ജിഎസ്ടി
ന്യൂഡൽഹി: രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് തുടർച്ചയായ മൂന്നാം മാസവും രണ്ടു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി.
മുൻവർഷത്തേക്കാൾ 14.7 ശതമാനം വർധനയോടെ ഈ സെപ്റ്റംബറിൽ നികുതി വരുമാനം 2,03,521 കോടി രൂപയിലെത്തി. 2025 സെപ്റ്റംബറിൽ ജിഎസ്ടി പിരിവ് 1.77 ലക്ഷം കോടി രൂപയായിരുന്നു.
ഓഗസ്റ്റിലെ 14.3 ശതമാനത്തിൽനിന്നു വളർച്ചാ നിരക്കിൽ നേരിയ വർധനയുണ്ടായെങ്കിലും ജൂലൈയിൽ രേഖപ്പെടുത്തിയ 15.4 ശതമാനത്തേക്കാൾ കുറവാണിത്.
2026 ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ മൊത്തം ജിഎസ്ടി പിരിവ് 12,46,278 കോടി രൂപയാണ്. മുൻ സാന്പത്തികവർഷത്തിലെ സമാനകാലയളവിൽ ലഭിച്ച 11.17 ലക്ഷം കോടി രൂപയേക്കാൾ 11.6 ശതമാനം വർധനയാണ്.
സെപ്റ്റംബറിലെ റീഫണ്ടുകൾ മുൻവർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം കുറഞ്ഞ് 27,001 കോടി രൂപയായി.
മൊത്തം അറ്റ ജിഎസ്ടി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 18.1 ശതമാനം വർധിച്ച് 1,76,520 കോടി രൂപയായി.
Tags : GSTCollection Business September