പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: കേരളത്തിലേക്കു വിദേശ വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിനായി ന്യൂയോർക്ക് ഉൾപ്പടെയുള്ള ലോകത്തെ അഞ്ച് പ്രധാന ആഗോള നഗരങ്ങളിൽ പ്രത്യേക ‘കേരള ഡെസ്ക് ’ ആരംഭിക്കുന്നു.
വിദേശ നിക്ഷേപകർക്ക് കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ബിസിനസ് സാഹചര്യങ്ങളെക്കുറിച്ചും വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കാനും തുടർനടപടികൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായിട്ടാണ് പുതിയ നിക്ഷേപപ്രോജക്ട് അവതരിപ്പിച്ചിരിക്കുന്നത്. ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പുർ, ടോക്കിയോ തുടങ്ങിയ ആഗോളനഗരങ്ങളിലാണ് കേരള ഡെസ്ക് വരുന്നത്. ഇതുസംബന്ധിച്ചു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി ) സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് സംസ്ഥാനസർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. പ്രവാസിമലയാളികളെ മുഖവിലയ്ക്കെടുത്തുള്ള സംരംഭമാണ് ലക്ഷ്യം.
പ്രവാസി മലയാളികളിൽ ബിസിനസുകാരുടെ നിക്ഷേപം, അവരുമായി ബന്ധപ്പെട്ട ആഗോളതലത്തിലുള്ള ബിസിനസ് ഗ്രൂപ്പുകളുടെ പിന്തുണ എന്നിവയും ലക്ഷ്യം വയ്ക്കുന്നു. ഓരോ നഗരത്തിലും പ്രവാസിമലയാളികളുടെ അസോസിയേഷനുകളുമായി, കേരള സംസ്കാരമുള്ള ബിസിനസ് വ്യക്തികളുമായി, വിപണി ആഗ്രഹിക്കുന്ന നിക്ഷേപകരുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുകയും നിലനിർത്തുകയും കേരള ഡെസ്ക്കുവഴിയാണ്.
ആഗോള നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനുമുള്ള വിപുലമായ പദ്ധതികളുമായി കേരള ഡെസ്ക് മുന്നോട്ടു പോകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഡിക്കൽ ടെക്നോളജി, ഹെൽത്ത് കെയർ, ടൂറിസം തുടങ്ങിയ മുൻഗണനാ മേഖലകളിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരികയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കേരളം അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് ഒരുപാട് സാധ്യതയുള്ള ഇടമാണ്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖാധിഷ്ഠിത വികസനം എന്നീ മേഖലകൾ പ്രധാനമാണ്. കേരളത്തിലെയും അമേരിക്കയിലെയും സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളുമായി സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർഥി വിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലും പങ്കാളിത്ത സാധ്യതകളും ഡെസ്ക് പ്രയോജനപ്പെടുത്തും.
ലോക സാമ്പത്തിക ഫോറം പോലുള്ള രാജ്യാന്തര വേദികളിൽ കേരളം സജീവ സാന്നിധ്യമാവുകയും വലിയ തോതിലുള്ള നിക്ഷേപ വാഗ്ദാനങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് പ്രമുഖ ആഗോള നഗരങ്ങളിൽ കേരളത്തിന്റെ സാന്നിധ്യവും പ്രത്യേക ഡെസ്കുകളും ശക്തമാക്കുന്നത്.
അമേരിക്കൻ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക കേരള ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറും കേരള മുഖ്യമന്ത്രിയും തമ്മിൽ കൊച്ചിയിൽ പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നു. തുടർന്നാണ് ആഗോള നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
അന്നത്തെ ചർച്ചയിൽ വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളുമായി ബന്ധപ്പെട്ട അവസരങ്ങൾ, മാരിടൈം ലോജിസ്റ്റിക്സ്, കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയുൾപ്പടെയുണ്ടായിരുന്നു.
ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്തു. വിദേശ നിക്ഷേപകർക്ക് ആവശ്യമായ ലൈസൻസുകൾ സുതാര്യമായി ലഭ്യമാക്കാൻ കേരള ഡെസ്കുകൾ കെഎസ്ഐഡിസിയുമായി ബന്ധിപ്പിക്കും.
നിലവിൽ കേരളത്തിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായവുമായി കെഎസ്ഐഡിസി ഇൻവെസ്റ്റ് കേരള ഹെൽപ്പ് ഡെസ്ക് (ടോൾ ഫ്രീ നമ്പർ: 1800 890 1030) പ്രവർത്തിക്കുന്നുണ്ട്.
Tags : Attracting ForeignInvestment Kerala KeralaDesks GlobelCities Business