കണ്ണൂർ മഖ്ന 1
സുൽത്താൻ ബത്തേരി: മയക്കുവെടിവച്ച് പിടികൂടിയ കെഎം1 (കണ്ണൂർ മഖ്ന 1) കാട്ടാനയെ വിദഗ്ധ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി വയനാട് മുത്തങ്ങ ആനക്ക്യാന്പിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ ആറളത്ത് പിടികൂടിയ ആനയെ ഇന്നലെ പുലർച്ചെ 4.30ഓടെയാണു മുത്തങ്ങയിലെത്തിച്ചത്.
മുത്തങ്ങയിലെത്തിച്ച ഉടൻ വിദഗ്ധ വെറ്ററിനറി സംഘത്തിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധനയും ആവശ്യമായ ചികിത്സയും മരുന്നുകളും നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയശേഷം രാവിലെ ആറരയോടെ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്കു മാറ്റി. ആറളത്ത് മയക്കുവെടിവച്ച സമയത്ത് നടത്തിയ പരിശോധനയിലാണ് ആനയുടെ ഇടത് കണ്ണിനു കാഴ്ചക്കുറവുള്ളതായി കണ്ടെത്തിയത്.
തുന്പിക്കൈയിലും വലത് മുൻകാലിലും മുറിവുകളുമുണ്ട്. മുറിവുകൾക്കു വിദഗ്ധ ചികിത്സ ഉൾപ്പടെയുള്ള തുടർപരിചരണം നൽകും. റേഡിയോ കോളർ ഘടിപ്പിച്ചശേഷമാണ് ആനയെ മുത്തങ്ങയിലേക്കു മാറ്റിയത്.
ഓപറേഷൻ കെഎം 1 ന്റെ രണ്ടാം ദിവസമാണ് ആനയെ പൂർണമായി നിയന്ത്രണത്തിലാക്കിയത്. ഓടച്ചാൽ, ബ്ലോക്ക് 13 മേഖലകളിൽ നടത്തിയ തെരച്ചിലിനൊടുവിൽ പരിപ്പത്തോട് ജലനിധി പദ്ധതിക്കു സമീപമാണ് ആനയെ കണ്ടെത്തിയത്. ബത്തേരി ആർആർടി വെറ്ററിനറി സംഘത്തിലെ കോട്ടയം എഎഫ്വിഒ ഡോ. പി. ഗോകുൽ, ഡോ. വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 11.30ഓടെയാണു മയക്കുവെടിവച്ചത്.
മയക്കുവെടിയേറ്റ ആനയെ പരിപ്പത്തോട് ക്വാർട്ടേഴ്സിനു സമീപം 13-ാം ബ്ലോക്കിൽ തോടിനോടു ചേർന്ന ഭാഗത്തുനിന്നു മൂന്നു കുംകിയാനകളുടെ സഹായത്തോടെ സുരക്ഷിതമായി ലോറിയിൽ കയറ്റുകയായിരുന്നു.
കണ്ണൂർ നോർത്തേണ്‍ സർക്കിൾ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ. അഞ്ജൻകുമാർ, കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ കെ. സജി, ആറളം വൈൽഡ്ലൈഫ് വാർഡൻ വി. രതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
വിവിധ റേഞ്ചുകളിലെ വനംവകുപ്പ് ജീവനക്കാർ, വാച്ചർമാർ, നോർത്ത് വയനാട് ബത്തേരി ആർആർടി, വെറ്ററിനറി സംഘം, കുംകിയാന സംഘം എന്നിവരുൾപ്പടെ ഇരുനൂറോളം പേർ ദൗത്യത്തിൽ പങ്കെടുത്തു. നിലവിൽ മുത്തങ്ങയിൽ വെറ്ററിനറി സംഘത്തിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണത്തിലാണ് കെഎം 1.
Tags : Muthanga KannurMakhna1 Elephant Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash