Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ തകരപ്പാടിയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ അഞ്ചര കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കൊടുവള്ളി മീന്കുഴിപറമ്പില് മുഹമ്മദ് ഷെഫീഖാണ് (23) അറസ്റ്റിലായത്.
കര്‍ണാടക ആര്‍ടിസി ബസില്‍ ശനിയാഴ്ച രാവിലെ പരിശോധനയിലാണ് യാത്രക്കാരനായ മുഹമ്മദ് ഷെഫീഖിന്റെ ബാഗില്‍ കഞ്ചാവ് കണ്ടെത്തിയത്.എസ്ഐ പി. ജയപ്രകാശ്,എഎസ്ഐ ജയകുമാര്‍, സിപിഒമാരായ മാര്‍ഷല്‍, സംഗീത എന്നിവരും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
പരിശോധനാവിവരം കൈമാറാന്‍ ബൈക്കിലെത്തിയ ഒരാള്‍ പോലീസിനെ കണ്ട് രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിന് നീക്കം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചിറമൂലയില് ഭീതിപരത്തിയ കടുവയെ വനംവകുപ്പ് കൂട്ടിലാക്കി. ഉന്നതിക്ക് സമീപം വനാതിര്‍ത്തിയില്‍ മാങ്ങാമൂല വയലില്‍ സ്ഥാപിച്ച കൂട്ടിലാണ് 12 വയസുള്ള പെണ്‍കടുവ കുടുങ്ങിയത്.
രാവിലെ 11.45 ഓടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. പിന്കാലിനുപരിക്കുള്ള കടുവയുടെ മൂന്ന് പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കടുവയെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കുപ്പാടി ആനിമല്‍ ഹോസ്പേസ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ചിറമൂല, കോളൂര് ഉന്നതികളിലായി ഒൻപത് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. ചിറമൂല ഉന്നതിയിലെ നിരവധി ആടുകളെ കടുവ പിടിച്ചിരുന്നു. ആടുകളെ കടുവ കൊല്ലുന്നത് തുടര്‍സംഭവമായതോടെ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ച് നീരീക്ഷണം നടത്തിവരുകയായിരുന്നു.
പകല്‍ സമയങ്ങളിലടക്കം കടുവയെ കണ്ടതോടെ നാട്ടുകാര്‍ വീടിനുപുറത്തിറങ്ങാന്പോലും ഭയന്നിരുന്നു. ഉന്നതിക്ക് സമീപത്തായാണ് മുത്തങ്ങ ഗവ.എല്‍പി സ്കൂള്‍. അതിനാല്‍ രക്ഷിതാക്കളും ഭീതിയിലായായിരുന്നു. ഇതിനെ തുടര്‍ന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് കഴിഞ്ഞദിവസം വനംവകുപ്പ് കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്.
Kerala
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വാഹനപരിശോധനയ്ക്കിടെ രണ്ടു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ പി.ടി. ഇസ്മായിൽ (40) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് കഴിഞ്ഞദിവസം വൈകുന്നേരം മുത്തങ്ങ തകരപ്പാടി ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. കർണാടകയിൽനിന്ന് വന്ന കെഎ 51 എംയു 5173 നന്പർ കാറിലാണ് പണം കടത്താൻ ശ്രമിച്ചത്.
കാറിന്റെ ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക് ലൈറ്റിനോടു ചേർന്ന് അനധികൃതമായി നിർമിച്ച രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ 2.27 കോടി രൂപ പോലീസ് കണ്ടെത്തി.
പണവും വാഹനവും ബത്തേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ബത്തേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി. ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ്, പ്രദീപൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റില്‍ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍. മലപ്പുറം ഏറനാട് മുണ്ടങ്ങാടന്‍ എം. അനസ്(26) ആണ് പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
19.78 ഗ്രാം മെത്താംഫിറ്റാമിൻ പ്രതിയിൽ നിന്നും എക്സൈസ് കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു അനസ്. ഈ മാസം ജില്ലയിലൂടെ വ്യാവസായിക അളവില്‍ കടത്തുന്നതിനിടെ എക്സൈസ് പിടികൂടുന്ന മൂന്നാമത്തെ കേസാണിത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. സിറാജ്, പ്രിവന്റീവ് ഓഫീസര്‍ എം.എ. സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. മിഥുന്, എം. അര്ജുന് എന്നിവരടങ്ങുന്ന സംഘമാണ് ബസ് പരിശോധിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്തേക്ക് വൻതോതിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. മുത്തങ്ങ തകരപ്പാടിയിലെ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില്‍ വി. രമേശ് (47) ആണ് എക്സൈസിന്റെ പിടിയിലായത്. 4205.520 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് ഇയാൾ ലോറിയിൽ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് അറിയിച്ചു.
ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
Kerala
സുൽത്താൻ ബത്തേരി: വയനാട്ടിൽ 82.104 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കണ്ണൂർ മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശിയായ മുഹ്സിൻ മുസ്തഫ (25) ആണ് പിടിയിലായത്.
മുത്തങ്ങക്ക് അടുത്ത പൊൻകുഴിയിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനക്കിടെയാണ് മുഹ്സിൻ പിടിയിലായത്. ഹൈദരാബാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹ്സിൻ മുസ്തഫ. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് അതിർത്തികളിലെ പരിശോധന കർശനമാക്കിയിരുന്നു.