ഫ്ലൈ ദുബായ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തുന്നു.
ദുബായ്: ദുബായിൽനിന്നു ടെൽ അവീവിലേക്ക് 174 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ഒമാനി സഹപൈലറ്റ് ശ്രമിച്ച സംഭവത്തിൽ അന്താരാഷ്ട്രതലത്തിൽ സംയുക്ത അന്വേഷണം ഊർജിതമാക്കി.
ഭീകരാക്രമണസാധ്യതയും പ്രതിയുടെ മാനസികാരോഗ്യ പ്രശ്നങ്ങളുമടക്കം എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് പ്രമുഖ സുരക്ഷാ ഏജൻസികൾ അറിയിച്ചു.
സൗദി അറേബ്യയുടെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യാൻ ഇസ്രയേൽ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളിലെ അന്വേഷണസംഘങ്ങൾ തബൂക്കിലെത്തിയിട്ടുണ്ട്. പ്രതിയെ ദുബായ് അധികൃതർക്കു കൈമാറുമെന്നാണ് റിപ്പോർട്ട്.
ഇസ്രയേലും ഒമാനും തമ്മിൽ നയതന്ത്രബന്ധമില്ലാത്ത സാഹചര്യത്തിൽ, ടെൽ അവീവിലേക്കുള്ള വിമാനത്തിൽ ഒമാനി പൈലറ്റിന് എങ്ങനെ അനുമതി ലഭിച്ചു എന്നതിനെക്കുറിച്ച് യുഎഇയും വിമാനക്കമ്പനിയും വ്യോമയാന സുരക്ഷാ ചട്ടങ്ങൾ മുൻനിർത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയായ ഒമാനി സഹപൈലറ്റിനു പിന്നിൽ ഇസ്ലാമിക തീവ്രവാദ പ്രചോദനമുണ്ടായിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
പ്രതിയുടെ വ്യക്തിഗത വിവരങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അക്രമിക്ക് ഇറാനുമായോ മറ്റ് ഭീകരസംഘടനകളുമായോ നേരിട്ടു ബന്ധമുണ്ടോയെന്നു വ്യക്തമാകാൻ ദിവസങ്ങൾ വേണ്ടിവരും.
യാത്രക്കാർ കീഴടക്കിയപ്പോൾ “എന്നെ കൊല്ലൂ” എന്ന് അലറിവിളിച്ച അക്രമി സ്വയം ജീവനൊടുക്കാൻ ആഗ്രഹിച്ചിരുന്നതായും നെതന്യാഹു വെളിപ്പെടുത്തി. ഒമാനിൽ ജനിച്ച പ്രതി ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒമ്പത് മാസമേ ആയിട്ടുള്ളൂ.
സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ സുഖംപ്രാപിച്ചുവരുന്നതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ അറിയിച്ചു.
തബൂക്കിലെ സൈനിക ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം അദ്ദേഹത്തെ പ്രത്യേക വിമാനത്തിൽ അബുദാബിയിലേക്ക് മാറ്റിയിട്ടുണ്ട്.
എംബസി അധികൃതർ ആശുപത്രിയിലെത്തി അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള സർവീസുകൾ ഫ്ലൈ ദുബായ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Tags : Flydubai FlightAttack InternationalAgencies IntensifyProbe Terrorist Motives Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash