ന്യൂഡൽഹി: രാജ്യം നേരിടുന്ന സാന്പത്തിക പ്രതിസന്ധി മുതൽ നീറ്റ് പരീക്ഷാപേപ്പർ ചോർച്ച വരെയുള്ള വിഷയങ്ങളിൽ ഭരണപക്ഷത്തിനെതിരായ പ്രതിഷേധം ആളിക്കത്തിക്കാനൊരുങ്ങി കോണ്‍ഗ്രസ്.
ജൂണ്‍ അവസാനം മുതൽ മൂന്നു മാസം രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെയും ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ഇൻ-ചാർജുമാരുടെയും യോഗത്തിൽ തീരുമാനമെടുത്തു.
പരന്പരാഗത രീതിയിലുള്ള സമരമാർഗത്തിൽനിന്നു വ്യത്യസ്തമായി ജനങ്ങളിലേക്കിറങ്ങിച്ചെന്നു പ്രശ്നങ്ങൾ മനസിലാക്കി അവരുടെ ശബ്ദമാകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, വളം പ്രതിസന്ധി, വിലക്കയറ്റം, സമീപകാല പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, യുവാക്കൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, വിദ്യാഭ്യാസമന്ത്രിയുടെ രാജി, സീറ്റ് ചോരി-വോട്ട് ചോരി തുടങ്ങിയ ജനാധിപത്യ പ്രശ്നങ്ങൾ എന്നിവ വിഷയമാകുമെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് അറിയിച്ചിട്ടുള്ളത്.
ദേശീയതലത്തിൽ മാത്രമല്ലാതെ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലത്തിലായിരിക്കും പ്രതിഷേധം.ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലത്തിൽ പരമാവധി കോണ്‍ഗ്രസ് പ്രവർത്തകരെ അണിനിരത്തി സർക്കാരിനെതിരായ വികാരം തെരുവുകളിൽ ശക്തമാക്കാനാണ് തീരുമാനം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, മണിപ്പുർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി. ജൂണ്‍ 28 മുതൽ ആരംഭിച്ചേക്കാവുന്ന പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.
Tags : economic crisis NEET Exam Congress intensify agitation