സുപ്രീംകോടതി
ന്യൂഡൽഹി: കാർഷികവിളകൾ നശിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ആനത്താരകളിൽ തടസങ്ങൾ സൃഷ്ടിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി. രാജ്യത്തെ ആനത്താരകളെക്കുറിച്ച് സർവേ നടത്താനും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
മൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ബെഞ്ച് നിർദേശം നൽകി.
ആനകൾക്കെതിരേ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതോ മറ്റു നിർബന്ധിത നടപടികളോ സ്വീകരിക്കുന്നതു സംബന്ധിച്ച നിലപാടും റിപ്പോർട്ടിൽ വ്യക്തമാക്കണം.
ആനകൾക്കു തടസങ്ങളില്ലാതെ സഞ്ചാരം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ നിലവിലുണ്ടെങ്കിലും പ്രാദേശിക വിഷയങ്ങൾ കാരണം അതു നടപ്പാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ആനക്കൂട്ടങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്ന ശീലമുള്ളവയാണെന്നും വിളനാശം സംഭവിക്കുന്നുവെന്നതിന്റെ പേരിൽ അവയുടെ വഴിയിൽ തടസമുണ്ടാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലെ ആനത്താരകളിൽ തടസം സൃഷ്ടിക്കുന്നതു സംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഹർജി ആറാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
Tags : SupremeCourt Stopped corridors Elephant Blocked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash