തിരുവനന്തപുരം: പാളയത്തിൽ പട, തൊഴുത്തിൽ കുത്ത്, തമ്മിൽ തല്ല്, കണ്ണുതുറക്കം മുമ്പേ കുറുമാറ്റം - കേരള രാഷ്ട്രീയത്തിൽ സമീപത്തായി അരങ്ങേറിയ രാഷ്ട്രീയ പാർട്ടികളിലെ ബഹളങ്ങൾക്കും പാർട്ടി വിട്ട് പാർട്ടി മാറ്റത്തിനുമൊക്കെ വ്യാപകമായി കേട്ട വാക്കുകളും പ്രയോഗങ്ങളുമാണിത്.
തലേദിവസം എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പം പത്രിക നൽകാൻ ചെന്ന പാർട്ടി നേതാവ് പിറ്റേന്ന് എൻഡിഎ മുന്നണിക്ക് സ്ഥാനാർഥി നോമിനേഷൻ നൽകുന്നതു വോട്ടർമാർ അത്ഭുതത്തോടെയാണ് കണ്ടത്. കോൺഗ്രസൽ സ്ഥാനാർഥി നിർണയം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് പലരും കരുതിയെങ്കിലും ചെറിയ കുലുക്കങ്ങൾ മാത്രമേ കണ്ടുള്ളൂ സുശക്തമെന്നു കരുതുന്ന ഇടതുപക്ഷത്തിൽ സംസ്ഥാന തലത്തിലെ നേതാക്കൾ പോലും മറുകണ്ടം ചാടി സ്ഥാനാർഥികളായി.
ഉൾപ്പാർട്ടിപ്രശനങ്ങൾ- ജനത്തിന് എന്തു തോന്നും?
ഈ ഉൾപ്പാർട്ടി പ്രശ്നങ്ങൾ പൊതുജന ശ്രദ്ധയിലേക്ക് ചെല്ലുമ്പോൾ ഉണ്ടാകുന്ന പ്രതാഘാതങ്ങളെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഭയക്കുന്നുണ്ട്. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള മത്സരം, കണ്ണൂരിലെ സുധാകര കലാപം എന്നിവ കോൺഗ്രസിന് വോട്ട് ചെയ്യാൻ തയാറായി നിന്നവരെ എങ്ങനെ സ്വാധീനിക്കും എന്നത് ആ പാർട്ടിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ ലോകത്ത് എമ്പാടും, പ്രത്യേകിച്ചു തെരഞ്ഞെടുപ്പ് വേളയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും അവ എങ്ങനെ വോട്ടർമാരെ സ്വാധീനിക്കും എന്നും കൃത്യമായ രാഷ്ട്രീയ പഠന വിശകലനങ്ങൾ ഉണ്ടായിട്ടുണ്ട്.
കേരളത്തിലും അത്തരം പഠനങ്ങളും സൂക്ഷ്മമായ ഗവേഷണങ്ങളും ധാരാളമുണ്ട്. കൊച്ചി ആസ്ഥാനമായ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ)എ നടത്തിയ പഠനങ്ങളും സർവേകളും വളരെ രസകരമായ ചില കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു .
കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ഇത്തരം ഉൾപാർട്ടി പ്രശ്നങ്ങളും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികളും ഏതാണ്ട് സമാനമായാണ് വോട്ടർമാരെ സ്വാധീനിക്കുന്നത്.
കൊച്ചിയിലെ പഠനത്തിൽ മൊത്തം വോട്ടർമാരെ 10 ആയി എടുത്താൽ അതിൽ ആറ് പേർ അല്ലെങ്കിൽ 58 ശതമാനം പേർ പ്രചാരണം തുടങ്ങുന്നതിനു മുമ്പേ തന്നെ ഏതു പാർട്ടിക്ക് അല്ലെങ്കിൽ ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു കഴിയും. പലപ്പോഴും രാഷ്ട്രീയ നിലപാടുകൾക്കും വിശ്വാസത്തിനും അനുസരിച്ചാണ് ഇവരുടെ തീരുമാനം. എന്നാൽ സ്ഥാനാർഥി ആരെന്ന് അറിഞ്ഞതിനുശേഷം മാത്രം തീരുമാനെടുക്കുന്നവരുണ്ട്- 22 ശതമാനം പേർ അങ്ങനെ വരും. ഇവിടെ സ്ഥാനാർഥിയുടെ വ്യക്തിത്വത്തിനും സ്ഥാനാർഥിയോടുള്ള വോട്ടർമാരുടെ ബന്ധത്തിനും ആണ് പ്രാധാന്യം.
എന്നാൽ 13ശതമാനം പേർ പ്രചാരണ ഘട്ടത്തിനിടയിലാണ് തീരുമാനം എടുക്കുന്നത്. അതിനർഥം പ്രചാരണ ഘട്ടത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും പ്രശ്നങ്ങളും പ്രചാരണ വിഷയങ്ങളും നിലപാടുകളും ഇത്രയും പേരെ സ്വാധീനിക്കും എന്നർഥം. എന്നാൽ ഏറ്റവും അതിശയകരമായ വസ്തുത ആറു ശതമാനം പേർ വോട്ടെടുപ്പിന്റെ അന്നോ അല്ലെങ്കിൽ തലേദിവസം മാത്രമോ തീരുമാനമെടുക്കുന്നവരാണ്.
അവസാന ഘട്ടത്തിലെ പ്രശ്നങ്ങൾ പോലും വിലയിരുത്തിയാണ് ഇവർ തീരുമാനം എടുക്കുന്നത് എന്നർഥം. അതുകൊണ്ടുതന്നെ സമഗ്രമായ ഒരു ചിത്രം തെളിഞ്ഞതിനുശേഷം പോലും തീരുമാനമെടുക്കാൻ ഒരു വിഭാഗം കാത്തിരിക്കുന്നുണ്ടെന്നർഥം. ഇത്തരക്കാർ എങ്ങനെ ആയിരിക്കും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക.
ആറ് ശതമാനം തീരുമാനിക്കും അടുത്ത ഭരണം !
കേരളത്തിൽ രണ്ട് മുന്നണികളും തമ്മിലുള്ള വ്യത്യാസം പലപ്പോഴും മൂന്നു ശതമാനമോ അതിൽ താഴെയോ വോട്ടായിരിക്കും. ഈ വോട്ടാണ് ആര് ഭരണത്തിൽ കയറുമെന്ന് തീരുമാനിക്കുന്നത്. ഭരണ വിരുദ്ധ വികാരമുണ്ടാകുമ്പോൾ ഈ വ്യത്യാസം പത്തു ശതമാനമൊക്കെ ആകും.എന്നാൽ നിയമസഭാ തെരഞ്ഞെുപ്പിൽ കേരളത്തിൽ മുന്നണി സംവിധാനമായതിനാൽ മൂന്ന് ശതമാനം വലിയ വ്യത്യാസമാണ്.
2011 ൽ ഉമ്മൻ ചാണ്ടി ഭരണം പിടിച്ചത് ഒരു ശതമാനത്തിനും താഴെ വോട്ടിലാണ്. ആറ് ശതമാനം വോട്ടർമാർ തെരഞ്ഞെടുപ്പിന്റെ അന്നോ തലേന്നോ മാത്രമേ തീരുമാനിക്കൂ എന്ന് വന്നാൽ പ്രചാരണ രംഗത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഭരണമാറ്റത്തിനെ സ്വാധീനിക്കും എന്ന് തന്നെയാണ് അർഥം. അല്ലെങ്കിൽ ശക്തമായ അനുകൂല തരംഗമോ പ്രതികൂല തരംഗമോ ഉണ്ടാവേണ്ടതുണ്ട്.
58 ശതമാനം പേർ നേരത്തെ തന്നെ ഏതു പാർട്ടിക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചിരിക്കുന്ന ഒരു സ്ഥലമാണ് കേരളം എന്നതിനാൽ രാഷ്ട്രീയ നിലപാടുകളും നയങ്ങളും സംസ്ഥാനത്ത് നിർണായകമാണ്. ഒപ്പം തന്നെ പ്രധാനമാണ് തമ്മിലടിയും പ്രചാരണ വിഷയങ്ങളും രീതിയുമൊക്കെ.