പ്രതീകാത്മക ചിത്രം
ടെഹ്റാൻ: വെടിനിർത്തലിനായി മുന്നോട്ടുവച്ച പുതിയ നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം ലഭിച്ചതായി ഇറാൻ.
ഏഴു ദിവസത്തിനുള്ളിൽ പശ്ചിമേഷ്യയിലെ യുദ്ധം മുഴുവനായി അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമുള്ള വ്യവസ്ഥകളാണു ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ഖത്തർ വഴി ഇറാൻ അമേരിക്കു കൈമാറിയത്.
നിർദേശങ്ങൾ തള്ളുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയിൽനിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് ഇറാൻ അറിയിച്ചത്. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം അവസാനിക്കൂവെന്നും ഇറാൻ വ്യക്തമാക്കി.
യുദ്ധം എട്ടാം മാസത്തിലേക്കു കടക്കവേ ന്യൂയോർക്കിലുണ്ടായ സമാധാന ശ്രമങ്ങൾ പ്രതീക്ഷ പകരുന്നതായിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ പല കാര്യങ്ങളിലും ഇരുവിഭാഗവും ഏകാഭിപ്രായത്തിൽ എത്തിയതായും സൂചനയുണ്ടായിരുന്നു.
ഗൾഫിൽനിന്ന് ആഗോളവിപണിയിലേക്ക് എണ്ണയെത്തുന്ന ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാൻ ആവശ്യപ്പെടുന്നതാണു പ്രശ്നപരിഹാരത്തിനുള്ള പ്രധാന തടസം. ഇത് അനുവദിക്കാനാവില്ലെന്നാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
Tags : US Iran Conveyed Response CeasefireProposal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash