ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ളാദം.
നിഷിൻ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ആവേശകരമായ ഫൈനലിൽ ആതിഥേയരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണനേട്ടം സ്വന്തമാക്കിയത്. 44 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ വനിതാ ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്നത്.
ഇതിന് മുമ്പ് 1982ലായിരുന്നു ഇന്ത്യയുടെ സ്വർണനേട്ടം. മത്സരത്തിന്റെ തുടക്കത്തിൽ ചൈന ആക്രമണം ശക്തമാക്കിയെങ്കിലും പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. തുടർന്ന് ചൈന നടത്തിയ ശക്തമായ ആക്രമണങ്ങളെ പ്രതിരോധ നിര മികച്ച രീതിയിൽ തടഞ്ഞുനിർത്തി.
ഇതിനിടയിൽ ഗോൾകീപ്പർ സവിത പുനിയ ചൈനയുടെ പെനൽറ്റി സ്ട്രോക്ക് രക്ഷപ്പെടുത്തിയതും ഇന്ത്യയ്ക്ക് നിർണായകമായി. രണ്ടാം ക്വാർട്ടറിൽ സമനില പിടിക്കാനുള്ള ശ്രമവുമായി ചൈന ആക്രമണം ശക്തമാക്കി. തുടക്കത്തിൽ തന്നെ രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു.
മൂന്നാം ക്വാർട്ടറിലും ചൈന തുടർച്ചയായി ആക്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം വഴങ്ങിയില്ല. അവസാന ക്വാർട്ടറിലും ചൈനയുടെ മുന്നേറ്റങ്ങളെ സമർഥമായി തടഞ്ഞ ഇന്ത്യ ലീഡ് കാത്തുസൂക്ഷിച്ചു. അവസാന വിസിൽ മുഴങ്ങിയതോടെ ഇന്ത്യ 1-0ന്റെ വിജയം സ്വന്തമാക്കി. ഇതോടെ വനിതാ ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടി ഇന്ത്യ 44 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമിട്ടത്.
ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണനേട്ടം 16 ആയി. 25 വെള്ളിയും, 35 വെങ്കലവും ഉൾപ്പടെ 76 മെഡലുകളുമായി ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.
Tags : Asian Games India Womens Hockey Gold Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash