വി.ജോയ് എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ.
തിരുവനന്തപുരം: പൊലിസുകാർക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ സിപിഎം നേതാക്കളായ വി.ജോയ് എംഎൽഎയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ കേസെടുത്തു. കന്റോൺമെന്റ് പൊലിസാണ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാറിനും എസ്ഐ ജി.ഗോകുലിനുമെതിരെയാണ് ഭീഷണി മുഴക്കിയത്.
സെക്രട്ടേറിയറ്റിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെയുണ്ടായ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. മാർച്ചിനിടെ അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോയെന്ന് വി.ജോയ് ഭീഷണി മുഴക്കിയെന്നാണ് കേസ്. സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പന്റെയും കടകംപള്ളി സുരേന്ദ്രന്റെയും സാന്നിധ്യത്തിലായിരുന്നു ഭീഷണി.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചെന്നും പൊലിസ് പറയുന്നു. അതേസമയം ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത് കന്റോൺമെന്റ് സ്റ്റേഷനിലെ സിഐ സതീഷ് കുമാറും എസ്ഐ ഗോകുലും ചേർന്നാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്.
Tags : V.Joy Kadakampally Surendran PoliceCase Thiruvananthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash