മാര്‍ തോമസ് ആനിമൂട്ടിലിന് മുഖ്യ കാര്മികന് മാര്‍ മാത്യു മൂലക്കാട്ട് അംശവടി നല്കുന്നു.
കോട്ടയം: ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാര്‍ഥനകളും സ്തുതിപ്പുകളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി മാർ തോമസ് ആനിമൂട്ടിൽ അഭിഷിക്തനായി.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തീഡ്രലില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കെസിബിസി പ്രസിഡന്റും കോഴിക്കോട് ആര്‍ച്ച്ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേശം നല്കി. മെത്രാഭിഷേക ചടങ്ങിനോടനുബന്ധിച്ച് സിബിസിഐ വൈസ് പ്രസിഡന്റും തിരുവല്ല ആര്‍ച്ച്ബിഷപ്പുമായ തോമസ് മാര്‍ കൂറിലോസ് അനുമോദന സന്ദേശം നല്കി.
ഇന്ത്യയുടെ അപ്പസ്തോലിക് നുൺഷ്യോ പ്രതിനിധി ഫാ. നിക്കോളാസ് ഗ്രാഫ് വോണ്‍ മാഗ്നിസ് ആശംസകളര്‍പ്പിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ച് അന്‍പതോളം ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായി. കൊയിന രൂപതയുടെ സ്ഥാനിക മെത്രാൻകൂടിയായിരിക്കും മാര്‍ തോമസ് ആനിമൂട്ടില്‍.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ആർച്ച്ബിഷപ്സ് ഹൗസില്‍നിന്നു നിയുക്ത ബിഷപ്പിനും കാര്മികര്ക്കുമൊപ്പം പ്രദക്ഷിണമായിട്ടാണ് ബിഷപ്പുമാരും വൈദികരും കത്തീഡ്രലിലേക്ക് എത്തിയത്. ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതമാശംസിച്ചു. ചാന്‍സലര്‍ ഫാ. ഡോ. തോമസ് ആദോപ്പിള്ളില്‍ നിയമനപത്രം (ബൂള) വായിച്ചു. തുടര്‍ന്ന് രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണങ്ങിയ അഭിഷിക്തന് വിശ്വാസപ്രഖ്യാപനം നടത്തുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
മുഖ്യകാര്മികന് മാര്‍ മാത്യു മൂലക്കാട്ട് മോൺ. ആനിമൂട്ടിലിന്റെ ശിരസില്‍ കൈവയ്പ് പ്രാർത്ഥന ചൊല്ലുകയും കുരിശടയാളം വരയ്ക്കുകയും മുടി ധരിപ്പിക്കുകയും അംശവടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രധാനകാര്മികരും സഹകാര്‍മികരും ബിഷപ്പുമാരും നവാഭിഷിക്തന് ആശംസകള്‍ നേർന്നു. തുടര്‍ന്ന് മാര്‍ തോമസ് ആനിമൂട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ജനപ്രതിനിധികള്‍, രാഷ്ട്രീയ -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, സന്യസ്തര്‍, അതിരൂപതയിലെ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍, മാര്‍ തോമസ് ആനിമൂട്ടിലിന്റെ കുടുംബാംഗങ്ങള്‍ എന്നിവരുള്‍പ്പടെ നിരവധിപേർ ചടങ്ങുകളിൽ പങ്കാളികളായി.

കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ മെത്രാനു സാധിക്കണം: ആർച്ച്ബിഷപ് ഡോ. ചക്കാലയ്ക്കൽ
കോട്ടയം: സ്നേഹത്തിന്റെ സംസ്കാരവും നാഗരികതയും വളര്‍ത്തി ക്ഷമയുടെ സന്ദേശവാഹകനാകാന്‍ ബിഷപ് തോമസ് ആനിമൂട്ടിലിനു സാധിക്കട്ടേയെന്ന് കെസിബിസി പ്രസിഡന്റും കോഴിക്കോട് ആര്‍ച്ച്ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി മാർ തോമസ് ആനിമൂട്ടിൽ അഭിഷിക്തനാകുന്ന ചടങ്ങിൽ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ് ചക്കാലയ്ക്കല്‍. പ്രാര്‍ഥന, ലാളിത്യം, ദാരിദ്ര്യം, സ്നേഹം, ക്ഷമ എന്നീ അഞ്ച് ദൈവിക സൗന്ദര്യങ്ങളാണ് ഒരു ബിഷപ്പിൽ വിളങ്ങിനില്ക്കേണ്ടത്. ഈ അഞ്ചു സൗന്ദര്യങ്ങള്‍ ലോകത്തെ രക്ഷിക്കാനുള്ളതുമാണ്.
കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാകണമെന്നതാണ് ഒരു മേല്പ്പട്ടക്കാരന്റെ പ്രധാന ദൗത്യം.
അക്രമങ്ങളും അരക്ഷിതാവസ്ഥയും കലാപങ്ങളും വിദ്വേഷങ്ങളും പടരുമ്പോള്‍ മനുഷ്യനെ കൊല്ലാന്‍ ബോംബുകള്‍ അക്രമകാരികള്‍ പ്രയോഗിക്കുമ്പോള്‍ സ്നേഹത്തിന്റെ ലവ് ബോംബുകള്‍ പൊട്ടിക്കാനും സ്നേഹ വിപ്ലവത്തിലൂടെ എല്ലാവരെയും ഒന്നിപ്പിക്കുന്ന സംസ്കാരവും ചിന്തയും ഉണ്ടാക്കാനും കഴിയണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിലേക്ക് അജഗണങ്ങളെ നയിക്കുക ഇടയന്റെ ദൗത്യം:തോമസ് മാർ കൂറിലോസ്
കോട്ടയം: ദൈവസ്നേഹത്തിന്റെ വക്താവായി നിലനിന്നു സഭാസമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ മാര്‍ ആനിമൂട്ടിലിനു കഴിയട്ടേയെന്ന് സിബിസിഐ വൈസ്പ്രസിഡന്റും തിരുവല്ല ആര്‍ച്ച്ബിഷപ്പുമായ തോമസ് മാർ കുറിലോസ്.
മെത്രാഭിഷേക ചടങ്ങില്‍ അനുമോദന പ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ് . ദൈവരാജ്യം പ്രഘോഷിച്ച് ക്രിസ്തുവിലേക്ക് തന്റെ അജഗണങ്ങളെ നയിക്കുമ്പോഴാണ് മേല്പ്പട്ടക്കാരന്റെ ശുശ്രൂഷ പൂര്‍ണമാകുന്നതെന്നും മാര്‍ കൂറിലോസ് പറഞ്ഞു.
Tags : MarThomasAnimootil Consecrated KottaymArchDiocese Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash