മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവിനു നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നു.
രോഗികളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയാറാക്കുന്നതിനായി നാലംഗ സമിതി രൂപവത്കരിക്കുമെന്നു മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെഎംഎസ്സിഎൽ മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും.
സ്വകാര്യ ആശുപത്രിമേഖലയുമായും മറ്റു ബന്ധപ്പെട്ട വിഭാഗങ്ങളുമായും കൂടിയാലോചിച്ചു ചികിത്സാച്ചെലവു കുറയ്ക്കുന്നതിനും ചികിത്സയുടെ ഗുണനിലവാരം സുതാര്യത, രോഗികളുടെ സുരക്ഷ, സേവനങ്ങളുടെ ലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള ശിപാർശകൾ സമർപ്പിക്കാനാണ് കമ്മിറ്റിക്കു നിർദേശം നൽകിയിട്ടുള്ളത്.
രോഗികൾക്കു ചികിത്സ ആരംഭിക്കുന്നതിനു മുന്പു പ്രതീക്ഷിക്കാവുന്ന ചെലവു വ്യക്തമാക്കുക, ബില്ലിൽ ഓരോ ഇനത്തിന്റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തുക, മരുന്നുകളുടെ വിലയിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ആശുപത്രികളിൽ ഉറപ്പാക്കേണ്ടതുണ്ട്.
കൂടാതെ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്കു നൽകുന്ന മരുന്നുകൾ എംആർപിയെക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണം. ആശുപത്രികൾ മരുന്നുകൾ വാങ്ങുന്ന വിലയും രോഗികളിൽ നിന്ന് ഈടാക്കുന്ന വിലയും സംബന്ധിച്ച സുതാര്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനവും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Tags : Government PrivateHospitals TreatmentCosts Legislation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash