തിരുവനന്തപുരം: സിപിഐ അംഗവും കഴിഞ്ഞ മന്ത്രിസഭാംഗവുമായ പി. പ്രസാദ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിൽ പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ യുഡിഎഫ്- എൽഡിഎഫ് വാക്പോര്.
കേന്ദ്ര സർക്കാരിനു മാത്രം റദ്ദാക്കാവുന്ന തരത്തിലുള്ള ധാരണാപത്രമാണ് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ പിണറായി സർക്കാർ ഒപ്പിട്ടതെന്നും കഴുത്തും കത്തിയുംകൂടി കേന്ദ്രസർക്കാരിനു കൊടുത്ത തരത്തിലുള്ള സമീപനമാണു സ്വീകരിച്ചതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിയമസഭയിൽ പറഞ്ഞു.
മന്ത്രിസഭാംഗങ്ങളെ പോലും അറിയിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ വിദ്യാഭ്യാസമന്ത്രിയും ചേർന്ന് ഇരുട്ടിന്റെ മറവിലാണു പിഎം ശ്രീയിൽ ഒപ്പിട്ടത്. പദ്ധതിയിൽനിന്നു പിന്മാറാൻ കേന്ദ്ര സർക്കാരിനു മാത്രമേ കഴിയൂ. എല്ലാം ചെയ്തത് കഴിഞ്ഞ സർക്കാരാണ്; പുതിയ സർക്കാർ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല.
2024 മാർച്ച് 30ന് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് പിഎം ശ്രീ ധാരണാപത്രത്തിൽ കേരളം ഒപ്പിടാമെന്നു സമ്മതിച്ചും സ്കൂളുകൾ തെരഞ്ഞെടുക്കാൻ നിർദേശിച്ചും കേന്ദ്രത്തിനു കത്തു നൽകി. പിന്നീട് പിഎം ശ്രീ നടപ്പാക്കാനായി ഉന്നതതല സമിതി രൂപവത്കരിച്ചു. തുടർന്ന് 2025 ഒക്ടോബർ 16ന് ആരെയും അറിയിക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടു. സിപിഐ ഇതിനെതിരേ രംഗത്തു വന്നതിനു പിന്നാലെ കഴിഞ്ഞ നവംബർ 12ന് വീണ്ടും കേന്ദ്രത്തിനു കത്തു നൽകി.
ധാരണാപത്രത്തിലെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ച സാഹചര്യത്തിൽ റിപ്പോർട്ട് വരുന്നതു വരെ പദ്ധതി നീട്ടിവയ്ക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഉപസമിതിയെ വച്ചിട്ട് എട്ടു മാസം ഒന്നും സംഭവിച്ചില്ല. മന്ത്രിസഭാ ഉപസമിതി ഒരിക്കൽ പോലും യോഗം ചേർന്നില്ല. പിഎം ശ്രീയിൽ ഒപ്പിട്ടതു കുട്ടികളുടെ ഭാവിക്കാണെന്നു പാർട്ടി മുഖപത്രത്തിൽ വാർത്തയും വന്നു.
വിദ്യാഭ്യാസ മേഖലയിലെ വർഗീയ വത്കരണത്തിലും ചരിത്രം വളച്ചൊടിക്കുന്നതിലും യുഡിഎഫ് എതിരാണ്. സംഘ്പരിവാർ അജൻഡയ്ക്കു കീഴ്പ്പെടാതെ എന്തു ചെയ്യാൻ കഴിയുമെന്നു മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നു മന്ത്രി ഷംസുദീൻ കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ പദ്ധതി ആർഎസ്എസിന്റെ ആശയമാണെന്ന് അവർതന്നെ പറയുന്പോൾ ഇത് ഇവിടെ നടപ്പാക്കാൻ വ്യഗ്രത കാണിക്കേണ്ടതുണ്ടോയെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ പി. പ്രസാദ് ചോദിച്ചു. എന്നാൽ, ആർഎസ്എസ് പദ്ധതി നടപ്പാക്കാൻ ധാരണാപത്രം ഒപ്പിട്ടത് എൽഡിഎഫ് അല്ലേയെന്ന് ഭരണപക്ഷ അംഗങ്ങൾ വിളിച്ചു ചോദിച്ചു.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതിയുടെ ആദ്യ യോഗം ചേർന്നു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, എക്സൈസ് മന്ത്രി എം. ലിജു, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവരാണ് ഉപസമിതിയുടെ അംഗങ്ങൾ. പൊതുവിദ്യാഭ്യാസ സെക്രട്ടറി പിഎം ശ്രീയെക്കുറിച്ച് ഉപസമിതിക്കു മുന്പിൽ വിശദീകരണം നടത്തി.
പിഎം ശ്രീ നടപ്പാക്കുന്പോൾ ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ള പ്രശ്നങ്ങൾ സംസ്ഥാനത്തെ ഏതു തരത്തിൽ ബാധിക്കും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമിതി പഠന റിപ്പോർട്ട് തയാറാകും. തുടർന്നാവും ഏത് തരത്തിൽ പദ്ധതി നടപ്പിലാക്കണം എന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കുക.
പിഎം ശ്രീ മരവിപ്പിക്കാൻ പ്രൊവിഷനില്ല. സബ്കമ്മിറ്റി തീരുമാനം എടുത്ത് പിഎം ശ്രീ നടപ്പാക്കില്ലെന്ന കത്ത് നൽകാൻ തയാറാകാത്ത ഇടതുസർക്കാരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
യുഡിഎഫ് പിഎം ശ്രീ നടപ്പാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞങ്ങളും ഒരു സബ് കമ്മിറ്റിയെ നിയോഗിച്ച് തീരുമാനമെടുക്കും. കരിക്കുലം സ്വാതന്ത്ര്യം അടിയറ വയ്ക്കില്ല. സ്കൂളുകൾ സർക്കാർ തെരഞ്ഞെടുക്കും. ഒരു അവകാശവും അടിയറ വയ്ക്കില്ലെന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയം.
- മുഖ്യമന്ത്രി വി.ഡി. സതീശൻ
പിഎം ശ്രീയിൽ സംഘപരിവാറിനു കീഴടങ്ങലാണു നടത്തിയത്. അധികാരത്തിൽ എത്തിയാൽ ധാരണാപത്രം എവിടെയോ ഒഴുക്കിക്കളയുമെന്നു പറഞ്ഞവർ ഒരു മാസത്തിനകം മുൻ നിലപാടുകൾ വിഴുങ്ങുകയാണ്.
ഒപ്പിട്ടെങ്കിലും ഇതു സംബന്ധിച്ച് ഒരു തീരുമാനം പോലും കഴിഞ്ഞ സർക്കാർ എടുത്തിട്ടില്ല. സ്കൂളുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും സംസ്ഥാന- ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപവത്കരിക്കണമെന്നും അടക്കമുള്ള ഒരു തീരുമാനവും മുൻ സർക്കാർ കൈക്കൊണ്ടിട്ടില്ല.
-പിണറായി വിജയൻ
Tags : PM Shri Niyamasabha