അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇന്ന് ഒരാണ്ട്. 2025 ജൂൺ 12നുണ്ടായ അപകടത്തിൽ 260 പേരാണ് മരിച്ചത്. ഒരേയൊരാൾ മാത്രമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.
ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ വിമാനം എഐ -171 ആണു തകർന്നുവീണത്. അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം അഹമ്മദാബാദിലെ മേഘാനിനഗറിൽ തകർന്നുവീണ് തീഗോളമായി മാറി.
ഉച്ചയ്ക്ക് 1.41നായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ക്രൂ അംഗങ്ങളുമായ 241 പേരാണു മരിച്ചത്. ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റൽ കെട്ടിടത്തിലേക്കാണു വിമാനം തകർന്നുവീണത്. ഹോസ്റ്റലിലുണ്ടായിരുന്ന 19 പേരും മരിച്ചു.
മരിച്ചവരിൽ തിരുവല്ല സ്വദേശിനി രഞ്ജിത ആർ. നായരും ഉൾപ്പെടുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. ഇതിനു ദിവസങ്ങൾ വേണ്ടിവന്നു. വിശ്വാസ്കുമാർ രമേശ് (38) എന്നയാളാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനത്തിൽ 53 ബ്രിട്ടീഷ് പൗരന്മാരും ഏഴു പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു.
വിമാനാപകടത്തിന്റെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) യുടെ അന്തിമ കണ്ടെത്തലുകൾക്കായി രാജ്യം കാത്തിരിക്കുകയാണ്.
അപകടത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ് (എഫ്ഐപി) ആവശ്യപ്പെട്ടു.
Tags : Ahmedabad plane crash Gujarat one year