പ്രതീകാത്മക ചിത്രം - എഐ
കല്‍പ്പറ്റ: വയനാട്ടില്‍ റവന്യു പട്ടയ ഭൂമികളില്‍ 2020-21ല്‍ നടന്ന അനധികൃത ഈട്ടിമുറിക്കു സഹായകമായത് അക്കാലത്തെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലകിന്റെയും വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെയും ആസൂത്രിത നിലപാട്.
റവന്യു പട്ടയഭൂമികളിലെ റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ സ്ഥലം ഉടമകളെ അനുവദിച്ച് റവന്യു വകുപ്പ് 2020 മാര്‍ച്ച് 11ന് പരിപത്രം ഇറക്കിയിരുന്നു. ഇതിനെതിരേ ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി പരിപത്രം അതേവര്‍ഷം ജൂലൈ എട്ടിന് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു.
ഇതേത്തുടര്‍ന്ന് പരിപത്രത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നു ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഗസ്റ്റ് 13ന് ജില്ലാ കളക്ടമാര്‍ക്ക് കത്തിലൂടെ നിര്‍ദേശം നല്കി. എന്നാല്‍, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ലാന്‍ഡ് റവന്യു കമ്മിഷണറുടെ നിര്‍ദേശങ്ങളും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വയനാട് കളക്ടറും അവഗണിച്ചു. ഇതാണു ജില്ലയില്‍ ഈട്ടികള്‍ മുറിച്ചുതള്ളുന്നതിനു വഴിയൊരുക്കിയത്.
പരിപത്രത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കൈപ്പറ്റ വില്ലേജിലെ നത്തംകുനിയില്‍ സര്‍വേ നമ്പര്‍ 591/1ല്‍ വനിതയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലെ 500 വര്‍ഷത്തിലധികം പ്രായമുള്ള ഈട്ടി മുറിക്കാന്‍ അനുമതി തേടി 2020 ജൂലൈയില്‍ വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ ലഭിച്ചിരുന്നു. രാജകീയവൃക്ഷം മുറിക്കാന്‍ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസര്‍ അപേക്ഷ നിരസിച്ചു.
പിന്നീട് ഇതേ ആവശ്യവുമായി ജില്ലാ കളക്ടറെ സമീപിച്ച ഭൂവുടമ 2020 ഒക്ടോബര്‍ ഏഴിനു റവന്യു സെക്രട്ടറിക്ക് അപേക്ഷ കൊടുത്തു. ഇതു പരിശോധിച്ച റവന്യു സെക്രട്ടറി 2020 ഡിസംബര്‍ ഒമ്പതിന് ജില്ലാ കളക്ടര്‍ക്കു കത്ത് നല്കി. ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വിവരം അപേക്ഷകയെ അറിയിക്കാനായിരുന്നു കത്തില്‍ നിര്‍ദേശം. റവന്യു സെക്രട്ടറി ജില്ലാ കളക്ടര്‍ക്കു നല്കിയ കത്ത് റവന്യു പട്ടയഭൂമിയിലെ റിസര്‍വ് ചെയ്ത ഈട്ടി മുറിക്കാനുള്ള അനുമതിയായാണു സ്ഥലം ഉടമ കണ്ടത്.
പിന്നീട് പട്ടയം ഉടമയുടെ ഭര്‍ത്താവ് കളക്ടറെ കണ്ടപ്പോള്‍ മരം മുറിക്കുന്നതില്‍ എതിര്‍പ്പ് വ്യക്തമാക്കിയില്ല. 2020 ഡിസംബറിലാണു നത്തംകുനിയിലെ മരം മുറിച്ചത്. വൃക്ഷം വെട്ടുന്നതിനായി ശിഖരങ്ങള്‍ മുറിക്കുന്നതു ശ്രദ്ധയില്പ്പെട്ടപ്രദേശവാസി 2020 ഡിസംബര്‍ 31ന് സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കും തൃക്കൈപ്പറ്റ വില്ലേജ് ഓഫിസര്‍ക്കും നല്കിയ പരാതി പരിഗണിക്കപ്പെട്ടില്ല. പരിപത്രം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനു പിന്നാലെയാണ് 1964ലെ ഭൂമിപതിവ് ചട്ടങ്ങള്‍ അവഗണിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് ഉത്തരവിറക്കിയത്.
വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിക്കുന്നതിനു റവന്യു പട്ടയം ഉടമകളെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. ഇ\തു ദുര്‍വ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് വയനാട് ഉള്‍പ്പടെ എട്ടു ജില്ലകളില്‍ നടന്ന മരംമുറി തടയുന്നതിന് റവന്യു വകുപ്പിലെ ഉന്നതര്‍ ഇടപെട്ടിരുന്നില്ല. മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ മരംമുറി വിവാദമായ സാഹചര്യത്തില്‍ പരിപത്രവും ഉത്തരവും 2021 ഫെബ്രുരി രണ്ടിനാണു സര്‍ക്കാര്‍ റദ്ദാക്കിയത്.
വയനാട് നത്തംകുനിയില്‍ കാപ്പിത്തോട്ടത്തില്‍നിന്ന് ഈട്ടി മുറിക്കുന്നതു റവന്യു-വനം അധികൃതര്‍ സമയബന്ധിതമായി തടഞ്ഞിരുന്നുവെങ്കില്‍ മുട്ടില്‍ സൗത്ത് വില്ലേജിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജകീയ വൃക്ഷങ്ങള്‍ക്കു കോടാലി വീഴുമായിരുന്നില്ലെന്ന് വയനാട് മുന്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ജോസഫ് മാത്യു പറഞ്ഞു.
Tags : IllegalTreeFelling LandAssinged TitleDeeds HighRankingOfficials Evident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash