സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വ
കൊച്ചി: ലൈഫില്‍നിന്നു മാറ്റി പട്ടികവിഭാഗങ്ങള്‍ക്കായി പ്രത്യേക ഭവനപദ്ധതിയും ഭൂമിയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ഗാന്ധിജയന്തി ദിനത്തില്‍ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘പുതുയുഗ വഴിയില്‍ നാം ഉയരുന്നു നാടുണരുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ പക്ഷാചരണം നടക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമം ഇനിമേല്‍ ഒരു വഴിപാട് പോലെയായിരിക്കില്ല. അവരുടെ യഥാര്‍ഥ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു കൃത്യമായി നടപ്പിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ലൈഫ് പദ്ധതിവഴി പട്ടികവിഭാഗങ്ങള്‍ക്ക് വീടുകള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഇവര്‍ക്കായി പ്രത്യേക ഭവനനിര്‍മാണ പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കും. അര്‍ഹരായ എല്ലാ ഭവനരഹിതര്‍ക്കും തുക വര്ധിപ്പിച്ചുനല്കി വീട് ഉറപ്പാക്കും. ഭൂരഹിതരായ മുഴുവന്‍ പട്ടികവിഭാഗക്കാര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനായി വരുന്ന നിയമസഭാസമ്മേളനത്തില്‍ ആവശ്യമായ നിയമനിര്‍മാണവും നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സംസ്ഥാന ബജറ്റില്‍ തുക ചുരുക്കേണ്ടിവന്നപ്പോഴും പട്ടികവിഭാഗങ്ങളുടെ വികസന ഫണ്ടില്‍ 500 കോടി രൂപ അധികമായി അനുവദിച്ചാണു പദ്ധതികള്‍ നടപ്പിലാക്കുന്നത്. വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റും സ്കോളര്‍ഷിപ്പുകളും ഒരു കാരണവശാലും മുടങ്ങരുതെന്ന് ധനവകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യവികസന പദ്ധതിയിൽ ജോലി ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ഹൈബി ഈഡന് എംപി ഓഫര്‍ ലെറ്ററുകള്‍ വിതരണം ചെയ്തു. കെഎസ്ബിസിഡിയുടെ സിഡിഎസ് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഒബിസി വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം എന്നിവയും നടന്നു.
മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, ഡെപ്യൂട്ടി മേയര്‍ വി.ആര്. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : ScheduledCastes ScheduledTribes LIFEMission VDSatheesan SpecialHousingScheme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash