മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഉപതെരഞ്ഞെടുപ്പു പ്രചാരണാർഥം ട്രാക്ടർ ഓടിക്കുന്നു.
മധുരാന്തകം: ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരാണർഥം വേറിട്ട ശൈലിയിൽ വോട്ടർമാരെ കണ്ട് ടിവികെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി.ജോസഫ് വിജയ്.
ഔദ്യോഗിക പരിപാടികളിൽ വാഹനം ഓടിക്കുന്നതിനോടു താത്പര്യമുള്ള വിജയ്, വെള്ളിയാഴ്ച മധുരാന്തകത്തിൽ ട്രാക്ടറാണ് ഓടിച്ചത്.
മധുരാന്തകത്തിന് സമീപമുള്ള ഗ്രാമത്തിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്പോഴാണ് വയലിൽ ഒരു കർഷകൻ ട്രാക്ടർ ഓടിക്കുന്നത് വിജയ്യുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങിയ വിജയ്, കർഷകനടുത്തെത്തി സംസാരിച്ചു. തുടർന്ന് ട്രാക്ടറിന്റെ നിയന്ത്രണം മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു.
പാടത്തിലൂടെ ഏതാനും മിനിറ്റുകൾ വിജയ് ട്രാക്ടർ ഓടിച്ചു. പിന്നീട് പ്രധാന റോഡിലേക്കു ട്രാക്ടർ കയറ്റിയ മുഖ്യമന്ത്രിയെ കാത്തുനിന്ന ജനക്കൂട്ടം ആവേശത്തോടെയാണു സ്വീകരിച്ചത്.
മധുരാന്തകം നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന ടിവികെ സ്ഥാനാർഥി മരഗതം കുമാരവേലിനു വോട്ട് അഭ്യർഥിച്ചുകൊണ്ട് വിവിധയിടങ്ങളിൽ വിജയ് റോഡ് ഷോ നടത്തി. വീടുകൾ സന്ദർശിച്ച് സ്ത്രീവോട്ടർമാരുമായി ആശയവിനിമയം നടത്തിയും വിജയ് പ്രചാരണരംഗം സജീവമാക്കി.
Tags : JosephVijay ElectionCampaign DrivingTractor AlongsideFarmers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash