പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ) വിലയിരുത്തുന്ന സംയുക്ത പാർലമെന്ററി സമിതി(ജെപിസി)യുടേതു തിടുക്കപ്പെട്ട നടപടികളാണെന്ന് കോൺഗ്രസ്.
വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി. ശൈത്യകാല സമ്മേളനത്തിൽ ബിൽ ധൃതിപിടിച്ചു പാസാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട പങ്കാളികളുമായി ജെപിസി വേണ്ടത്ര കൂടിയാലോചനകൾ നടത്തുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു.
വിശാലമായ ചർച്ചകൾക്കും ആഴത്തിലുള്ള പരിശോധനകൾക്കുമാണ് ബിൽ ജെപിസിക്കു വിട്ടത്. എന്നാൽ, നിലവിലെ രീതി പാർലമെന്ററി നടപടികളെ വെറുമൊരു ഔപചാരികത മാത്രമാക്കി മാറ്റുകയാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ-മതസ്ഥാപനങ്ങൾ, നിയമവിദഗ്ധർ, സംസ്ഥാന സർക്കാരുകൾ എന്നിവരിൽനിന്ന് പൊതുനോട്ടിസ് വഴി അഭിപ്രായങ്ങൾ ക്ഷണിക്കണമെന്നും അവരുടെ വാദങ്ങൾ നേരിട്ടു കേൾക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു.
സമയപരിധി തിടുക്കത്തിൽ പൂർത്തിയാക്കുന്നതിനുപകരം വിശദമായ ചർച്ചയ്ക്കായി ജെപിസിക്ക് കൂടുതൽ സമയം അനുവദിക്കണം. ആവശ്യമെങ്കിൽ നിലവിലെ സമയപരിധി നീട്ടി നൽകണം.
സമിതിയിലെ അംഗങ്ങൾക്കു ബില്ലിലെ ഓരോ വ്യവസ്ഥയും കൃത്യമായി വിലയിരുത്താൻ അവസരമൊരുക്കണം. സമഗ്രമായ പരിശോധന പൂർത്തിയാകുംമുന്പ് നടപടികൾ അവസാനിപ്പിക്കരുതെന്നും കെ.സി. വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.
Tags : Congress FCRABill Haste Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash JPC KCVenugopal OmBirla