പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ഭീഷണിപ്പെടുത്തി കോടിക്കണക്കക്കിനു രൂപ തട്ടിയെടുക്കുകയും പ്രോജക്ട് തടസപ്പെടുത്തി 100 കോടിയിലധികം രൂപയുടെ നഷ്ടത്തിന് ഇടയാക്കുകയും ചെയ്‌തെന്ന് പ്രവാസി വ്യവസായിയുടെ പരാതിയില്‍ നാലുപേര്‍ക്കെതിരേ പടിഞ്ഞാറത്തറ പൊലിസ് കേസെടുത്തു.
തൃശൂര്‍ സ്വദേശിയും കെന്‍സ ഗ്രൂപ്പ് ഉടമയുമായ മുഹമ്മദ് ഷിഹാബിന്‍റെ പരാതിയില്‍ കാസര്‍ഗോഡ് കുന്നില്‍ ചൗക്കി അബ്ദുള്‍ അസീസ്, കോഴിക്കോട് ഒഞ്ചിയം ഏറമല ഓര്‍ക്കാട്ടേരി രാജന്‍ നമ്പ്യാര്‍, ആറ്റിങ്ങല്‍ ചിറയിന്‍കീഴ് കുന്നുവാരം ഊളന്‍കുന്ന് എസ്ആര്‍ നിലയത്തില്‍ സന്തോഷ്‌കുമാര്‍, തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ മാളു ഭദ്രന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.
പടിഞ്ഞാറത്തറയില്‍ വെല്‍നസ് റിസോര്‍ട്ട് പ്രോജക്ടിന്‍റെ നിര്‍വഹണത്തിന് നേതൃത്വം നല്‍കിയിരുന്ന തന്നെ പദ്ധതി ആവശ്യത്തിന് ഏല്‍പ്പിച്ച 25 ലക്ഷം രൂപയും ആക്‌സിസ് ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡും സ്വന്തം ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ച് ചൗക്കി അബ്ദുള്‍ അസീസ് വിശ്വാസവഞ്ചന നടത്തിയെന്ന് മുഹമ്മദ് ഷിഹാബിന്‍റെ പരാതിയില്‍ പറയുന്നു.
രാജന്‍ നമ്പ്യാര്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ നാല് കോടി രൂപ വിലയുള്ള വില്ലയും ബിസിനസ് കോംപ്ലക്‌സും കൈക്കാലാക്കി വഞ്ചിച്ചു. മാളു ഭദ്രന്‍ അപകീര്‍ത്തികരമായ വ്യാജ പ്രചാരണങ്ങളില്‍നിന്നു പിന്‍മാറുന്നതിന് ഭീമമായ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
നിര്‍വഹണം തടസപ്പെടുത്തി പ്രോജക്ട് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെ ഇവര്‍ സംഘംചേര്‍ന്നു നടത്തിയ ചതിയാണ് ഭീമമായ നഷ്ടത്തിനിടയാക്കിയെന്നും പരാതിയില്‍ പറയുന്നു. വെല്‍നസ് റിസോര്‍ട്ട് പ്രോജക്ടുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷിഹാബിനെതിരേയും പടിഞ്ഞാറത്തയില്‍ കേസുകളുണ്ട്.
പ്രോജക്ടിന് മറവില്‍ തട്ടിപ്പുനടത്തിയെന്ന നിക്ഷേപകരില്‍ ചിലരുടെ പരാതിയിലാണിത്. കേസ് ഫയലുകള്‍ അടുത്തിടെ പടിഞ്ഞാറത്തറ പൊലിസ് സ്റ്റേഷനിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.
കെല്‍സ വെല്‍നസ് റിസോര്‍ട്ട് പ്രോജക്ട് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച് നിക്ഷേകരെ തെറ്റിദ്ധരിപ്പിക്കാനും
തന്നെ സാമ്പത്തികമായും മാനസികമായും പീഡിപ്പിക്കാനും ആസൂത്രിത നീക്കം നടന്നുവെന്നു
മുഹമ്മദ് ഷിഹാബ് നേരത്തേ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സംസ്ഥാന പൊലിസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരാന്‍ അനുമതി നിഷേധിക്കുന്ന തരത്തിലായിരുന്നു തനിക്കെതിരായ ഗൂഢാലോചനയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Tags : Businessman Fraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash