കേരള ഹൈക്കോടതി
കൊച്ചി: നേര്യമംഗലം-വാളറ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റവന്യു, വനം വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നു ഹൈക്കോടതി.
കഴിഞ്ഞ ഒക്ടോബര്‍ 24നാണ് കൊച്ചി-മധുര ദേശീയപാതയുടെ (എന്‍എച്ച് 85) ഭാഗമായ റോഡിന്റെ ജോലികള്‍ക്ക് അനുമതി നല്കുന്നതിനു മുന്നോടിയായി പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതു പൂര്‍ത്തിയാക്കിയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. സര്‍വേ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമേ നിര്‍മാണം പുനരാരംഭിക്കാന്‍ അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാനാകൂവെന്ന് ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നേര്യമംഗലം-വാളറ മേഖല സംരക്ഷിതവനമാണെന്നും നിര്‍മാണം വിലക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി എം.എന്‍. ജയചന്ദ്രന് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിഷയം 14ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
Tags : Neryamangalam Valara RoadRenovation KeralaHighCourt Submission InspectionReport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash