സർക്കാരിന്റെ ആദ്യ നൂറുദിന കർമപരിപാടിയുടെ ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കുന്നു.
മലപ്പുറം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ (എംജിഎൽസി) സർക്കാരിന്റെ ആദ്യ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂളുകളായി ഉയർത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശേരി മേൽമുറി ബദൽ സ്കൂളിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു.
പിന്നാക്ക-മലയോര-ആദിവാസി മേഖലകളിലുള്ള മലപ്പുറം ജില്ലയിലെ അരിമംഗലം, താനൂർ കാളംതുരുത്തി, വണ്ടൂർ അരിമണൽ, മഞ്ചേരി തരികുളം എന്നിങ്ങനെ അഞ്ചു ബദൽ സ്കൂളുകളും കാസർഗോഡ് ജില്ലയിലെ ആലൂർ, ഇടുക്കി കുറത്തികുടി, കണ്ണൂർ കാലാങ്കി ഉൾപ്പടെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെയാണ് എൽപി സ്കൂളുകളാക്കി ഉയർത്തിയത്.
ഈ വിദ്യാലയങ്ങളിലെല്ലാം ക്ലാസ്മുറികളും പ്രധാനാധ്യാപകന്റെ മുറിയും ആവശ്യമായ അധ്യാപക തസ്തികകളും ഉടൻ ഉറപ്പാക്കുമെന്നും മലപ്പുറം മേൽമുറി സ്കൂളിലേക്ക് പ്രിയങ്കഗാന്ധി എംപിയുടെ ഫണ്ടിൽനിന്ന് വാഹനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ നവീകരണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ കായിക അധ്യാപകരുടെ തസ്തികയ്ക്ക് നിലവിലുണ്ടായിരുന്ന 500 വിദ്യാർഥികൾ എന്ന മാനദണ്ഡം 300 ആയി കുറച്ചതായും കൂടുതൽ സമഗ്രമായ മാറ്റങ്ങൾക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ആയിഷ, കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. മഹ്മൂദ്, സ്ഥിരംസമിതി അധ്യക്ഷൻ ലത്തീഫ് മുതീരി, കുഴിമണ്ണ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബാലത്തിൽ ബാപ്പു, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈജു കാവുംതൊടി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സലാവുദ്ദീൻ പുല്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags : SingleTeacherSchools HistoryBooks MinisterNShamsudeen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash