നോർവെയിൽ കണ്ടെത്തിയ അമ്പുമായി ഗവേഷകർ.
ആയിരക്കണക്കിനു വർഷങ്ങളായി ഹിമപാളികൾക്കിടയിൽ സുരക്ഷിതമായിക്കിടന്ന, മനുഷ്യന്റെ അടയാളങ്ങൾ പതിഞ്ഞ പുരാരേഖകൾ ശേഖരിക്കുന്ന തിരക്കിലാണു ഗവേഷകർ! ചരിത്രവസ്തുക്കളുടെ കണ്ടെത്തൽ ആവേശകരമാണെങ്കിലും, ഭൂമിയുടെ താപനിലയിൽ ഭയാനകമായ ആഘാതമാണു വ്യക്തമാകുന്നതെന്നു ഗവേഷകർ പറയുന്നു. കലാവസ്ഥാ വ്യതിയാനം മൂലം ആർട്ടിക് മേഖലയിലെയും പർവതനിരകളിലെയും മഞ്ഞുപാളികൾ അതിവേഗം ഉരുകിയൊലിക്കുമ്പോൾ പുറത്തുവരുന്നത് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള അപൂർവ പുരാവസ്തുക്കളാണ്. നോർവേയിലെ പ്രശസ്തമായ യൂട്ടൻഹൈമൻ പർവതനിരകളിൽ നടത്തിയ പരിശോധനയിലാണു ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് 5,000 മുതൽ 6,000 വർഷം വരെ പഴക്കമുള്ള അസ്ത്രങ്ങൾ പുരാവസ്തുഗവേഷകർ കണ്ടെത്തിയത്.

21 ദിവസത്തെ തിരച്ചിൽ, 48 അമ്പുകൾ
ഇൻലാൻഡ് കൗണ്ടി കൗൺസിലും ഓസ്ലോ സർവകലാശാലയിലെ മ്യൂസിയം ഓഫ് കൾച്ചറൽ ഹിസ്റ്ററിയും ചേർന്നു നടത്തുന്ന 'സീക്രട്സ് ഓഫ് ദി ഐസ്' പദ്ധതിയുടെ ഭാഗമായാണു തിരച്ചിൽ നടന്നത്. ലാംഗ്ഫോൺ, സ്റ്റോർഫോൺ, ഹാൻഡ്ക്ലെഫോൺ തുടങ്ങിയ മഞ്ഞുപാളികൾക്കു സമീപം നടത്തിയ മൂന്നാഴ്ച നീണ്ട തിരച്ചിലിൽ 48 പുരാതന അമ്പുകളാണു സംഘം വീണ്ടെടുത്തത്. ഇതിൽ ഏറ്റവും പഴക്കമേറിയതു കല്ലിൽ തീർത്ത അന്പ് ആണ്. കൂടാതെ 3,600 വർഷം പഴക്കമുള്ളതും ചിപ്പിയുടെ തോടുകൊണ്ട് അഗ്രം നിർമിച്ചതുമായ മറ്റൊരു അമ്പും, അസ്ഥികളും ഇരുമ്പും കൊണ്ടു നിർമിച്ച മറ്റു ചില അമ്പുകളും കണ്ടെത്തിയവയിലുണ്ട്.
സാധാരണയായി ജൈവവസ്തുക്കൾ അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലം വേഗത്തിൽ നശിച്ചുപോകാറുണ്ട്. എന്നാൽ മഞ്ഞിനടിയിൽ വായുവും ഓക്സിജനും ലഭിക്കാത്ത കുറഞ്ഞ താപനിലയുള്ള അവസ്ഥയിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്നു. ഇതു പുരാതന വസ്തുക്കളെ കേടുപാടുകൾ കൂടാതെ ആയിരക്കണക്കിനു വർഷങ്ങൾ നിലനിർത്താൻ സഹായിക്കുന്നു. 2006-ൽ ഗവേഷണം ആരംഭിച്ചപ്പോൾ 2,000 വർഷത്തിൽ താഴെ പഴക്കമുള്ള വസ്തുക്കളാണു ലഭിച്ചിരുന്നതെങ്കിൽ, നിലവിൽ വൻതോതിൽ മഞ്ഞുരുകുന്നതോടെ ഏറ്റവും ആഴത്തിലുള്ളതും പഴക്കമേറിയതുമായ മഞ്ഞുപാളികളിൽനിന്നു കൂടുതൽ പുരാതന ശേഷിപ്പുകൾ പുറത്തുവരികയാണ്.

ആശങ്കപ്പെടുത്തുന്ന യാഥാർഥ്യം
പുതിയ കണ്ടെത്തലുകൾ ചരിത്രപഠനത്തിനു വലിയ സംഭാവനയാണെങ്കിലും, ഇതിനുപിന്നിലെ പരിസ്ഥിതിനാശം ഗ്ലേഷ്യൽ ആർക്കിയോളജിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളായി മാറ്റമില്ലാതെ തുടർന്ന മഞ്ഞുപാളികളാണ് ഇപ്പോൾ പൂർണമായും ഇല്ലാതാകുന്നത്. നിലവിലെ അവസ്ഥ തുടർന്നാൽ ഇരുപതു വർഷത്തിനുള്ളിൽ മേഖലയിലെ മഞ്ഞുപാളികൾ ഭൂരിഭാഗവും അപ്രത്യക്ഷമാകുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.
അതേസമയം, കണ്ടെത്തിയ പുരാവസ്തുക്കൾ നിലവിൽ ലോമിലെ നോർവീജിയൻ മൗണ്ടൻ സെന്ററിൽ പ്രത്യേക തണുപ്പുള്ള ഡിസ്പ്ലേ കേസിൽ പ്രദർശനത്തിനു വച്ചിട്ടുണ്ട്. ഡിസംബറോടെ കൂടുതൽ ശാസ്ത്രീയ പഠനങ്ങൾക്കും സംരക്ഷണത്തിനുമായി ഇവ ഓസ്ലോയിലെ മ്യൂസിയം ഓഫ് കൾച്ചറൽ ഹിസ്റ്ററിയിലേക്കു മാറ്റും.
Tags : InternationalNews ClimateChange Earth Enviornment Norway Jotunheimen History Archeology