പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മദ്യനയത്തിന്റെ കരട് യുഡിഎഫിൽ ചർച്ച ചെയ്യും. മദ്യനയത്തിന്റെ കരടു തയാറാക്കുന്നതിനു മുന്നോടിയായി എക്സൈസ് മന്ത്രി എം.ലിജുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
എക്സൈസ് വകുപ്പ് തയാറാക്കുന്ന കരട് നയം യുഡിഎഫിൽ ചർച്ച ചെയ്യും. ഇതിനു ശേഷമാകും മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കുക. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ യുഡിഎഫിൽ ചർച്ചകൾ നടക്കുന്നില്ലെന്നു മുന്നണി കണ്വീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പരസ്യവിമർശനം നടത്തിയിരുന്നു.
യുഡിഎഫ് ഉപസമിതി രൂപീകരിച്ചു ചർച്ച നടത്തിയ ശേഷമാകും കരടു തയാറാക്കുക എന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം നടന്നില്ല. എക്സൈസ് മന്ത്രിയാണ് എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം കേട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന കരട് യുഡിഎഫിൽ ചർച്ച ചെയ്ത് ഇവിടെനിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും അന്തിമ മദ്യനയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്.
മന്ത്രിമാർ അടക്കമുള്ള ചില മുതിർന്ന നേതാക്കളുടെ അഭിപ്രായവും ഇനി എക്സൈസ് മന്ത്രി കേൾക്കും. ബാറുകളുടെ പ്രവർത്തനസമയമാണ് ഇത്തവണത്തെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ പിണറായി സർക്കാർ ബാറുകളുടെ സമയപരിധി അർധരാത്രി 12 വരെയാക്കിയിരുന്നു.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ബാറുകളുടെ പ്രവർത്തന സമയം രാത്രി 10 വരെയാക്കി കുറയ്ക്കണമെന്ന ആവശ്യം സാമൂഹിക- സാംസ്കാരിക സംഘടനകളും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും സർക്കാരിനെ അറിയിച്ചിരുന്നു. കൂടുതൽ മദ്യവിൽപനശാലകൾ അനുവദിക്കരുതെന്ന ആവശ്യവും അവർ മുന്നോട്ടു വച്ചു. ബാറുകളിലെ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും പ്രവർത്തന സമയം കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു.
എന്നാൽ, ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കരുതെന്ന ആവശ്യമാണ് ബാറുടമകൾ മന്ത്രിയോടു ശിപാർശ ചെയ്തത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളുടെ പ്രവർത്തനസമയം പുലർച്ചെ മൂന്നു മണിവരെയാണ്. ഇതിലും മാറ്റം വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിലും കരടിൽ തീരുമാനമുണ്ടാകും.
മെട്രോ നഗരങ്ങളിൽ ടൂറിസം മേഖലയിലെ മദ്യശാലകൾക്കു സമയക്രമത്തിലെ ഇളവു വേണമെന്ന ആവശ്യവും സർക്കാരിന്റെ മുന്നിലുണ്ട്. നിയമവശവും പരിഗണിക്കും. മദ്യശാലാ ലൈസൻസിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി പത്രം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമുയർന്നിരുന്നു. എന്നാൽ, ഇതു തിരികെ കൊണ്ടുവരരുതെന്ന ആവശ്യമാണ് ബാറുടമകൾ മന്ത്രിക്കു മുന്നിൽ വച്ചത്.
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശം കൊണ്ടുവരും. ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതും സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.
Tags : NewLiquorPolicy UDF ExciseDepartment MinisterMLiju Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash