ആമസോൺ
വാഷിംഗ്ടൺ: ബിസിനസ് ട്രിപ്പിനിടെ മുതിർന്ന ഉദ്യോഗസ്ഥൻ പീഡിപ്പിച്ചുവെന്നും പരാതി നൽകിയപ്പോൾ സംഭവം പുറത്തുപറയാതിരിക്കാൻ ആമസോൺ നിർബന്ധിച്ചുവെന്നും ആരോപിച്ച് ജീവനക്കാരി കമ്പനിക്കെതിരെ കോടതിയെ സമീപിച്ചു. ആമസോൺ വെബ് സർവീസസിൽ മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് മാനേജരായ യുവതിയാണ് ആമസോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കമ്പനിയുടെ മാഡ്രിഡ് ഓഫീസിലെ പരസ്യ വിഭാഗം എക്സിക്യൂട്ടീവായ മൈക്കലാഞ്ചലോ സിമോണ്ടെയ്ക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2023 ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ന്യൂയോർക്കിലെത്തിയ യുവതിയും സിമോണ്ടെ ഉൾപ്പെടെയുള്ള സഹപ്രവർത്തകരും കമ്പനി സംഘടിപ്പിച്ച ചടങ്ങിലും തുടർന്ന് നടന്ന പാർട്ടിയിലും പങ്കെടുത്തിരുന്നു. ഇവിടെവച്ച് സിമോണ്ടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
സംഭവത്തിന് തൊട്ടുപിന്നാലെ യുവതി ആമസോൺ മാനേജ്മെന്റിന് പരാതി നൽകിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടത്താൻ കമ്പനി തയാറായില്ല. മാത്രമല്ല സംഭവത്തെക്കുറിച്ച് ഓഫീസിൽ ആരോടും സംസാരിക്കരുതെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥനുമായി തൊഴിൽപരമായ സഹകരണം തുടരണമെന്നും കമ്പനി തന്നോട് ആവശ്യപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു.
ജീവനക്കാരെ ഭീഷണിപ്പെടുത്തി ഇത്തരം മാനസിക-ലൈംഗിക അതിക്രമങ്ങൾ മറച്ചുവയ്ക്കുന്നതിന് എതിരെയുള്ള വാഷിംഗ്ടൺ സ്റ്റേറ്റിലെ 'സൈലൻസ്ഡ് നോ മോർ ആക്ട്' ആമസോൺ ലംഘിച്ചുവെന്നും കമ്പനി സുരക്ഷിതമല്ലാത്ത ജോലി സാഹചര്യം സൃഷ്ടിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിന് തൊട്ടുപിന്നാലെ പൊലിസ് കേസെടുക്കുകയും ഡിഎൻഎ സാമ്പിൾ അടങ്ങുന്ന തെളിവുകൾ കൈമാറുകയും ചെയ്തിരുന്നതായി യുവതിയുടെ അഭിഭാഷകൻ ജെയ് ഫ്രീ വ്യക്തമാക്കി. എന്നാൽ ആരോപണവിധേയനിൽ നിന്ന് ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിക്കാൻ അന്വേഷണ സംഘം മുതിർന്നില്ലെന്നും ആമസോൺ ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സീയാറ്റിൽ സ്റ്റേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
Tags : sexual assault Amazon Employee BusinessTrip