പാലിയക്കര സിഎംഐ (ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനിയറിംഗ്, ഇരിങ്ങാലക്കുട), ഫാ. ആന്റോ ചുങ്കത്ത് (സഹൃദയ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ഇരിങ്ങാലക്കുട), ഫാ. തോമസ് ചൂളപ്പറമ്പില് സിഎംഐ (കാര്മല് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ആലപ്പുഴ), ഫാ. ബിജോയ് അറയ്ക്കല് (ലൂര്ദ് മാതാ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി തിരുവനന്തപുരം), ഫാ. എ.ആര്. ജോണ് (മരിയന് എൻജിനിയറിംഗ് കോളജ് കഴക്കൂട്ടം, തിരുവനന്തപുരം), ഫാ. ബെഞ്ചമിന് പള്ളിയാടിയില് (ബിഷപ് ജെറോം ഇന്സ്റ്റിറ്റ്യൂട്ട്, കൊല്ലം).
ഫാ. ഡോ. റോയി പഴേപറമ്പില് കണ്വീനറായും ഫാ.ഡോ. ജയിംസ് മംഗലത്ത്, ഫാ. ജോണ് പാലിയക്കര, ഫാ. ആന്റോ ചുങ്കത്ത് എന്നിവര് അംഗങ്ങളായും ഓട്ടോണമസ് കോളജ് കണ്സള്ട്ടേഷന് കമ്മിറ്റിക്കും രൂപംനൽകിയിട്ടുണ്ട്.
രാജ്യാന്തര പ്രശസ്ത യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് നവീന കോഴ്സുകള്, വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല് തൊഴില് സംരംഭങ്ങള്, സ്കില് ഡവലപ്മെന്റ് പ്രോഗ്രാമുകള്, സ്റ്റാര്ട്ടപ്പുകള് എന്നിവ അസോസിയേഷന് അംഗങ്ങളായ കോളജുകളില് കൂടുതല് സജീവമാക്കുമെന്ന് എക്സികൂട്ടീവ് സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന് പറഞ്ഞു.
കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില് ഈടുറ്റ സംഭാവനകള് കാലങ്ങളായി തുടരുന്ന സ്ഥാപനങ്ങളുടെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ പ്രവര്ത്തനങ്ങള്ക്ക് പ്രോത്സാഹനം നല്കണമെന്നും യുജിസി ആക്ട് പ്രകാരം സ്വയംഭരണ പദവി ലഭിച്ചിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമപ്രകാരമുള്ള അഡ്മിഷനും അക്കാദമിക് തലങ്ങളിലെ പ്രവര്ത്തന സ്വാതന്ത്ര്യവും സര്ക്കാരും യൂണിവേഴ്സിറ്റിയും ഉറപ്പാക്കണമെന്നും കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് സമ്മേളനം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളക്സ് ബോർഡ്. കോൺഗ്രസ് തിരുവനന്തപുരത്തിന്റെ പേരിൽ "കെപിസിസിയെ ചാണ്ടി ഉമ്മൻ നയിക്കട്ടെ" എന്ന് എഴുതിയ ഫ്ളക്സ് ആണ് സ്ഥാപിച്ചത്.
തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുമ്പിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമാണ് ചാണ്ടിയെന്നും ഫ്ളക്സിൽ പറയുന്നു.
വി.ഡി. സതീശൻ മന്ത്രിസഭയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. മന്ത്രിമാരെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയായിട്ടില്ല. ഇതിൽ തീരുമാനം ആയതിന് ശേഷമായിരിക്കും കെപിസിസി അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുക.
Kerala
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ. സച്ചിദാനന്ദൻ രാജിവച്ചു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും രാജിവച്ചിട്ടുണ്ട്. രാജി ഇ-മെയിൽ കൈമാറി.
ഭരണതുടർച്ചയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ താൻ ഇനി ഒന്നും പറയുന്നില്ലെന്നും പത്ത് വർഷം കഴിഞ്ഞാൽ കോൺഗ്രസിനും ഇതുപോലെ പുറത്ത് പോകേണ്ടി വരുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി തുടർഭരണത്തിനെതിരെ സച്ചിദാനന്ദൻ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കോൺഗ്രസാണ് ഭരിക്കുന്നതെങ്കിലും താൻ ഇതുതന്നെ പറയുമെന്നും ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Kerala
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഭൂരിപക്ഷം ലഭിക്കുന്ന മുറയ്ക്ക് കോണ്ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുക പാർട്ടി കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിച്ചാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട് ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി നടക്കുന്നത് അനവസരത്തിലുള്ള ചർച്ചയാണ്.
ചില മാധ്യമങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയതുപോലെയാകും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലം. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ഇത് ശരിവയ്ക്കുന്നതാണ് എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന് ആവേശവും പ്രതീക്ഷയും നൽകുന്നതായിരുന്നു. ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ യുഡിഎഫിനു കഴിഞ്ഞു.
സംസ്ഥാനത്തിന്റെ പൊതുവായ നന്മയ്ക്കും ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടത്തിയ പ്രഖ്യാപനങ്ങൾ സമ്മതിദായകർ സ്വീകരിച്ചു. രാഹുൽഗാന്ധി പ്രഖ്യാപിച്ച ഗാരന്റികൾ ജനങ്ങൾ ഉൾക്കൊണ്ടു. പ്രതിപക്ഷ നേതാവ് നയിച്ച പുതുയുഗ യാത്രയ്ക്ക് അതിഗംഭീര സ്വീകരണമാണ് സംസ്ഥാന വ്യാപകമായി ലഭിച്ചത്.
ഒട്ടേറെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പിന് മുന്പും പിന്പും യുഡിഎഫ് നേരിട്ടു. വോട്ടർപ്പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പക്ഷപാതപരമായി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കൽ, സർക്കാരിന്റെ ഏകപക്ഷീയ നിലപാടുകൾ, അക്രമങ്ങൾ എന്നിവയെല്ലാം അതിജീവിച്ചാണ് യുഡിഎഫ് മുന്നോട്ടുപോയതെന്നും സണ്ണി ജോസഫ് പറഞ്ഞു. വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
Kerala
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ പ്രചരിച്ച വ്യാജ കത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപിയുടെ മരുമകൻ അജിത് കുമാറിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കത്ത് പ്രചരിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസിന്റെ നടപടി. സുധാകരന്റെ സഹോദരിയുടെ മകനാണ് അജിത് കുമാർ.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ കെ. സുധാകരനെ മത്സരിപ്പിക്കരുതെന്നും പകരം ടി.ഒ. മോഹനനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്ക് സണ്ണി ജോസഫ് എഴുതിയ കത്തെന്ന വിധത്തിലായിരുന്നു പ്രചാരണം. കെപിസിസി പ്രസിഡന്റിന്റെ ലെറ്റർ ഹെഡിലെഴുതിയ രീതിയിലാണ് വ്യാജ കത്ത് തയാറാക്കിയത്.
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ ശാഠ്യം പിടിച്ചത് സ്ഥാനാർഥി നിർണയ ഘട്ടത്തിൽ കോൺഗ്രസിൽ വലിയ പ്രതിസന്ധിയും വിവാദവുമായിരുന്നു. ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് മുൻ മേയർ ടി.ഒ. മോഹനനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ കത്ത് പ്രചരിച്ചത്.
സുധാകരന്റെ സ്ഥാനാർഥിത്വം ഇല്ലാതാക്കിയത് സണ്ണി ജോസഫ് ആണെന്ന വികാരം ഉയർത്തിവിടുകയായിരുന്നു ലക്ഷ്യമെന്നു പോലീസ് പറയുന്നു. താൻ അങ്ങനെ കത്തെഴുതിയിട്ടില്ലെന്നു വ്യക്തമാക്കിയ സണ്ണി ജോസഫ് പോലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിൽ കത്ത് പ്രചരിപ്പിച്ച കെ.ജെ. ജോസഫ്, അബ്ദുൽ ഖാദർ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അജിത് കുമാറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ കണ്ട കത്ത് വ്യക്തികൾക്കു ഫോർവേഡ് ചെയ്തുവെന്നതിനപ്പുറം തനിക്ക് കത്തുമായി ബന്ധമില്ലെന്നാണ് അജിത് കുമാർ പോലീസിനോടു പറഞ്ഞത്. കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് അറിയില്ലായിരുന്നുവെന്നും അജിത് പോലീസിനോട് പറഞ്ഞതായാണു വിവരം.
District News
കോട്ടയം: ജപ്പാന് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഒയിസ്ക ഇന്റര്നാഷണല് (ഓര്ഗനൈസേഷന് ഫോര് ഇന് ഡസ്ട്രിയല് സ്പിരിച്വല് ആന്ഡ് കള്ച്ചറല് അഡ്വാന്സ്മെന്റ്) കേരള ഘടകത്തിന്റെ ദക്ഷിണ മേഖലാ പ്രസിഡന്റായി എ.പി. തോമസ് (കോട്ടയം ) തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ഒയിസ്ക യൂത്ത്സെന്ററില് നടന്ന വാര്ഷിക സമ്മേളനം സൗത്ത് ഇന്ത്യാ പ്രസിഡന്റ് പ്രഫ. തോമസ് തേവര ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര സെക്രട്ടറി ജനറല് എം. അരവിന്ദ ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. ശുദ്ധോദനന് അധ്യക്ഷത വഹിച്ചു.
സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ചാപ്റ്റര് പ്രസിഡന്റിനുള്ള അവാര്ഡ് കഴിഞ്ഞ വര്ഷം എ.പി. തോമസിന് ലഭിച്ചിരുന്നു.
National
ചെന്നൈ: തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്യുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാംഗ്മൂലത്തിൽ കാണിച്ചതിനെതിരെ ആയിരുന്നു ഹർജി.
സ്ഥാനാർഥികളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ അറിയണമെന്ന് കാണിച്ച് പെരമ്പൂരിലെ ഒരു വോട്ടർ ആണ് ഹർജി നൽകിയത്. വിശദമായ ഉത്തരവ് പിന്നീട് നൽകുമെന്ന് കോടതി പറഞ്ഞു.
പെരമ്പൂർ - തിരുച്ചി ഈസ്റ്റ് പത്രികകളിൽ പൊരുത്തക്കേട് ഉണ്ടെന്ന മറ്റൊരു ഹർജിയിൽ വിജയ്ക്ക് കഴിഞ്ഞയഴ്ച ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
Kerala
കൊച്ചി: വൈഎംസിഎ ദേശീയ പ്രസിഡൻ്റായി ജസ്റ്റീസ് കുര്യൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ഒക്കൽ വൈഎംസിഎ അംഗമാണ്. കെ.എസ്. പ്രേം ആനന്ദ് (ശിവഗംഗെ), ടി. സുമൻ ത്യാഗരാജ് (വിജയവാഡ), മഹിമ തുർഹി അഗർവാൾ (ജബൽപൂർ) എന്നിവർ വൈസ് പ്രസിഡന്റായും ഡോ. പീറ്റർ വിൽസൺ പ്രഭാകർ (പുത്തൂർ) ട്രഷററായും തെരഞ്ഞെടുത്തു.
National
ന്യൂഡൽഹി: ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പരാജയപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഭീകരതയ്ക്കുമുന്നിൽ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു രാഷ്ട്രമെന്ന നിലയിൽ നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഒന്നിച്ചുനിൽക്കുകയാണെന്നും ഭീകരവാദികളുടെ ക്രൂരമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഈ ദിവസം പഹൽഗാമിൽ കൊല്ലപ്പെട്ട നിരപരാധികളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും രാജ്യത്തെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പഹൽഗാമിൽ നടന്ന ഭീരുത്വ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരവാദം മാനവികതയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവരെയും തോൽപ്പിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സീറോ ടോളറൻസ് നയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, മുതിർന്ന കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി, കേന്ദ്രമന്ത്രി രാം നാഥ് ഠാക്കൂർ തുടങ്ങി പുതുതായി തെരഞ്ഞെടുക്കപ്പെട്ട 16 രാജ്യസഭാ എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ഇന്നലെ നടന്ന ചടങ്ങിൽ രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാർ, ആസാം, ഹരിയാന, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണു സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞദിവസം രാജ്യസഭാംഗമായി ചുമതലയേറ്റിരുന്നു.
സത്യപ്രതിജ്ഞ ചെയ്തവരിൽ 11 പേർ എൻഡിഎയിൽനിന്നും അഞ്ചുപേർ കോണ്ഗ്രസിൽനിന്നും ഉള്ളവരാണ്. ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ബിഹാറിലെ എംഎൽഎസ്ഥാനം രാജിവച്ചാണ് നിതിൻ നബിൻ രാജ്യസഭയിലെത്തുന്നത്. ബിഹാറിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാം നാഥ് ഠാക്കൂറിനൊപ്പം ഉപേന്ദ്ര കുശ്വാഹ (ആർഎൽഎം), ശിവേഷ് കുമാർ (ബിജെപി) തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
ആസാമിൽനിന്ന് തേരാഷ് ഗോവാല (ബിജെപി), ജോഗൻ മോഹൻ (ബിജെപി), പ്രമോദ് ബോറോ (യുപിപിഎൽ) എന്നിവരും ഛത്തീസ്ഗഡിൽനിന്ന് ലക്ഷ്മി വർമ (ബിജെപി), ഫൂലോ ദേവി നേതം (കോണ്ഗ്രസ്) തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.
ഹരിയാനയെ പ്രതിനിധീകരിച്ചു കരംവീർ സിംഗ് ബൗദ്ധ് (കോണ്ഗ്രസ്), സഞ്ജയ് ഭാട്ടിയ (ബിജെപി) എന്നിവരും തെലുങ്കാനയിൽനിന്ന് കോണ്ഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഗ്വി, വെം നരേന്ദ്ര റെഡ്ഢി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഒഡീഷയിൽനിന്ന് ബിജെപിയുടെ സുജിത് കുമാറും ഹിമാചൽ പ്രദേശിൽനിന്ന് കോണ്ഗ്രസ് അംഗം അനുരാഗ് ശർമയും സത്യപ്രതിജ്ഞ ചെയ്തു
International
ബഗ്ദാദ്: ഇറാഖ് പ്രസിഡന്റായി കുർദ് നേതാവായ നിസാർ അമിദിയെ (58) പാർലമെന്റ് തെരഞ്ഞെടുത്തു. ഇറാഖിൽ പ്രധാനമന്ത്രി സ്ഥാനം ഷിയാ വിഭാഗത്തിനും സ്പീക്കർ സുന്നിവിഭാഗത്തിനും പ്രസിഡന്റ് പദവി കുർദുകൾക്കുമാണ്.
പുതിയ പ്രധാനമന്ത്രിയെ നിയോഗിക്കാനുള്ള ചുമതല പ്രസിഡന്റിനാണ്. ഇറാൻ പിന്തുണയുള്ള ഷിയാ വിഭാഗത്തിലെ മുൻപ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും നിയോഗിക്കുന്നതിനെ യുഎസ് എതിർത്തിരുന്നു. പ്രധാനമന്ത്രിക്കാണു രാഷ്ട്രീയാധികാരമുള്ളത്.
International
വാഷിംഗ്ടൺ ഡിസി: 2028-ൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് കമലാ ഹാരിസ്. പൗരാവകാശ സംഘടനയായ നാഷണൽ ആക്ഷൻ നെറ്റ്വർക്കിന്റെ ഒരു യോഗത്തിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇവർ.
2028ൽ അമേരിക്കൻ ജനതയ്ക്ക് വേണ്ടി പ്രസിഡന്റ് എന്ന നിലയിൽ ഏറ്റവും മികച്ച ജോലി ആർക്ക് ചെയ്യാൻ കഴിയുമെന്നതിന്റെ പശ്ചാത്തലത്തിൽ താൻ മത്സരിക്കുന്നത് പരിഗണിക്കുമെന്ന് ഹാരിസ് കൂട്ടിച്ചേർത്തു.
യുഎസ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഹാരിസ്, 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെട്ടു. യുഎസ് സെനറ്ററായും കാലിഫോർണിയയുടെ അറ്റോർണി ജനറലായും കമലാ ഹാരിസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
National
ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് സഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മികച്ച ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും ഖാർഗെ അവകാശപ്പെട്ടു.
'ആസാമിൽ കോൺഗ്രസ് സഖ്യത്തിന് അനുകൂലമായ സാഹചര്യമാണ്. സഖ്യത്തിന് കുറഞ്ഞത് 72 സീറ്റുകൾ കിട്ടും. ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.'-ഖാർഗെ പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അഴിമതി സർക്കാരിനെ ജനങ്ങൾക്ക് മടുത്തു കഴിഞ്ഞു. അവരെ പറഞ്ഞു വിടാൻ ജനങ്ങൾ തയാറായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബിജെപി തകർന്നടിയുമെന്നും ഖാർഗെ പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അമേരിക്ക ഫസ്റ്റ് പുരസ്കാരം സമ്മാനിച്ച് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.
ബുധനാഴ്ച നടന്ന റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ഫണ്ട് ശേഖരണ പരിപാടിക്കിടെയാണ് സ്വർണ പരുന്തിന്റെ രൂപത്തിലുള്ള പ്രതിമ ട്രംപിന് കൈമാറിയത്. അമേരിക്കയുടെ പുതിയ സുവർണ കാലഘട്ടത്തിന് അനുയോജ്യമായ പുരസ്കാരമാണിതെന്ന് മൈക്ക് ജോൺസൺ വിശേഷിപ്പിച്ചു.
എന്നാൽ, രാജ്യവും ലോകവും വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ട്രംപിനെ പ്രീണിപ്പിക്കാനായി ഇത്തരം വ്യാജ പുരസ്കാരങ്ങൾ നിർമിക്കുകയാണെന്ന് ഡെമോക്രാറ്റുകളും രാഷ്ട്രീയ നിരീക്ഷകരും പരിഹസിച്ചു.
ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു പുരസ്കാരം നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഫ്ലോറിഡയിൽ നിന്നുള്ള പ്രതിനിധി കാത്തി കാസ്റ്റർ കുറ്റപ്പെടുത്തി.
മുൻപ് ക്ലീൻ കോൾ പുരസ്കാരം, ഫിഫ സമാധാന സമ്മാനം തുടങ്ങിയവയും സമാനമായ രീതിയിൽ ട്രംപിന് നൽകപ്പെട്ടിരുന്നു.
NRI
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ 250-ാം വാർഷികത്തോടുള്ള ആദരസൂചകമായാണ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് നോട്ടുകളിൽ ഉൾപ്പെടുത്തുന്നത്.
ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന നോട്ടുകളിലാണ് ട്രംപിന്റെ ഒപ്പ് പ്രത്യക്ഷപ്പെടുക. നിലവിലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പിനോടൊപ്പമായിരിക്കും ഇത്.
നൂറു വർഷത്തിലേറെയായി കറൻസി നോട്ടുകളിൽ ഒപ്പിടാറുള്ള യുഎസ് ട്രഷററുടെ ഒപ്പ് ഇതോടെ ഒഴിവാക്കപ്പെടും എന്ന പ്രത്യേകതയുമുണ്ട്.
മുൻപ് ഒരു പ്രസിഡന്റും സ്വന്തം ഒപ്പ് കറൻസിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ട്രഷറി വകുപ്പിന്റെ ഈ തീരുമാനം അഭൂതപൂർവമായ ഒരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
Kerala
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര് രാജി വയ്ക്കാനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കുന്നത്.
നേരത്തെ പൂഞ്ഞാർ, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു.
ഇറക്കുമതി സ്ഥാനാർഥി പൂഞ്ഞാറില് വേണ്ടെന്നും സ്വന്തം നാട്ടില് മത്സരിക്കട്ടെയെന്നുമായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. അലോഷി സ്വന്തം നാട്ടുകാര്ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില് ആരോപിച്ചിരുന്നു.
Sports
തിരുവനന്തപുരം: കേരളാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റായി എസ്എഫ്ഐ ദേശീയ പ്രസിഡന്റായ വി.പി. സാനുവിനെ നിയമിച്ചു.
നിലവിലെ പ്രസിഡന്റ് യു. ഷറഫലിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലന്പൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ ഇടതുമുന്നണി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സ്പോർട്സ് കൗണ്സിലിന് പുതിയ പ്രസിഡന്റിന്റെ നിയമിച്ചത്.
Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭാര്യയുമായി ഒത്തുതീർപ്പായി എന്നാണ് ഇപ്പോൾ പറയുന്നത് എന്നാൽ അത്തരത്തിൽ അവസാനിപ്പിക്കേണ്ട വിഷയമല്ല ഇതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഉടൻ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. ഇതാണൊ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ധാർമികതയെന്നും സണ്ണി ജോസഫ് ചോദിച്ചു.
അതേസമയം, കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക് നീങ്ങുകയാണ്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി.
ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ് കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ് വിഷയം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.
വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് തിങ്കളാഴ്ച സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു.
മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ പറഞ്ഞു
National
കോൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബംഗാള് സന്ദര്ശനത്തില് ഗുരുതര പ്രോട്ടോക്കോള് ലംഘനം. സ്വീകരിക്കാന് മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ലെന്ന അമര്ഷം പരസ്യമാക്കി രാഷ്ട്രപതി ദ്രൗപതി മുർമു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തനിക്ക് സഹോദരിയെ പോലെയാണ്. അവർക്ക് തന്നോട് പിണക്കമുണ്ടോ എന്ന് അറിയില്ലെന്നും രാഷ്ട്രപതി പറഞ്ഞു. സിലിഗുഡിയിലെ പരിപാടിയിലാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നത്. രാഷ്ട്രപതി പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പശ്ചിമ ബംഗാളിലെ ബിധാൻനഗറിൽ നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുറിലെ വേദിയിലേക്ക് മാറ്റിയിരുന്നു.
വേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതി അമര്ഷം പരസ്യമാക്കിയത്. "രാഷ്ട്രപതി ഒരു സ്ഥലം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. എന്നാൽ, അവർ (മമതാ ബാനർജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമത എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവർക്ക് എന്നോട് ദേഷ്യമായതിനാലാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല" ഇങ്ങനെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
സംഭവത്തിൽ തൃണമൂല് സർക്കാർ എല്ലാ പരിധികളും ലംഘിച്ചുവെന്നും അപമാനകരമായ സംഭവമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നുവെന്നും രാഷ്ട്രപതിക്കുണ്ടായ അപമാനത്തിന് ഉത്തരവാദികൾ ബംഗാൾ സർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരം നേടുക എന്നും സാമിക് ഭട്ടാചാര്യ.
"സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ബംഗാളിലും നടപ്പാകണമെന്ന് അവർ ആഗ്രഹിക്കുന്നു. ഡബിൾ എൻജിൻ സർക്കാർ വരുന്നതിന് അവർ വോട്ട് ചെയ്യും.'-സാമിക് അവകാശപ്പെട്ടു.
"കഴിഞ്ഞ 15 വർഷമായി ബംഗാൾ ഭരിക്കുന്ന മമത സംസ്ഥാനത്തെ തകർത്തു. എല്ലാ മേഖലകളെയും പിന്നോട്ടടിപ്പിച്ചു. കേന്ദ്ര പദ്ധതികൾ അവർ നടപ്പാക്കുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും ആണ് നടക്കുന്നത്. അതിനാൽ തന്നെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു.'-സാമിക് ഭട്ടാചാര്യ പറഞ്ഞു.
National
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ രാജ്യസഭയിലേയ്ക്ക് പരിഗണിച്ച് ബിജെപി. ബിഹാറിൽ നിന്നാണ് നിതിൻ നബീൻ മത്സരിക്കുക. നിതിൻ നബീനിന് പുറമെ എട്ട് സ്ഥാനാർഥികളുടെ പേരുകൾ കൂടി ബിജെപി പുറത്തുവിട്ടു.
ബീഹാർ, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ബിജെപി സ്ഥാനാർഥിപട്ടിക പുറത്തിറക്കിയത്. എന്നാൽ വിജയിക്കും എന്നുറപ്പുള്ള മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഇതിന് പുറമെ അഞ്ച് സിറ്റിംഗ് എംപിമാരെ ബിജെപി ഒഴിവാക്കി.
ജനുവരി 20നാണ് ബിജെപി ദേശീയ അധ്യക്ഷനായി നിതിന് നബിന് ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 45കാരനായ നിതിന് നബീന്. ദേശീയ അധ്യക്ഷനായുള്ള ജെ.പി. നദ്ദയുടെ കാലാവധി അവസാനിച്ചതോടെയാണ് നിതിൻ നബീൻ തെരഞ്ഞെടുക്കപ്പെട്ടത്.
National
ന്യൂഡൽഹി: എ ഐ ഉച്ചകോടിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ ജാമ്യം സ്റ്റേ ചെയ്ത നടപടി നീക്കി ഡൽഹി ഹൈക്കോടതി.
കഴിഞ്ഞ ശനിയാഴ്ച ചിബിന് ഡൽഹി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും അതേദിവസം തന്നെ സെഷൻസ് കോടതി ആ നടപടി സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് ചിബ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
പ്രത്യേക കാരണങ്ങൾ ഒന്നും വ്യക്തമാക്കാതെയാണ് സെഷൻസ് കോടതി ജാമ്യം സ്റ്റേ ചെയ്തതെന്ന് ജസ്റ്റീസ് സൗരഭ് ബാനർജി നിരീക്ഷിച്ചു. അപൂർവവും അസാധാരണവുമായ കേസുകളിൽ മാത്രമേ ജാമ്യം സ്റ്റേ ചെയ്യാറുള്ളൂവെന്ന് സെഷൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ആ കാരണം എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. തുടർന്ന് വിഷയത്തിൽ തീരുമാനം ആകുന്നതുവരെ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ചിബിന്റെ അഭിഭാഷകരെ കേൾക്കാതെയാണ് ജാമ്യം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സെഷൻസ് കോടതി പാസാക്കിയത്.
National
ജയ്സാൽമർ: ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാജസ്ഥാനിലെ ജയ്സാൽമറിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം തദ്ദേശീയമായി വികസിപ്പിച്ച 'പ്രചണ്ഡ്' ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിൽ രാഷ്ട്രപതി പറന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ആക്രമണ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നത്.
ഒലിവ് ഗ്രീൻ ഫ്ലൈറ്റ് സ്യൂട്ട് ധരിച്ചെത്തിയ രാഷ്ട്രപതി, ജയ്സാൽമർ വ്യോമസേനാ താവളത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഏകദേശം 25 മിനിറ്റ് നീണ്ടുനിന്ന പറക്കലിൽ ഹെലികോപ്റ്ററിന്റെ കോ-പൈലറ്റ് സീറ്റിലിരുന്നാണ് രാഷ്ട്രപതി ആകാശക്കാഴ്ചകൾ കണ്ടത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായു ശക്തി-2026' അഭ്യാസപ്രകടനത്തിന്റെ ഭാഗമായിട്ടായിരുന്നു പറക്കൽ.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് രണ്ടാമത്തെ ഹെലികോപ്റ്ററിൽ രാഷ്ട്രപതിയുടെ ഫോർമേഷന് നേതൃത്വം നൽകി. ജയ്സാൽമർ ഫോർട്ട്, ഗാഡിസർ തടാകം എന്നിവയ്ക്ക് മുകളിലൂടെ പറന്ന ഹെലികോപ്റ്റർ, പോഖ്റാൻ റേഞ്ചിലെ ഒരു സാങ്കൽപിക ലക്ഷ്യസ്ഥാനത്തിന് നേരെ ആക്രമണം നടത്തുന്നതിനും സാക്ഷിയായി.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച പ്രചണ്ഡ് ഹെലികോപ്റ്റർ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയുടെ പ്രതീകമാണ്. ലോകത്ത് 5,000 മീറ്റർ (16,400 അടി) ഉയരത്തിൽ ആയുധങ്ങളുമായി പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഏക അറ്റാക്ക് ഹെലികോപ്റ്ററാണിത്. റഡാറുകളുടെ കണ്ണ് വെട്ടിക്കാനുള്ള പ്രത്യേക രൂപകൽപ്പന ഇതിനുണ്ട്. അത്യാധുനിക മിസൈലുകൾ, റോക്കറ്റുകൾ, തോക്കുകൾ എന്നിവ ഇതിൽ ഘടിപ്പിക്കാം.
Kerala
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായി ജോസ് പെരുന്പിള്ളിക്കുന്നേലിനെയും സെക്രട്ടറിയായി ജോസ് വർഗീസിനെയും തെരഞ്ഞെടുത്തു.
ജോസ് മോനിപ്പിള്ളിൽ-ട്രഷറർ, ജിമ്മി തോമസ്-വൈസ്പ്രസിഡന്റ്, ഷൈജി ജോസഫ്-ജോയിന്റ് സെക്രട്ടറി, ജെയ്സൺ ജോസ്, ജിമ്മി ജോർജ്, മാത്യു ജോസഫ്, ഷൈൻ ജോൺ, പി.വി. ഫ്രാൻസിസ്, എം.എൻ. ഷാജി-കമ്മിറ്റിയംഗങ്ങൾ എന്നിവരാണ് മറ്റു ഭാരവാഹികൾ.
Kerala
കോട്ടയം: കെഎസ്ടിഎ 35-ാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എ.കെ. ബീന (പ്രസിഡന്റ്), ടി.കെ.എ. ഷാഫി (ജനറല് സെക്രട്ടറി), കെ. രാഘവന് (ട്രഷറാര്) എന്നിവരാണ് പ്രധാന ഭാരവാഹികള്. കണ്ണൂര് സ്വദേശിയായ എ.കെ. ബീന കണ്ണൂര്, മട്ടന്നൂര് ഹയര് സെക്കന്ഡറി സ്കൂൾ അധ്യാപികയാണ്. മലപ്പുറം ജില്ലയിലെ പെരിമ്പലം സ്വദേശിയായ ടി.കെ.എ. ഷാഫി പൂജപ്പുര ഗവണ്മെന്റ് യുപി സ്കൂള് മുഖ്യാധ്യാപകനാണ്. കാസര്ഗോഡ് ജില്ലയിലെ തെക്കില് സ്വദേശിയായ കെ. രാഘവന് ചേരൂര് ഐഐഎ എല്പി സ്കൂള് മുഖ്യാധ്യാപകനാണ്.
എം.എ. അരുണ്കുമാര് (പാലക്കാട്), കെ.സി. മഹേഷ് (കണ്ണൂര്), പി.എസ്. സ്മിജ (കോഴിക്കോട്), പി.വി. രാജേഷ് (തിരുവനന്തപുരം), കെ.വി. അനീഷ്ലാല് (കോട്ടയം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും എ. നജീബ് (തിരുവനന്തപുരം), എം.കെ. നൗഷാദലി (പാലക്കാട്), പി.ജെ. ബിനേഷ് (വയനാട്), എസ്. സബിത (കൊല്ലം), ആര്.കെ. ബിനു (മലപ്പുറം) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 85 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
National
ദിസ്പുർ: കോൺഗ്രസ് വിട്ട പിസിസി മുൻ അധ്യക്ഷൻ ഭുപൻ ബോറ പാർട്ടിയിൽ തിരിച്ചെത്തി. സംസ്ഥാന അധ്യക്ഷൻ ഗോഗോയിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
മുൻ എംഎൽഎ കൂടിയായ ഭൂപെൻ ബോറ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇന്ന് ഉച്ചയോടയാണ് രാജിക്കത്ത് നൽകിയത്. തന്നെ പാർട്ടി അവഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു.
2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ഗൗരവ് ഗോഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്ട്ടിയില് പ്രതിഷേധമുയര്ന്നിരുന്നു.
Kerala
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ അമ്മമാരുടെ സംഘടനയായ മലങ്കര കാത്തലിക് മദേഴ്സ് ഫോറം എംസിഎംഎഫിന്റെ വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ നടന്നു.
എംസിഎംഎഫ് ചെയർമാൻ മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ ബിഷപ് യൂഹാനോൻ മാർ തെയോഡേഷ്യസ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി, ഷീജ ഏബ്രഹാം (പത്തനംതിട്ട) - പ്രസിഡന്റ്, പ്രവിത ബെൻസിഗർ (പാറശാല)- വൈസ് പ്രസിഡന്റ്, എലിസബത്ത് ജോർജ് (ബത്തേരി)- സെക്രട്ടറി, ജിൻസി ആന്റണി (ഡൽഹി)- ജോയിന്റ് സെക്രട്ടറി, ലൗലി രാജൻ (തിരുവനന്തപുരം)- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
National
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി ഹൈദരാബാദ് ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂല തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ നടക്കുന്ന സിബിസിഐയുടെ മുപ്പത്തേഴാമതു ജനറൽ ബോഡിയിലായിരുന്നു തെരഞ്ഞെടുപ്പ്.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായാണു നിയമനം. ദളിത് വിഭാഗത്തിൽനിന്ന് സിബിസിഐ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യത്തെ മെത്രാനാണ് കർദിനാൾ ഡോ. ആന്റണി പൂല. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവരാണു പുതിയ വൈസ് പ്രസിഡന്റുമാർ.
ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ സിബിസിഐ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷത്തേക്കാണ് നിയമനങ്ങൾ. 1961 നവംബർ 15 ന് ആന്ധ്രയിലെ കർണൂൽ രൂപതയിലെ പോളൂരുവിലാണ് കർദിനാൾ പൂലയുടെ ജനനം. 1992 ഫെബ്രുവരി 20 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കടപ്പ രൂപതയിൽ ചേർന്നു.
2008 ഫെബ്രുവരി എട്ടിന് കർണൂൽ മെത്രാനായി. 2020 നവംബർ 19 മുതൽ ഹൈദരാബാദ് ആർച്ച്ബിഷപ്പാണ്. 2022 ഓഗസ്റ്റ് 27 ന് ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ കർദിനാളായി ഉയർത്തി.
Kerala
തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന് സര്ക്കാര് അവതരിപ്പിച്ച ബില് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച് ഗവര്ണര് രാജേന്ദ്ര അര്ലേക്കര്. വന്യജീവി ആക്രമണം ഫലപ്രദമായി നേരിടുന്നതിന് നിലവിലുള്ള വ്യവസ്ഥകള് പര്യാപ്തമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നിയമം ഭേദഗതി ചെയ്യാന് സര്ക്കാര് തീരുമാനിച്ചത്.
നിയമസഭ പാസാക്കിയ ബില്ലില് ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എ.കെ.ശശീന്ദ്രനും നിയമമന്ത്രി പി.രാജീവും ഗവര്ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്ണര് ബില് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്.
ഗവര്ണറുടെ നടപടി സ്വാഗതര്ഹമാണെന്നും രാഷ്ട്രപതിയുടെ അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വനം മന്ത്രി പറഞ്ഞു.
ജനവാസ മേഖലയില് ഇറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ ആവശ്യമെങ്കില് ഉടന് കൊല്ലുന്നതിനോ മയക്കുവെടിവയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലില് ഉണ്ട്.
National
ന്യൂഡൽഹി: പ്രതിപക്ഷ ബഹളം തുടരുന്ന സാഹര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് മറുപടി പ്രസംഗം ഇല്ലാതെ രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി.
പ്രതിപക്ഷ ബഹളം തുടർന്ന സാഹചര്യത്തിൽ സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് രണ്ട് മണി വരെ സഭ നടപടികൾ നിർത്തി വച്ചു. സാധാരണയിൽ നിന്നും വ്യത്യസ്തമായാണ് ഇത്തരമൊരു നടപടി. സാധാരണ ചർച്ച നടന്ന ശേഷം പ്രധാനമന്ത്രി അവസാനം മറുപടി നൽകുകയാണ് പതിവ്.
എന്നാൽ ലോക്സഭ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂർത്തിയാക്കാതെ പ്രധാനമന്ത്രിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതോടെ ലോക്സഭയിൽ പ്രധാനമന്ത്രി പ്രസംഗിക്കാതെ നന്ദി പ്രമേയം പാസാക്കി. ഇന്ന് വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തിയേക്കും.
പ്രതിപക്ഷം സഹകരിച്ചാൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ ബജറ്റ് ചർച്ച ആരംഭിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പ്രസംഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സഭയിലെ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ വരെ പ്രതിപക്ഷ പ്രതിഷേധം എത്തിയതോടെ പ്രസംഗത്തിനായി അദ്ദേഹം സഭയിലെത്തിയില്ല.
പ്രതിപക്ഷത്തിന്റെ ഈ നടപടിക്കെതിരെ ഇന്ന് രാവിലെ സഭ സമ്മേളിച്ചപ്പോൾ സ്പീക്കർ ഓം ബിർള രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. പാർലമെന്റിന്റെ അന്തസിന് യോജിച്ച നടപടിയല്ലെന്നും സ്ഥാപിതമായ മര്യാദയുടെ ലംഘനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
2020ൽ അതിർത്തിയിൽ ചൈന നടത്തിയ സൈനിക നടപടിയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരുന്നതും അദ്ദേഹത്തിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാത്തതുമാണ് പ്രതിപക്ഷ ബഹളത്തിന് കാരണം.
District News
ചങ്ങനാശേരി: ഓള് കേരള ഇലക്ട്രിക് സ്കൂട്ടര് ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനം തൃശൂരില് നടന്നു. സംസ്ഥാന പ്രസിഡന്റായി സാജു മഞ്ചേരിക്കളം (കോട്ടയം), ജനറല് സെക്രട്ടറി മുകേഷ് മനോഹരന് (തൃശൂര്), ട്രഷറര് മുഹമ്മദ് ഷബീബ് (മലപ്പുറം) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി സുലൈമാന് അബൂബക്കര് (തിരുവനന്തപുരം), രമേശ് കോലിക്കര (കാസര്ഗോഡ്), ജോയിന്റ് സെക്രട്ടറിമാരായി റോജിന് അച്ചന്കുഞ്ഞ് ( മാവേലിക്കര ) നൗഷാദ് ഇടക്കാട്ട് (എറണാകുളം ) എന്നിവരെയും തെരഞ്ഞെടുത്തു.
National
ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്ക്ക് ഏഴ് വര്ഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു. ബില്ലില് തീരുമാനമെടുക്കാത്തതിനെ വിമര്ശിച്ച് സംസ്ഥാന സര്ക്കാര് രംഗത്തുവന്നതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
സമൂഹത്തില് സ്പര്ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്ക്കും സന്ദേശങ്ങള്ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്ക്ക് കുറഞ്ഞത് ഏഴ് വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.
നിയമസഭാ സമ്മേളനത്തില് പാസാക്കിയ ബില്ല് ഡിസംബര് അവസാനമാണ് ഗവര്ണറുടെ അനുമതിക്കായി അയച്ചത്. എന്നാല് ബില്ലിലെ 28 പോയിന്റുകളില് വ്യക്തത തേടിയ ഗവര്ണര് പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.
International
ജെറുസലേം: ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.
വ്യോമാക്രമണത്തിൽ 31 പേർ മരിച്ചു. ആറ് കുട്ടികളടക്കമാണ് മരിച്ചത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഇടിച്ചുകയറുകയായിരുന്നു.
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുകയാണ്.
ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തുടർച്ചയായ ലംഘനങ്ങൾ ഇസ്രയേൽ സർക്കാർ വംശഹത്യയുടെ ക്രൂരമായ യുദ്ധം തുടരുകയാണെന്ന് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.
ഖാൻ യൂനിസിലെ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏഴ് പേർ. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഖത്തർ, ആവർത്തിച്ചുള്ള ഇസ്രയേലി നിയമലംഘനങ്ങളെ അപലപിച്ചതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗ്രവാൾ ഉൾപ്പെടെയുള്ളവർ ധനമന്ത്രിക്കൊപ്പമുണ്ട്.
ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ഇടപെട്ട് രാഷ്ട്രപതി. പരാതി രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.
പരാതി പരിശോധിച്ച് മേൽനടപടികൾ കൈക്കൊള്ളാൻ വകുപ്പിന് നിർദേശം നൽകി. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് പരാതിക്കാരന് ലഭിച്ചു. മുൻപ് പത്മ പുരസ്കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്.
ക്രിമിനൽകേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ആദരം നൽകുന്നത് ഉചിതമല്ലെന്നും കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം അനീതിയാണെന്നും കമ്മിറ്റി പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എൽഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോൺഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.'-രാജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാൾ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂൾ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതികളിലൂടെ 95 കോടി പേർക്കു പ്രയോജനം ലഭിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കഴിഞ്ഞ ദശകത്തിൽ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് മോദി സർക്കാർ കരകയറ്റിയതായും നാലു കോടി വീടുകൾ സർക്കാർ നിർമിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ആഗോളതലത്തിൽ ചർച്ചയാണെന്നും രാജ്യത്തു ക്രിയാത്മക മാറ്റമുണ്ടെന്നും മുർമു പറഞ്ഞു. ഇന്ത്യക്കെതിരേയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഉദാഹരണമാണെന്നും അവർ ഓർമിപ്പിച്ചു.
ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മിഷൻ സുദർശൻ ചക്രയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെച്ചൊല്ലി പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചു. രാജ്യത്തിന്റെ സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്നു പാർലമെന്റിൽ സമർപ്പിക്കും. ചരിത്രത്തിലാദ്യമായി ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. മാർച്ച് ഒന്പതു മുതൽ ഏപ്രിൽ രണ്ടുവരെ വീണ്ടും പാർലമെന്റ് സമ്മേളിക്കും.
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ സേവന, ഉത്പാദന മേഖലകളെ ഉത്തേജിപ്പിക്കുമെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. സർക്കാരിന്റെ സാന്പത്തിക പരിഷ്കാരങ്ങൾ ’റിഫോംസ് എക്സ്പ്രസ്’ ദരിദ്രർക്കും മധ്യവർഗത്തിനും പ്രയോജനം ചെയ്യുന്നുണ്ട്. ചരിത്രപരമായ ജിഎസ്ടി പരിഷ്കരണം പൗരന്മാർക്ക് ഒരു ലക്ഷം കോടി രൂപയുടെ ലാഭം ഉറപ്പാക്കി. ആദായനികുതി നിയമ പരിഷ്കാരത്തിലൂടെ 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതിയിൽ നിന്നൊഴിവാക്കി.
മാവോയിസ്റ്റ് അക്രമം ഉടൻ ഇല്ലാതാകുമെന്നു മുർമു അറിയിച്ചു. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമമാണു സർക്കാരിന്റെ മുൻഗണന. വിവിധ ക്ഷേമപദ്ധതികളിലൂടെ സ്ത്രീകളെ ശക്തീകരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോത്പാദന രാജ്യമാണ് ഇന്ത്യ. റെയിൽവേ 100 ശതമാനം വൈദ്യുതീകരണത്തോടടുക്കുന്നു.
അതിവേഗ വന്ദേഭാരത് സർവീസുകൾ മുതൽ പുതിയ രാജധാനി ട്രെയിനുകൾ വരെയുള്ളവ റെയിൽവേ വികസനത്തിന് ആക്കം കൂട്ടുന്നു. നിലവിൽ 150 വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ സുപ്രധാന നേട്ടമാണ്.
Movies
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ജീവിതത്തിൽ പുലർത്തിയ ആത്മാർഥതയ്ക്ക് ലഭിച്ച ബഹുമതിയാണ് ഈ അവസരമെന്നാണ് ഉണ്ണി കുറിച്ചത്.
പാലർമെന്റിന് മുന്നിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ സന്തോഷം അറിയിച്ചത്.
‘ഈ മറക്കാനാവാത്ത നിമിഷത്തിന് വാക്കുകൾക്കതീതമായ നന്ദി രേഖപ്പെടുത്തുന്നു. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പാർലമെന്റ് മന്ദിരത്തിൽ നിൽക്കുകയാണ്. ഇത് വെറുമൊരു ബഹുമതി മാത്രമല്ല, സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണിത്.
വിശ്വാസം, അച്ചടക്കം, സ്ഥിരോത്സാഹം എന്നിവ പുലർത്തുന്നതോടെ നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ഈ അവസരത്തിനും എന്റെ ഈ പാതയുടെ ഭാഗമായ എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നു.’
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുക്കാൻ നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. തപാൽ വകുപ്പ് അധികൃതർ ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കൈമാറുകയായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും മുൻനിർത്തിയാണ് പ്രത്യേക ക്ഷണകത്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.