വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് ജയിലിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ, അവിഹിത ബന്ധങ്ങളുടെ പേരിൽ തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്.
എപ്സ്റ്റീൻ കേസിൽ അന്വേഷണം നടത്തുന്ന അമേരിക്കയിലെ ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്കു നല്കിയ മൊഴിയിലാണ് ഗേറ്റ്സ് ഇക്കാര്യം അറിയിച്ചത്.
2011ലാണ് എപ്സ്റ്റീനുമായി ബന്ധം ആരംഭിക്കുന്നത്. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അക്കാലത്തു ധാരണയില്ലായിരുന്നു. ജീവകാരുണ്യ ഫണ്ട് രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് പലവട്ടം എപ്സ്റ്റീനുമായി ചർച്ച നടത്തിയിരുന്നു. പദ്ധതി യാഥാർഥ്യമായില്ല.
2014ൽ ബന്ധം അവസാനിച്ചു. ബന്ധം പുനഃസ്ഥാപിക്കാനായി എപ്സ്റ്റീൻ ബ്ലാക് മെയിൽ ചെയ്തിരുന്നു. തന്റെ അവിഹിത ബന്ധങ്ങൾ പുറത്തുവിടുമെന്നു പറഞ്ഞായിരുന്നു ബ്ലാക് മെയിലിംഗ്.
എപ്സ്റ്റീനുമായുള്ള ബന്ധം ഗുരുതര പിഴവായിരുന്നെന്നും അതിൽ ഖേദിക്കുന്നുവെന്നും കമ്മിറ്റിയെ ബിൽ ഗേറ്റ്സ് അറിയിച്ചു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണം യുഎസ് നിയമവകുപ്പ് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നാണു കമ്മിറ്റി പരിശോധിക്കുന്നത്.
Tags : Epstein blackmailed Bill Gates infidelity