പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണത്തിൽ തകർന്ന വീട്.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ ആക്രമണം. മൂന്നു വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ ഒന്പതു സിവിലിയന്മാർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അറിയിച്ചു. എന്നാൽ 22 തീവ്രവാദികളാണു കൊല്ലപ്പെട്ടതെന്നു പാക്കിസ്ഥാന്റെ ഭാഷ്യം.
കുനാർ, ഹെൽമന്ദ് പ്രവിശ്യകളിലായിരുന്നു ആക്രമണമെന്നു താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 11 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, വിശ്വസനീയമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ തീവ്രവാദികളുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നു പാക്കിസ്ഥാനിലെ വാർത്താവിതരണ മന്ത്രാലയം അവകാശപ്പെട്ടു. ഒളിത്താവളത്തിൽ സൂക്ഷിച്ചിരുന്ന ആയുധശേഖരവും നശിച്ചതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ആരോപണങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണം.
പാക്കിസ്ഥാനിൽ ഭീകരാക്രമണം നടത്തുന്ന സംഘടനകൾക്കു താലിബാൻ സംരക്ഷണം നല്കുന്നതായി പാക് ഭരണകൂടം ആരോപിക്കുന്നു. ഇതിന്റെ പേരിലാണ് അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്നത്.
Tags : Afghanistan Pakistan Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash