ന്യൂഡൽഹി: മധ്യപ്രദേശിലെ രാജ്യസഭാ സ്ഥാനാർഥിത്വം തള്ളിയതിനെതിരേ കോണ്ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കേ മൂന്ന് ബിജെപി സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിച്ചു.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കുശേഷം പത്രിക പിൻവലിക്കാത്ത സാഹചര്യത്തിലാണ് മൂവരെയും എതിരില്ലാതെ തെരഞ്ഞെടുത്തത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുണ് ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ, സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ് മുൻ ചെയർമാൻ മഹേഷ് കേവത് എന്നിവരാണ് വിജയിച്ചത്.
മീനാക്ഷി നടരാജന്റെ പത്രിക നിയമവിരുദ്ധമായാണ് തള്ളിയതെന്നും അതിനാൽ ഫലപ്രഖ്യാപനം തടയുന്നതിന് ഇന്നലെത്തന്നെ അടിയന്തര വാദം കേൾക്കണമെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി അടിയന്തര ഇടപെടൽ നടത്താൻ ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. എങ്കിലും വിഷയത്തിൽ ഇന്ന് വാദം കേൾക്കാൻ കോടതി തയാറായി.
ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ പ്രകാരം കോടതി നടപടി സ്വീകരിച്ചതും എഫ്ഐആർ രജിസ്റ്റർ ചെയ്തതുമായ കേസുകൾ ഉണ്ടെങ്കിൽ മാത്രം സത്യവാങ്മൂലത്തിൽ പരാമർശിച്ചാൽ മതി. മീനാക്ഷി നടരാജനെതിരേ ആരോപണമുള്ള കേസിൽ വിവരങ്ങൾ ശേഖരിക്കുന്നതിന് നോട്ടീസ് അയയ്ക്കുക മാത്രമാണ് കോടതി ചെയ്തതെന്നും അതിനാൽ അക്കാര്യം പരാമർശിക്കേണ്ടതില്ലെന്നും കോണ്ഗ്രസ് വാദിക്കുന്നു.
2003ലെ സുപ്രീംകോടതി വിധിയനുസരിച്ച് സത്യവാങ്മൂലത്തിൽ എന്തെങ്കിലും വിവരം നൽകിയില്ലെന്ന കാരണത്താൽ പത്രിക തള്ളാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടും റിട്ടേണിംഗ് ഓഫീസർ എന്തുകൊണ്ട് നാമനിർദേശ പത്രിക തള്ളിയെന്നും കോണ്ഗ്രസ് ചോദിക്കുന്നു. ഇതടക്കമുള്ള വിഷയം കോണ്ഗ്രസ് കോടതിയിൽ ചോദ്യം ചെയ്തേക്കും. രാജ്യവ്യാപക പ്രതിഷേധത്തിനും കോണ്ഗ്രസ് തയ്യാറെടുക്കുകയാണ്.
Tags : Madhya Pradesh Rajya Sabha elections Court decide