കൃഷ്ണ നന്ദു
കോന്നി: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സഞ്ചരിച്ച ഔദ്യോഗിക കാറിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ കോളജ് വിദ്യാർഥി മരിച്ചു.
കലഞ്ഞൂർ ഐഎച്ച്ആർഡി കോളജ് വിദ്യാർഥി കോന്നി ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടൽ ജംഗ്ഷനിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം.
ശബരിമല മണ്ഡലകാല മുന്നൊരുക്ക അവലോകനത്തിലായി പത്തനംതിട്ടയിലേക്കു വരികയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. രാവിലെ കോളജിലേക്കു പോകുകയായിരുന്നു കൃഷ്ണനന്ദു.
റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയില്‍നിന്ന് വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്കു മറിഞ്ഞു.
അപകടത്തില്‍ കാറിന്റെ ചക്രം വിദ്യാർഥിയുടെ തലയിലൂടെ കയറിയിറങ്ങി. ഉടൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണനന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: സന്തോഷ് കുമാർ. അമ്മ: രഞ്ജിത. സഹോദരൻ: പരേതനായ കൃഷ്ണദേവ്.