കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ
ന്യൂഡൽഹി: വോട്ടർപട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിനു (എസ്ഐആർ) പിന്നാലെ രാജ്യത്തുടനീളം 13 കോടിയോളം പേർ പുറത്തായതിൽ വ്യാപക പ്രതിഷേധമുയർന്നതോടെ തിരുത്തൽ നടപടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ.
ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക പരിശോധനായജ്ഞം നടത്താൻ കമ്മിഷൻ നിർദേശം നൽകി.
എസ്ഐആർ നടപടികൾ പൂർത്തിയായ കേരളമുൾപ്പടെയുള്ള 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് ഈ നിർദേശം ലഭിച്ചത്.
സെപ്റ്റംബർ 29ന് പുറപ്പെടുവിച്ച ഉത്തരവിനു പുറമെ, വ്യാഴാഴ്ച ഇലക്ടറൽ ഓഫിസർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശങ്ങൾ നൽകി. ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
വിവാദ കോളം ഒഴിവാക്കി പഴയ ഫോം 6
അപേക്ഷകനോ മാതാപിതാക്കളോ കഴിഞ്ഞ എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു ചോദിക്കുന്ന വിവാദ ചോദ്യം ഒഴിവാക്കി, സാധാരണ ഫോം-6 ഉപയോഗിച്ചായിരിക്കും അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കുക.
വീടുതോറുമുള്ള പരിശോധന
പട്ടികയിൽനിന്ന് വിട്ടുപോയവരെ കണ്ടെത്തുന്നതിനായി വീടുകൾ സന്ദർശിച്ചു വിവരങ്ങളും രേഖകളും ശേഖരിക്കും. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ സഹകരണവും ഉറപ്പാക്കും.
ഒഴിവാക്കപ്പെട്ടവരുടെ പ്രത്യേക പട്ടിക
എസ്ഐആറിനു മുമ്പും ശേഷവുമുള്ള പട്ടികകൾ താരതമ്യം ചെയ്ത് പുറത്തായവരുടെ പ്രത്യേക പട്ടിക തയാറാക്കുകയും അതിൽനിന്ന് അർഹരായവരെ വീണ്ടും വോട്ടർപട്ടികയിലേക്ക് ചേർക്കുകയും ചെയ്യും.
യുവ വോട്ടർമാർക്ക് അവസരം
പരിഷ്കരണ നടപടികൾ കാരണം പേര് ചേർക്കാൻ കഴിയാതെ പോയ യോഗ്യരായ പുതിയ യുവ വോട്ടർമാർക്ക് ഇതിലൂടെ അവസരം ലഭിക്കും.
നിലവിൽ എസ്ഐആർ നടപടികൾ പുരോഗമിക്കുന്ന മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർമാരെ തിടുക്കപ്പെട്ട് ഒഴിവാക്കരുതെന്നും കമ്മിഷൻ നിർദേശിച്ചു.
മതിയായ സമയവും പരിശോധനകൾക്കുള്ള അവസരവും നൽകിയശേഷമേ അന്തിമതീരുമാനമെടുക്കാവൂ എന്ന് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
Tags : VoterList voters ElectionCommission reinstated SIR Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash