പ്രതീകാത്മക ചിത്രം
ബെയ്ജിംഗ്: രാജ്യത്തെ മുൻനിര നിർമിത ബുദ്ധി(എഐ), സെമികണ്ടക്ടർ മേഖലകളിലെ വിദഗ്ധരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിദേശയാത്രകൾക്കു കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ചൈനീസ് ഭരണകൂടം.
നിർണായക സാങ്കേതികവിജ്ഞാനവും വിവരങ്ങളും അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കു ചോരുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
സ്വകാര്യ മേഖലയിലെ പ്രമുഖ എഐ സ്റ്റാർട്ടപ്പ് സ്ഥാപകർ, ഗവേഷകർ, തന്ത്രപ്രധാന സാങ്കേതിക സ്ഥാപനങ്ങളുടെ തലവന്മാർ എന്നിവരുടെ കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും വിദേശയാത്രകൾക്ക് ഇനി സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ചെറിയ വിദേശയാത്രകൾക്കുപോലും സർക്കാരിൽനിന്ന് അനുമതിപത്രം വാങ്ങണമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചുതുടങ്ങിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
അലിബാബ ഗ്രൂപ്പ് , ഡീപ്സീക്ക് തുടങ്ങിയ പ്രമുഖ ചൈനീസ് ടെക് കമ്പനികളിലെ ജീവനക്കാർക്ക് ഈ വർഷം തുടക്കത്തിൽത്തന്നെ ഭരണകൂടം യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സെപ്റ്റംബർ 15നു പ്രാബല്യത്തിൽവന്ന പുതിയ സുരക്ഷാനിയമങ്ങളുടെ ഭാഗമായി നിയന്ത്രണം കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിച്ചത്.
ദേശീയ സുരക്ഷയ്ക്കും വ്യാവസായിക മുന്നേറ്റത്തിനും നിർണായകമായ സാങ്കേതികവിദ്യാ മേഖലകളിൽ പ്രവർത്തിക്കുന്ന കൂടുതൽ വ്യക്തികളെയും സ്ഥാപനങ്ങളെയും വരും ദിവസങ്ങളിൽ ഈ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താനാണു ചൈനീസ് സർക്കാരിന്റെ തീരുമാനം.
Tags : China Imposes Travel Ban AILeaders Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash