ന്യൂഡൽഹി: ഐസിഐസിഐ, എസ്ബിഐ എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഫോറിൻ കറൻസി നോണ്‍-റെസിഡന്റ് (Foreign Currency Non-Resident (Bank)- FCNR(B))നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ചു.
ബാങ്കുകൾക്കായി സെപ്റ്റംബർ 30 വരെ റിസർവ് ബാങ്ക് ’ഫോറിൻ കറൻസി സ്വാപ്പ് വിൻഡോ’ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രവാസി നിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള ഈ തീരുമാനം വന്നത്.
പുതിയ പരിഷ്കാരങ്ങൾ പ്രകാരം 3 മുതൽ 5 വർഷം വരെയുള്ള എഫ്സിഎൻആർ ബി ഡെപ്പോസിറ്റുകളുടെ ഹെഡ്ജിംഗ് ചെലവ് (വിനിമയ നിരക്കിലെ വ്യതിയാനം മൂലമുള്ള നഷ്ടസാധ്യത ഒഴിവാക്കാനുള്ള ചെലവ്) പൂർണമായും ആർബിഐ തന്നെ വഹിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ പ്രഖ്യാപനം നിക്ഷേപകർക്ക് ഉയർന്ന പലിശനിരക്ക് നൽകാൻ ബാങ്കുകൾക്ക് വഴിതുറക്കുകയായിരുന്നു.
പ്രവാസി ഇന്ത്യക്കാരിൽ നിന്നുള്ള വിദേശ നാണയ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. ഈ പുതിയ നിക്ഷേപ പദ്ധതിയിലൂടെ ഏകദേശം 60 മുതൽ 70 ബില്യണ്‍ യുഎസ് ഡോളർ വരെ വിദേശ മൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെത്തിയേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് പ്രവാസി നിക്ഷേപകർക്കായി പലിശ നിരക്കുകളിൽ ആകർഷകമായ വർധന വരുത്തിയത്.
Tags : Major banks FCNR deposit rates raise ICCI SBI